പുതിയ തലമുറയുടെ തൊഴില്‍ സംസ്‌കാരവും പ്രൊഫഷണല്‍ രംഗത്തെ അച്ചടക്കവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

പുതുതലമുറ തൊഴിലിടങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും ജോലിസമയത്തിലെ മാറ്റങ്ങളും വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രാവിലെ ഒമ്പത് മണിക്ക് കോടതിയിലെത്താൻ ആവശ്യപ്പെട്ട അഭിഭാഷകയോട്, ജിമ്മിൽ പോകേണ്ട സമയമായതിനാൽ വരാൻ കഴിയില്ലെന്ന് ഒരു ഇന്റേൺ വ്യക്തമാക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. ഡൽഹിയിലെ ഒരു വനിതാ അഭിഭാഷകയാണ് തനിക്കുണ്ടായ അനുഭവം എക്‌സിൽ പങ്കുവെച്ചത്.
രാവിലെ ഒമ്പത് മണിക്ക് ചില ഔദ്യോഗിക ആവശ്യങ്ങൾക്കായി കോടതിയിലെത്താൻ അഭിഭാഷക ഇന്റേണിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആ സമയത്ത് ജിമ്മിൽ പോകേണ്ടതുണ്ടെന്നും അതിനാൽ വരാൻ സാധിക്കില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി. എങ്കിലും, ഒറ്റ തവണത്തേക്ക് വരാമെന്ന് ഇന്റേൺ സമ്മതിക്കുകയും ചെയ്തു.
'ഇക്കാര്യത്തിൽ ഞാൻ ഇന്റേണിന്റെ സീനിയറാണോ അതോ ജൂനിയറാണോ ഇനി പേഴ്‌സണൽ അസിസ്റ്റന്റാണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള രീതികളെ സ്വാഭാവികം എന്ന പേരിൽ അംഗീകരിക്കാൻ കഴിയില്ല,' - എന്ന കുറിപ്പോടെയാണ് അഭിഭാഷക സംഭവം പങ്കുവെച്ചത്.
പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായതോടെ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഉയർന്നുവന്നത്. ഔദ്യോഗിക ഉത്തരവാദിത്തങ്ങളേക്കാൾ വ്യക്തിഗത കാര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇന്റേണിന്റെ രീതിയെ ഒരുവിഭാഗം ശക്തമായി വിമർശിച്ചു. പ്രൊഫഷണൽ രംഗത്ത് ഇത്തരം ഉത്തരവാദിത്തമില്ലായ്മ അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ, ജോലി സമയത്തിന് പുറത്തുള്ള വ്യക്തിഗത സമയങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്ന് വാദിക്കുന്നവരും കുറവല്ല. സാധാരണ ജോലി സമയത്തിന് മുമ്പ് ജോലി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അധിക വേതനം നൽകുന്നുണ്ടോ എന്നും, വ്യക്തിപരമായ ജീവിതത്തിന് മുൻഗണന നൽകുന്നത് തെറ്റല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്റേണിന് കൃത്യമായ പ്രതിഫലം നൽകുന്നുണ്ടെന്നും സന്ദേശമയച്ച രീതിയിലുള്ള അനാദരവാണ് പോസ്റ്റ് ഇടാൻ കാരണമെന്നും അഭിഭാഷക പിന്നീട് വ്യക്തത വരുത്തി. അഭിഭാഷകയുടെ പോസ്റ്റോടെ പുതിയ തലമുറയുടെ തൊഴിൽ സംസ്‌കാരവും പ്രൊഫഷണൽ രംഗത്തെ അച്ചടക്കവും വീണ്ടും ചർച്ചയായിരിക്കുകയാണ്.
Content Highlights: A Delhi lawyer shared an incident where an intern refused early morning court duty to attend the gym., The post triggered widespread debate on professional discipline versus personal boundaries in the new generation., While critics called it unprofessional, supporters argued for strict personal time boundaries outside work hours., The lawyer later clarified that the issue was about disrespect in communication despite being paid.
Published: 18 Aug 2026, 09:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented