'പ്രമുഖ പോൺ താരം ജോണി സിൻസ് ഇന്ത്യൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു. ഒപ്പം അഡൾട്ട് കണ്ടന്റ് ക്രിയേറ്ററായ കൊമാറ്റോസും ഉണ്ടാകും.' ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹമാണ് ഇത്. വൈറലായ ഒരു വീഡിയോയാണ് ഈ പ്രചാരണത്തിന് അടിസ്ഥാനം. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ ഇന്ത്യാ ഗോട്ട് ലേറ്റന്റ് എന്ന റിയാലിറ്റി ഷോയുടെ വേദിയിലേക്ക് ജോണി സിൻസും കൊമാറ്റോസും എത്തുന്നതിന്റെ ആരോ പകർത്തിയതെന്ന് തോന്നിക്കുന്ന വീഡിയോ ആണ് വൈറലായത്. എന്നാൽ ഇതൊരു എഐ നിർമിത വീഡിയോ ആണെന്നതാണ് വസ്തുത. വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം വിശദമായി പരിശോധിക്കാം: 

To advertise here,

ഇന്ത്യാ ഗോട്ട് ലേറ്റന്റ് എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസൺ ജൂൺ 20-നാണ് നെറ്റ്ഫ്‌ളിക്‌സിലും യൂട്യൂബിലും പ്രീമിയർ ചെയ്തത്. ആലിയാ ഭട്ടും ഷർവാരി വാഗുമായിരുന്നു ആദ്യ എപ്പിസോഡിലെ മുഖ്യാതിഥികൾ. ഷോയുടെ രണ്ടാമത്തെ എപ്പിസോഡിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെയാണ് മേൽപ്പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.

ജോണി സിൻസും കൊമാറ്റോസും ഇന്ത്യാ ഗോട്ട് ലേറ്റന്റ് സീസൺ 2-ന്റെ വേദിയിലേക്ക് കാറിൽ വന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. കാറിൽ നിന്നുമിറങ്ങിയ ഇരുവരും വേദിയിലേക്ക് നടന്ന് പോകുന്നതും അവതാരകനായ സമയ് റെയ്‌നയ്‌ക്കൊപ്പം ചിത്രമെടുക്കാനായി പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായ അതിഥികളെ കൊണ്ടുവരുന്നതിൽ പേര് കേട്ട റിയാലിറ്റി ഷോയാണ് ഇന്ത്യാ ഗോട്ട് ലേറ്റന്റ് എന്നതിനാൽ ജോണി സിൻസിന്റെ വീഡിയോ കാട്ടുതീ പോലെ പടർന്നു. സംഭവം സൈബർ ലോകത്ത് വലിയ ചർച്ചയുമായി.

എന്നാൽ ഈ വീഡിയോ യഥാർഥമല്ല, മറിച്ച് എഐ നിർമിതമാണെന്നതാണ് വസ്തുത. സാങ്കേതികമായ പരിശോധനയാണ് വീഡിയോ എഐ നിർമിതമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. ആളുകളുടെ ചലനങ്ങൾ, മുഖഭാവങ്ങൾ, വെളിച്ചത്തിന്റെ ക്രമീകരണം എന്നിവയിലെ കൃത്രിമത്വം വ്യക്തമാണ്. ദൃശ്യത്തിലെ ഫോൺ സ്‌ക്രീനുകളിലും കൃത്യതയില്ലായ്മയുണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ യഥാർഥമെന്ന് തോന്നിക്കുന്ന തരത്തിൽ പെർഫെക്ടായി ഉണ്ടാക്കിയെടുത്തതിനാലാണ് സൂക്ഷ്മമായി ശ്രദ്ധിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ ആളുകൾ വീഡിയോ പങ്കുവെക്കുകയും വൈറലാകുകയും ചെയ്തത്.

ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ജോണി സിൻസോ കൊമാറ്റോസോ ഇന്ത്യാ ഗോട്ട് ലേറ്റന്റ് രണ്ടാം സീസണുമായി കൈകോർത്തിട്ടില്ല. ഷോയുടെ നിർമാതാക്കളോ സമയ് റെയ്‌നയോ ജോണി സിൻസ് എത്തുന്ന കാര്യത്തിൽ സ്ഥിരീകരണമോ സൂചനയോ നൽകിയിട്ടില്ല.