കാതല്‍ ദേശം, മിന്നലെ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് നടന്‍ അബ്ബാസ്. അഭിനയത്തിന് അബ്ബാസ് ഒരിടവേള നല്‍കിയ കാലത്തും അബ്ബാസ് അഭിനയിച്ച ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ചില ഇരുണ്ട കാലങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അബ്ബാസ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് കൗമാരകാലത്ത് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നതിനെക്കുറിച്ചും വിദേശത്തേക്ക് കൂടുമാറിയതിനെക്കുറിച്ചുമൊക്കെ അബ്ബാസ് പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

കൗമാരകാലത്ത് പ്രശ്‌നക്കാരനായ ഒരാളായിരുന്നു താനെന്ന് അബ്ബാസ് പറയുന്നു. പത്താം ക്ലാസ്സില്‍ തോല്‍വി നേരിട്ടപ്പോഴും കാമുകി ഉപേക്ഷിച്ചപ്പോഴുമൊക്കെ ജീവിതം അവസാനിപ്പിക്കണം എന്നുവരെ തനിക്ക് തോന്നിയിരുന്നു എന്നാണ് അബ്ബാസ് പയുന്നത്. ഒരു പത്താംക്ലാസ്സുകാരനെ സംബന്ധിച്ചിടത്തോളം ആ കാര്യങ്ങള്‍, ജീവിതം അവസാനിച്ചു എന്ന തോന്നലാണ് ഉണ്ടാക്കിയത് എന്നു പറയുകയാണ് അബ്ബാസ്. 

ഒരിക്കല്‍ ഒരു ട്രക്കിന് മുമ്പില്‍ ജീവിതം അവസാനിപ്പിക്കാന്‍ വരെ ശ്രമിച്ചിരുന്നു എന്നും അബ്ബാസ് പറയുന്നു. എന്നാല്‍ ട്രക്കിന് പിന്നാലെ ഒരു മോട്ടോര്‍സൈക്കിള്‍ ഉണ്ടായിരുന്നു. തന്നെ ട്രക്ക് ഇടിച്ചിട്ടാല്‍ മോട്ടോര്‍സൈക്കിള്‍ യാത്രികനും പരിക്കു പറ്റുമെന്ന തോന്നലാണ് അതില്‍ നിന്ന് പിന്തിരിപ്പിച്ചത് എന്നും അബ്ബാസ് പറയുന്നു. 

സിനിമയില്‍ നിന്ന് ഇടവേള എടുത്തതിന് പിന്നാലെ തനിക്ക് മാനസികരോഗമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുമൊക്കെയുള്ള കുപ്രചരണങ്ങള്‍ പരന്നിരുന്നുവെന്നും മരിച്ചുപോയോ എന്നുവരെ ചോദിച്ചവരുണ്ടെന്നും അബ്ബാസ് പറയുന്നു. കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താന്‍ ന്യൂസിലാന്‍ഡിലേക്ക് ചേക്കേറിയതെന്നാണ് അബ്ബാസ് പറയുന്നത്. 

തുടക്കത്തില്‍ ചെറിയ ജോലികള്‍ പലതും ചെയ്താണ് കോര്‍പ്പറേറ്റ് ലോകത്തേക്ക് എത്തപ്പെട്ടത്. പെട്രോള്‍ പമ്പ് മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അബ്ബാസ് പറയുന്നു. 
ആത്മഹത്യാ പ്രവണതയുള്ള കൗമരപ്രായക്കാരെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമിക്കാറുള്ളയാളാണ് താന്‍ എന്നും അബ്ബാസ് പറയുന്നുണ്ട്.

വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചുവരാനുള്ള താല്‍പര്യം ഉണ്ടെന്നും അബ്ബാസ് പറയുന്നു. പേരിനു വേണ്ടി സിനിമ ചെയ്യുക എന്നതിനപ്പുറം നല്ല തിരക്കഥകള്‍ക്കായി കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു.