മനിശ്ശീരി: പാലക്കാട്-കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് ചൊവ്വാഴ്ച അർധരാത്രി നടന്ന വാഹനാപകടത്തിനു കാരണം കാറിന്റെ അതിവേഗമെന്ന് സൂചന. സി.സി.ടി.വി. ദൃശ്യങ്ങളും ഇത് ശരിവെക്കുന്നു. ഡ്രൈവർ ഉറങ്ങിയതാവാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റു. മനിശ്ശീരി പാന്തലിൽ അജയ് (31), സൗത്ത് പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് (30) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കണ്ണിയംപുറം സ്വദേശി നിധിൻ (30), പനമണ്ണ സ്വദേശി ശ്രീജിത്ത് (34), ചുനങ്ങാട് സ്വദേശി ഗോവിന്ദ് എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 12.30-നായിരുന്നു അപകടം. വാണിയംകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന കാർ

To advertise here,

നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കിലും പിന്നീട് മരത്തിലും ഇടിച്ചാണ് നിന്നത്. കാർ പൂർണമായും തകർന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന ലോറിഡ്രൈവറും അതുവഴി പട്രോളിങ്ങിന് വന്നിരുന്ന ഒറ്റപ്പാലം പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ പുറത്തേക്കു തെറിച്ചുവീണ നിലയിലായിരുന്നു. മൂന്നുപേർ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഷൊർണൂരിൽനിന്നുള്ള അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് റെസ്‌ക്യൂ ടൂൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ ഡോർ തുറക്കാൻ പറ്റാതായതോടെ സമീപത്തുണ്ടായിരുന്ന ലോറിയിൽ കയർ കെട്ടിവലിച്ച് ഡോർ അടർത്തിമാറ്റിയാണ് ആദ്യത്തെ ആളെ കാറിൽനിന്ന് എടുത്തത്. പിന്നീട് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബാക്കിഭാഗങ്ങൾ മുറിച്ചുമാറ്റി മറ്റു രണ്ടുപേരെയും പുറത്തെടുത്തു. സീനിയർ ഫയർ ഓഫീസർ സുജിത്ത് ബാബുവിന്റെയും പി. കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള സംഘം മുക്കാൽമണിക്കൂർ പരിശ്രമിച്ചാണ് തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്ക് അതീവ ഗുരുതരമായതിനാൽ പനമണ്ണ സ്വദേശി ശ്രീജിത്തിനെ വിദ്ഗധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. മറ്റു രണ്ടുപേർ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിശോധന നടത്തി

പോലീസും മോട്ടോർവാഹനവകുപ്പും അപകടസ്ഥലത്ത് പരിശോധന നടത്തി. ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, പാലക്കാട് ആർ.ടി.ഒ. സി.യു. മുജീബ്, ഒറ്റപ്പാലം സബ് ആർ.ടി.ഒ. എം.വി.ഐ. പി.ജെ. റെജി, എൻഫോഴ്‌സ്മെന്റ് എം.വി.ഐ. സി.വി. മാർത്താണ്ഡൻ, ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ എ. അനന്തകൃഷ്ണൻ, എസ്.ഐ. കെ. ഷിജു തുടങ്ങിയവർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.

പാതയുടെ വശത്തുള്ള, മൂന്നടി താഴ്ചയും പത്തടി വീതിയുമുള്ള കലുങ്ക് മറികടന്ന് പാതയ്ക്കരികിലൂടെ പത്തുമീറ്ററോളം സഞ്ചരിച്ച് മരത്തിൽ ഇടിച്ച് കാർ തകരുകയായിരുന്നു. മരത്തിന്റെ രണ്ടുമീറ്ററോളം ഉയരത്തിൽ കാർ ഇടിച്ച് തകർന്നുവീണതാകാം മരത്തിന്റെ ഒരുഭാഗം കേടുവരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. കലുങ്കിനു സമീപമുള്ള മറ്റൊരു മരത്തിലും കാറിന്റെ വശം ഇടിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ വേഗത്തിലുള്ള വരവുകണ്ട് എതിർദിശയിൽ വന്ന ഒരു ഓട്ടോ ഉൾപ്പെടെ രണ്ടു വാഹനങ്ങൾ വെട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഓട്ടോഡ്രൈവർ പട്ടാമ്പി സ്വദേശി അബൂബക്കർ പറഞ്ഞു.

