
കോര്‍പറേറ്റ് സംസ്‌കാരത്തില്‍ ഇന്ത്യയും സ്വീഡനും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ സോഫ്റ്റ്‌വെയർ ഡെവലപ്പര്‍. യൂറോപ്പില്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ (work-life balance) യ്ക്ക് യഥാര്‍ഥത്തില്‍ വിലയുണ്ടെന്നും അത് വെറും വാക്കല്ലെന്നും അശുതോഷ് സമല്‍ എന്ന സോഫ്റ്റ്‌വെയർ ഡെവലപ്പര്‍ വീഡിയോയില്‍ പറയുന്നു. തൊഴിലിടത്തിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളാണ് അശുതോഷിന്റെ വീഡിയോയിലുള്ളത്.
സ്വീഡനില്‍ ജീവനക്കാര്‍ സാധാരണയായി രാവിലെ എട്ട് മണിക്ക് ജോലി ആരംഭിക്കുമെന്നും ചില ഓഫീസുകളില്‍ സൗജന്യ പ്രഭാതഭക്ഷണം പോലും നല്‍കാറുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. കൂടാതെ അവിടെ ആര്‍ക്കും സ്ഥിരമായ ഇരിപ്പിടങ്ങൾ ഇല്ലെന്നും സീനിയോറിറ്റിയ്ക്ക് അനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പരിഗണനകളില്ലെന്നും അശുതോഷ് പറയുന്നു. 'എല്ലാവരും ഒരേ തലത്തിലാണ്. ഞങ്ങളുടെ സിഇഒ പോലും ചിലപ്പോള്‍ എന്റെ അടുത്താണ് വന്നിരുന്ന് ജോലി ചെയ്യുന്നത്. ആര്‍ക്കും ഇഷ്ടമുള്ളിടത്ത് ഇരിക്കാം.' അശുതോഷ് വ്യക്തമാക്കുന്നു.
ജോലിസമയങ്ങളില്‍ ഇടവേള എടുക്കാനും ഗെയിം കളയാനും കാപ്പി കുടിക്കാനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാലത്ത്, ചില ഓഫീസുകള്‍ ജോലിസമയം എട്ട് മണിക്കൂറില്‍ നിന്ന് ഏഴ് മണിക്കൂറായി കുറയ്ക്കാറുണ്ട്. വൈകുന്നേരം നാല് അല്ലെങ്കില്‍ നാലര ആകുമ്പോഴേക്കും മിക്ക സഹപ്രവര്‍ത്തകരും ജോലി മതിയാക്കി വീട്ടിലേക്ക് പോകുന്നു, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിന് അവര്‍ മുന്‍ഗണന നല്‍കുന്നു.' അശുതോഷ് വീഡിയോയില്‍ പറയുന്നു.
'ഇന്ത്യയില്‍നിന്ന് എത്ര വ്യത്യസ്തമാണ് യൂറോപ്പിലെ, പ്രത്യേകിച്ച് സ്വീഡനിലെ കോര്‍പ്പറേറ്റ് ഓഫീസ് സംസ്‌കാരം' എന്നാണ് അശുതോഷ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. യൂറോപ്യന്‍ സംസ്‌കാരങ്ങളില്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നായിരുന്നു ഒരു കമന്റ്. ജീവനക്കാരുടെ ക്ഷേമത്തിനും സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി ഇന്ത്യയും പതുക്കെ സമാനമായ സമീപനത്തിലേക്ക് മാറുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 'ഞാനും ലക്‌സംബര്‍ഗില്‍ ഇതേ തൊഴില്‍ സംസ്‌കാരം ആസ്വദിക്കുന്നുണ്ട്. ഇന്ത്യയിലെ മോശം കോര്‍പറേറ്റ് സംസ്‌കാരം ഒഴിവാക്കാന്‍ ഞാന്‍ എടുത്ത തീരുമാനം വളരെ മികച്ചതായിരുന്നെന്ന് എനിക്ക് തോന്നുന്നു.'-മറ്റൊരാള്‍ കുറിച്ചു. 'ഞാന്‍ ഹെല്‍സിങ്കിയില്‍ ജോലി ചെയ്തിട്ടുണ്ട്. അത് എന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കി. അവിടെ എല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരാണ്. സ്‌കാന്‍ഡിനേവിയ അതിഗംഭീരമാണ്.'- എന്നായിരുന്നു ഒരു കമന്റ്.
ഇന്ത്യയില്‍ ചിലയിടത്ത് സൗജന്യ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ലഭിക്കാറുണ്ട്. കൂടാതെ സൗജന്യ സിനിമാ ടിക്കറ്റുകള്‍, ജിം, ടാക്‌സി സൗകര്യങ്ങള്‍, കോര്‍പ്പറേറ്റ് ഡിന്നര്‍ എന്നിവയും ഉണ്ടെന്നും കമന്റുകളുണ്ട്. 'ബാംഗ്ലൂരിലെ ഒരു ചെറിയ സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. താങ്കള്‍ പറഞ്ഞ അതേ രീതികളാണ് ഇവിടെയുമുള്ളത്.'-ഇന്ത്യയെ പിന്തുണച്ച് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content Highlights: indian techie impressed by swedens work life balance
Published: 08 Jun 2025, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented