ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലുംമൂലം മലയാളികളുൾപ്പെടെ ആയിരത്തോളം തീർഥാടകർ വഴിയിൽക്കുടുങ്ങി. കേദാർനാഥിൽനിന്ന് ഗൗരികുണ്ഡിലേക്ക് തിരികെ വരികയായിരുന്ന തീർഥാടകസംഘമാണ് ഭീംബാലി എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് മുന്നോട്ടുപോവാൻ കഴിയാതായതോടെ പോലീസ് തീർഥാടകരെ തടയുകയായിരുന്നു.

To advertise here,

രാവിലെ കുഴപ്പങ്ങളൊന്നുമില്ലെന്നറിയിച്ച് പോലീസ് നിർദേശപ്രകാരമാണ് തീർഥാടകർ കേദാർനാഥിൽനിന്ന് താഴേക്ക് യാത്രയാരംഭിച്ചത്. എന്നാൽ, പാതിവഴിയിലെത്തിയപ്പോൾ സുരക്ഷ മുൻനിർത്തി യാത്ര തടയുകയായിരുന്നെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ അധികൃതർ ഇടപെട്ട് ആവശ്യമായ താമസസൗകര്യവും സുരക്ഷിതത്വവും ഒരുക്കണമെന്ന് തീർഥാടകർ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിനു പുറമേ ഉത്തർപ്രദേശ്, ഒഡിഷ, സിക്കിം ആന്ധ്രപ്രദേശ്, ഛത്തീസ്ഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴമൂലം വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. യു.പി.യിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലയിടങ്ങളിലം വെള്ളപ്പൊക്കം രൂപപ്പെട്ട് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. റോഡുകളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാവുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തു.