മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മരുമകള്‍ ശ്ലോക മെഹ്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിനിടെ ഉറക്കംതൂങ്ങുന്ന ശ്ലോകയാണ് വീഡിയോയിലുള്ളത്. വിവാഹത്തിന് ശേഷം ശനിയാഴ്ച്ച നടന്ന ശുഭ് ആശിര്‍വാദ് ചടങ്ങിനിടെയായിരുന്നു സംഭവം.

To advertise here,

വേദിയുടെ മുന്‍നിരയില്‍ ഭര്‍ത്താവ് ആകാശ് അംബാനിക്കൊപ്പമാണ് ശ്ലോക ഇരിക്കുന്നത്. ഇതിനിടയില്‍ രണ്ട് തവണ ഉറക്കത്തിലേക്ക് വീണ ശ്ലോക ഞെട്ടി കണ്ണ് തുറക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെ അംബാനിയുടെ മരുമകളെ പിന്തുണച്ചാണ് അധികപേരും കമന്റ് ചെയ്തത്.

രണ്ട് ചെറിയെ കുട്ടികളുടെ അമ്മയായ ശ്ലോകയ്ക്ക് ഉറക്കവും ക്ഷീണവുമുണ്ടാകുക സ്വാഭാവികമാണെന്ന് കമന്റുകളിലുണ്ട്. ഒരാഴ്ച്ചയോളം നീണ്ടുനിന്ന പ്രീ വെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടി വരുന്നത് വലിയ ജോലിയാണെന്നും അതിനിടയില്‍ ശരിയായ ഉറക്കം കിട്ടിയിട്ടുണ്ടാകില്ലെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 

ശ്ലോകയ്ക്കും ആകാശിനും രണ്ട് മക്കളാണുള്ളത്. മൂന്ന് വയസുകാരന്‍ പൃഥ്വിയും ഒരു വയസുകാരി വേദയും. ഇറ്റലിയിലെ ആഡംബരക്കപ്പലില്‍ നടന്ന ആനന്ദിന്റെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെയായിരുന്നു വേദയുടെ ഒന്നാം പിറന്നാള്‍. ആനന്ദിന്റെ വിവാഹത്തലേന്നായിരുന്നു ശ്ലോകയുടെ 34-ാം പിറന്നാള്‍. അതും അംബാനി കുടുംബം ആഘോഷിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ അടുത്തറിയാവുന്ന ശ്ലോകയും ആകാശും 2019 മാര്‍ച്ച് ഒമ്പതിനാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.