ഇന്ത്യയിലെത്തിയപ്പോഴുള്ള ദുരനുഭവം വിവരിച്ച് ഇറ്റാലിയന്‍ ഡിജെ ആയ ഒല്ലി എസ്സെ. നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു യുവതിയുമായി നടത്തിയ വാക്‌പോരിനെ കുറിച്ചാണ് ഒല്ലി ട്വീറ്റ് ചെയ്തത്. ഈ വഴക്കിന്റെ വീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലാണ് സംഭവം.

To advertise here,

താന്‍ നടന്നുപോകുന്ന വഴിയില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യാന്‍ യുവതി ശ്രമിക്കുകയും അവരുടെ അശ്രദ്ധ മൂലം തനിക്ക് അപകടം സംഭവിക്കേണ്ടതായിരുന്നു എന്നും ഒല്ലി ട്വീറ്റില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒല്ലി ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. 

നടപ്പാത മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ കൈയേറിയതിനാല്‍ റോഡിലേക്ക് ഇറങ്ങിയാണ് ആളുകള്‍ നടന്നുപോകുന്നത്. എന്നാല്‍ പാര്‍ക്കിങ് നിരോധിത മേഖലയായിട്ടും ഇവിടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ഒല്ലി പങ്കുവെച്ച വീഡിയോയില്‍ കാണാം. താന്‍ നടക്കുന്നതിനിടെ പിന്നിലേക്ക് എടുത്ത കാര്‍ തന്റെ ശരീരത്തില്‍ മുട്ടുമെന്ന് തോന്നിയതോടെ ശബ്ദം ഉണ്ടാക്കിയെന്നും എന്നാല്‍ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതി അത് കേട്ടില്ലെന്നും ഒല്ലി പറയുന്നു. കാര്‍ ഇടിക്കാതിരിക്കാനിയ അതിന്‍ പിന്‍ഭാഗത്ത് തൊഴിച്ച് ശബ്ദം ഉണ്ടാക്കിയതോടെയാണ് യുവതി സംഭവം അറിഞ്ഞതെന്നും ഒല്ലി ആരോപിക്കുന്നു. 

കാറില്‍ തൊഴിച്ചത് ഇഷ്ടപ്പെടാതിരുന്ന യുവതി പുറത്തിറങ്ങി ഒല്ലിയുമായി വഴക്ക് കൂടുകയായിരുന്നു. പാര്‍ക്ക് ചെയ്യാന്‍ മറ്റൊരു സ്ഥലമില്ലെന്നും ഇതേ രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങളുടെ ഉടമകളോട് എന്തുകൊണ്ടാണ് വഴക്കുകൂടാത്തത് എന്നുമായിരുന്നു യുവതിയുടെ ചോദ്യം. തന്റെ കാറില്‍ ചവിട്ടിയതിന് യുവതി ദേഷ്യപ്പെടുന്നതും ഒല്ലി മാപ്പ് പറയുന്നതും വീഡിയോയിലുണ്ട്. 

ഈ ട്വീറ്റിന് താഴെ ഒല്ലിയെ പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കച്ചവടക്കാര്‍ റോഡ് കൈയേറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരാതി കൊടുത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കും എന്നും ചിലര്‍ പ്രതികരിക്കുന്നു.