കഴിഞ്ഞ ഏപ്രിലിലാണ് നടന് വിഷ്ണുവിനും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്ക്കും കുഞ്ഞ് പിറന്നത്. നാലാം വിവാഹവാര്‍ഷികദിനത്തില്‍ ഇരട്ടിമധുരം ലഭിച്ചതിന്റെ സന്തോഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ജ്വാല.
ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാന കാമ്പെയ്ന്റെ ഭാഗമായിരിക്കുകയാണ് അവര്‍. കഴിഞ്ഞ നാല് മാസമായി അവര്‍ സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ടെന്നും ഇതുവരെ 30 ലിറ്റര്‍ പാല് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളേയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ കാമ്പെയ്നെ കുറിച്ച് ഓഗസ്റ്റില്‍ ജ്വാല എക്സില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 'മുലപ്പാല്‍ ജീവന് രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ദാനം ലഭിക്കുന്ന മുലപ്പാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മില്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കുക' എന്നാണ് ജ്വാല കുറിച്ചത്.
ഒട്ടേറെപ്പേരാണ് ജ്വാലയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 'അവര്‍ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാണ്' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഒട്ടേറെ കുഞ്ഞുങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ കാമ്പെയ്നെന്നും ചിലര്‍ പ്രതികരിച്ചു.
'മുലപ്പാലില്‍ ഡിഎച്ച്എ അടങ്ങിയിട്ടുണ്ട്, ഇത് പൊടിപ്പാലിലോ മറ്റ് മൃഗങ്ങളുടെ പാലിലോ ലഭ്യമല്ല. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ സമഗ്ര വികാസത്തിന് ഡിഎച്ച്എ അത്യാവശ്യമാണ്. അതിനാല്‍, ഈ മഹത്തായ കാര്യം ചെയ്യുന്നതിന് നന്ദി.'-ഒരാള്‍ കുറിച്ചത് ഇങ്ങനെയാണ്. നിങ്ങള്‍ കോര്‍ട്ടില്‍ മാത്രമല്ല, അതിന് പുറത്തും ചാമ്പ്യനാണെന്നായിരുന്നു ഒരു അഭിനന്ദനം.
2021 ഏപ്രില്‍ 22-നാണ് ജ്വാലയും വിഷ്ണുവും വിവാഹിതരായത്. നാല് വര്‍ഷത്തിനുശേഷം വിവാഹവാര്‍ഷിക ദിനത്തില്‍ അവര്‍ മകള്‍ മിറയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകനുണ്ട്.
Content Highlights: jwala gutta donates 30 ltr of breast milk
Published: 15 Sept 2025, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented