ബോഡിഷെയ്മിങ്ങിനേക്കുറിച്ചും ബോഡിപോസിറ്റിവിറ്റിയേക്കുറിച്ചുമൊക്കെ നിരന്തരം പങ്കുവെക്കുന്നയാളാണ് ഹോളിവുഡ് താരം കേറ്റ് വിൻസ്ലെറ്റ്. ഇപ്പോഴിതാ വണ്ണംകുറയ്ക്കാനായി മരുന്നുകളിൽ ആസക്തരാകുന്ന ട്രെൻ‍ഡിനെതിരേ സംസാരിച്ചിരിക്കുകയാണ് കേറ്റ്. വണ്ണംകുറയ്ക്കാനായുള്ള മരുന്നുകളോട് അടിമപ്പെടുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും അമ്പതുകാരിയായ കേറ്റ് പറഞ്ഞു.

To advertise here,

സൺ‍ഡ‍േ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കേറ്റ് ഇതേക്കുറിച്ച് പറഞ്ഞത്. ഈ രീതി ഒട്ടും സ്വീകാര്യമല്ലെന്നും ഒരു വ്യക്തിയുടെ ആത്മാഭിമാനം താൻ എങ്ങനെ കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെങ്കിൽ അത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് കേറ്റ് പറഞ്ഞു.

ചിലർ താനായിത്തന്നെയിരിക്കാൻ ചില കാര്യങ്ങൾ ചെയ്യുന്നു, എന്നാൽ മറ്റുചിലർ താനായി തുടരാതിരിക്കാനും ചില കാര്യങ്ങൾ ചെയ്യുന്നുവെന്ന് കേറ്റ് പറഞ്ഞു. സ്വന്തം ശരീരത്തിൽ എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. അവനവന്റെ ആരോഗ്യത്തെ അവഗണിക്കുന്നത് ഭയാനകമാണ്.- കേറ്റ് പറയുന്നു. 

തന്നേസംബന്ധിച്ച് പ്രായമാകുന്നത് ഇഷ്ടമുള്ള കാര്യമാണെന്നും കേറ്റ് പറയുന്നുണ്ട്. കൈകൾക്ക് പ്രായമാകുന്നത് താനിഷ്ടപ്പെടുന്ന കാര്യമാണ്. തനിക്കറിയാവുന്ന ഏറ്റവും സുന്ദരിമാരായ സ്ത്രീകൾ എഴുപത് കടന്നവരാണ്. പക്ഷേ യഥാർഥ സൗന്ദര്യം എന്ന് ചെറുപ്പക്കാരായ പെൺകുട്ടികൾ തിരിച്ചറിയുന്നില്ല എന്നതാണ് വിഷമിപ്പിക്കുന്നത്.

നേരത്തേ ടൈറ്റാനിക്ക് ഇറങ്ങിയപ്പോൾ നേരിടേണ്ടിവന്ന ബോഡിഷെയ്മിങ്ങിനേക്കുറിച്ച് കേറ്റ് വിൻസ്ലെറ്റ് വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ അവസാനം റോസ് മാത്രം രക്ഷപ്പെട്ടത് റോസിന് തടികൂടുതലായതുകൊണ്ടാണെന്നും മെലിഞ്ഞിട്ടായിരുന്നുവെങ്കിൽ ജാക്കിനും പിടിച്ചുനിൽക്കാൻ സ്ഥലം കിട്ടിയേനെ എന്ന രീതിയിലായിരുന്നു പരിഹാസമെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്.

കുട്ടിക്കാലം മുതൽക്കേ ശരീരത്തിന്റെപേരിൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നയാളാണ് താനെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്. സ്കൂൾ നാടകങ്ങളിൽപ്പോലും തടിയുള്ള പെൺകുട്ടിയുടെ റോൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒടുവിൽ സിനിമയിലെത്തിയപ്പോഴും തടി കൂടുതലാണെന്ന പേരിൽ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്.