കൺമണികളെ കണ്ട് കൊതിതീരാതെ മടക്കം...

മനിശ്ശീരി: മകളായ സാൻവി നിതാരയെ കൺനിറയെ കണ്ട് കൊതിതീർന്നില്ല. അപ്പോഴേക്കും കുടുംബത്തെ ദുഃഖത്തിലാഴ്ത്തി അജയ് വിടപറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടുവരെ കൂട്ടുകാർക്കൊപ്പം ചായയും കുടിച്ച് തമാശകൾ പറഞ്ഞ് അജയ് ഉണ്ടായിരുന്നു. തൃക്കങ്ങോട് രാത്രിയിലുണ്ടായ കാറപകടത്തിൽ മനിശ്ശീരി പാന്തലിൽ അജയ് (31) മരിച്ചത് കൂട്ടുകാരറിഞ്ഞത് ബുധനാഴ്ച പുലർച്ചെയാണ്.

വിദേശത്തായിരുന്ന അജയ് നാട്ടിലെത്തിയിട്ട് അഞ്ചുമാസമായി. മകൾ സാൻവി നിതാരയ്ക്കാകട്ടെ എട്ടുമാസമാണ് പ്രായം. കുട്ടിയെ കളിപ്പിച്ച് കൊഞ്ചിച്ച് കൊതിതീരുംമുൻപാണ് വിയോഗം. ചൊവ്വാഴ്ച രാത്രി തൃക്കങ്ങോട്ടുവെച്ച് കൂട്ടുകാർക്കൊപ്പം യാത്രചെയ്യവേ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് തകർന്നാണ് അപകടമുണ്ടായത്. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാലിനി. അച്ഛൻ: രവീന്ദ്രൻ. അമ്മ: നിർമല. സഹോദരങ്ങൾ: അഖിൽ, നിഖിൽ.

............

ബെംഗളൂരുവിൽനിന്ന് കൺമണിയുടെ 28 ചടങ്ങിനായി എത്തി. പക്ഷേ പങ്കെടുക്കാനാകാതെ മടക്കം, എന്നെന്നേക്കുമായി. പനമണ്ണ കയറാട്ട് വീട്ടിൽ വൈശാഖ് കെ. മേനോനാണ് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഞായറാഴ്ച നടക്കേണ്ട കുട്ടിയുടെ 28 ചടങ്ങിനായി നാലു ദിവസം മുൻപാണ് വൈശാഖ് നാട്ടിൽ എത്തിയത്. ചടങ്ങിന് ബന്ധുക്കളെ ക്ഷണിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയിൽ തിരുവനന്തപുരത്ത് ചികിത്സയ്ക്കായി ട്രെയിനിൽ പോകാൻ അച്ഛൻ രാമദാസിനെയും അമ്മ റിട്ട. അധ്യാപിക ജ്യോതിയെയും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയിരുന്നു. ഇവരോട് യാത്രയും പറഞ്ഞാണ് ഒറ്റപ്പാലത്തുനിന്ന് മടങ്ങിയത്. പിന്നീട് കണ്ണിയംപുറത്തെ കൂട്ടുകാരുമായി വാണിയംകുളം ഭാഗത്തേക്ക് വരികയും ചെയ്തു. രാത്രിയിൽ തിരിച്ച് കണ്ണിയംപുറം ഭാഗത്തേക്ക് മടങ്ങുന്നതിനിടെയാണ് തൃക്കങ്ങോട് െവച്ച് കാർ നിയന്ത്രണംവിട്ട് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന വൈശാഖിനെ അഗ്‌നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ. സവിത (സൗത്ത് ഇന്ത്യൻ ബാങ്ക്. പെരിന്തൽമണ്ണ), സഹോദരി. ആതിര (എ.ജെ.ബി.എസ്. കിഴക്കുമ്പുറം, മണ്ണൂർ).