അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്ന സ്ഥലം കാണാന്‍വേണ്ടി ജപ്പാനില്‍നിന്ന് കേരളത്തിലെത്തി പത്തൊന്‍പതുകാരന്‍. യൂഷിറോ എന്നു പേരുള്ള യുവാവാവാണ് ആ കല്യാണക്കഥ കേള്‍ക്കാന്‍ രാജ്യാതിര്‍ത്തികള്‍ താണ്ടിയെത്തിയത്. കുമരകത്തുവെച്ച് 21 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു യൂഷിറോയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടന്നത്. 

To advertise here,

കുമരകം പള്ളിച്ചിറയില്‍വെച്ചായിരുന്നു  ജപ്പാന്‍ സ്വദേശികളായ ഹിരയുടെയും ചിയാക്കിയുടെയും കല്യാണം. അന്ന് കുമരകംകാര്‍ ആ വിവാഹം ഗംഭീരമായി ആഘോഷിച്ചു. പള്ളിച്ചിറപ്പറമ്പില്‍ പെണ്ണമ്മ ഇരുവര്‍ക്കും മധുരംനല്‍കി. നാടുകാണാനെത്തിയ ഇവര്‍ക്ക് അന്ന് പി.എ. സന്തോഷ് എന്നയാളാണ് റൂം വാടകയ്ക്ക് എടുത്തുനല്‍കിയത്. ഒന്നരയാഴ്ചയോളം അവര്‍ക്ക് ഗൈഡായി സന്തോഷുണ്ടായിരുന്നു. 

നാടും ഈ നാട്ടുകാരെയും ഒക്കെ പരിചയപ്പെട്ടശേഷം അവര്‍ക്ക് അവരുടെ വിവാഹം കുമരകത്തുവെച്ച് നടത്താന്‍ മോഹമുദിച്ചു. അങ്ങനെ പതിനഞ്ച് പേരോളം ജപ്പാനില്‍നിന്ന് ആലപ്പുഴയിലെത്തി ഹൗസ്‌ബോട്ടെടുത്ത് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് സദ്യയും പായസവുമൊക്കെയായി ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് കല്യാണം നടത്തി. 

വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിവാഹസ്ഥലം കാണാനും അതിന്റെ ഓര്‍മകള്‍ കേള്‍ക്കാനുമായി കുമരകത്തെത്തിയിരിക്കുകയാണ് യൂഷിറോ. അന്ന് താലികെട്ട് നടന്ന ഇടവും മറ്റുമെല്ലാം നടന്ന് നോക്കിക്കണ്ടു. അന്ന് മധുരം നല്‍കിയ പെണ്ണമ്മയുടെ മകന്‍ സന്തോഷാണ് വഴികാട്ടിയായി ഇന്നും കൂട്ടിനുണ്ടായത്. അന്നെടുത്ത ഫോട്ടോയും മറ്റുമെല്ലാം യൂഷിറോ കണ്ടു. യൂഷിറോ ഇത് മൂന്നാംതവണയാണ് കേരളത്തിലെത്തുന്നത്.