ബോളിവുഡ‍ിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച സുബീൻ ​ഗാർ​ഗ് എന്ന അസമീസ് ​ഗായകന്റെ വേർപാട് ആരാധകർ ഏറെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സിം​ഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയായിരുന്നു സുബീൻ ​ഗാർ​ഗിന്റെ മരണം. ശനിയാഴ്ച നടക്കാനിരുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹൃ​ദയാഘാതമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്തിയിരുന്നു. സ്കൂബാ ഡൈവിങ് ഹൃദയാഘാത സാധ്യത കൂട്ടുമോ എന്നതുസംബന്ധിച്ച ചർച്ചകളും ഇതോടെ ഉയർന്നിട്ടുണ്ട്. 

To advertise here,

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നതുപ്രകാരം നേരത്തെ ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ സ്കൂബാ ഡൈവിങ് ഹൃദയാഘാതസാധ്യത കൂട്ടും. ശാരീരിക അധ്വാനവും വെള്ളത്തിനടിയിലെ സമ്മർദം കൂടുന്നതുമാണ് ഇതിനുകാരണം. ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ളവരിൽ മറ്റേത് സാഹചര്യത്തേയുംപോലെ സ്കൂബാ ഡൈവിങ് സമയത്തും ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യതയുണ്ട്. 

രോ​ഗങ്ങളൊന്നുമില്ലെങ്കിൽപ്പോലും ഡൈവിങ്ങിനുള്ള ശാരീരികക്ഷമതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവയുള്ളവരും പുകവലിക്കുന്നവരുമൊക്കെ ശ്രദ്ധിക്കണം. സ്കൂബാ ഡൈവിങ്ങനിടെയുള്ള മരണങ്ങളിൽ മുപ്പത് ശതമാനവും ഹൃദ്രോ​ഗ സംബന്ധമാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഡൈവ് ചെയ്യുമ്പോൾ രക്തസമ്മർദവും ഹൃദയമിടിപ്പിന്റെ നിരക്കും കൂടുകയും രക്തത്തിലെ ഓക്സിജന്റെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുകയും ചെയ്യും. ​ഗുരുതരായ ഹൃദ്രോ​ഗ പ്രശ്നങ്ങൾ ഉള്ളവർ ഡൈവിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. പാൽപിറ്റേഷൻ, ശ്വാസതടസ്സത്തോടൊപ്പം നെഞ്ചുവേദനയും അനുഭവപ്പെടുന്നവർ, അനിയന്ത്രിതതമായ ഹൈപ്പർടെൻഷൻ ഉള്ളവർ, രക്തബന്ധത്തിൽ അകാലമരണങ്ങൾ ഉണ്ടായിട്ടുള്ളവർ തുടങ്ങിയവരും പ്രത്യേകം ശ്രദ്ധിക്കണം. 

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. 

പ്രാഥമിക പരിശോധനയില്‍നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗസൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാല്‍, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചെരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.