ഒറ്റയ്‌ക്കെത്തുന്ന പുരുഷ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ച് ജപ്പാനിലെ ഒരു മൃഗശാല. തോചിഗി പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന ഹീലിങ് പവലിയന്‍ എന്നു പേരുള്ള ഇന്ററാക്ടീവ് മൃഗശാലയാണ് തനിച്ചെത്തുന്ന പുരുഷ സന്ദര്‍ശകര്‍ക്കു മുന്‍പില്‍ നോ എന്‍ട്രി ബോര്‍ഡ് തൂക്കിയത്. മൃഗശാലയുടെ ഉടമയായ വനിതയുടെ നേര്‍ക്കും മറ്റ് വനിതാസന്ദര്‍ശകരുടെ നേര്‍ക്കും മോശം പെരുമാറ്റം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രവേശനിഷേധത്തിലേക്ക് മൃഗശാല കടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്നി, പൂച്ച, നായ, ആട് തുടങ്ങിയവയാണ് ഹീലിങ് പവലിയനിലുള്ളത്. ഇന്ററാക്ടീവ് മൃഗശാല ആയതിനാല്‍ സന്ദര്‍ശകര്‍ക്ക്, മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അവയെ ഓമനിക്കാനുമൊക്കെയുള്ള അവസരമുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് ഈ മൃഗശാല പ്രവര്‍ത്തനം ആരംഭിച്ചത്. ജനുവരി 26-നാണ് തനിച്ചെത്തുന്ന പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന കാര്യം മൃഗശാല ഡയറക്ടര്‍ മിസ മാമ സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിക്കുന്നത്.
ധാര്‍ഷ്ട്യത്തെ തുടര്‍ന്നോ തെറ്റിദ്ധാരണമൂലമോ അല്ല ഈ തീരുമാനം എടുക്കുന്നത്. പല ആളുകള്‍ക്കും ഗൂഢമായ താല്‍പര്യങ്ങളുണ്ട്. സമ്മര്‍ദത്തെ തുടര്‍ന്ന് ഈയടുത്തായി എന്റെ ഹൃദയം വേദനിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഒരു കാബറേ ക്ലബ്ബ് അല്ല. നിങ്ങള്‍ ശരിക്കും മൃഗങ്ങളോട് ഇടപഴകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി, സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ വരൂ, എന്നാണ് മിസ പറയുന്നത്.
സാധാരണയായി കുടുംബങ്ങളും മറ്റുമാണ് മൃഗശാലയിലെത്താറുള്ളതെന്ന് മിസ പറയുന്നു. എന്നാല്‍ തനിച്ചെത്തുന്ന പുരുഷ സന്ദര്‍ശകരില്‍ പലരും വനിതാജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അസൗകര്യങ്ങളുണ്ടാക്കാറുണ്ട്. അനാവശ്യസംഭാഷണത്തിന് മുതിരല്‍, പ്രേമലോലുപമായ പെരുമാറ്റം, അനാവശ്യ പരാമര്‍ശങ്ങള്‍ എന്നിവയും ഇത്തരക്കാരില്‍നിന്നുണ്ടാകാറുണ്ടെന്നും മിസ പറയുന്നു. അതേസമയം, ഒറ്റയ്‌ക്കെത്തുന്ന പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അന്ധമായ ലിംഗവിവേചനമാണിതെന്ന് ആയിരുന്നു ചിലരുടെ അഭിപ്രായം.
Content Highlights: japan zoo no entry for solo man visitors
Published: 16 Feb 2025, 08:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented