കുഞ്ഞുങ്ങളുമൊത്ത് ദീർഘദൂര യാത്ര ചെയ്യുന്ന കാര്യം നമ്മൾ എപ്പോഴും രണ്ടാമതൊന്ന് ആലോചിക്കും. അവർക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിക്കുമോ എന്ന ആധി എപ്പോഴും നമ്മുടെ മനസിലുണ്ടാകും. അത്തരത്തിൽ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ദന്ത ഡോക്ടറായ ഭാവന. യാത്രയ്ക്കിടെ കുഞ്ഞിന് ഛർദ്ദിയുണ്ടാകുകയും കൃത്യസമയത്ത് തന്നെ ഇന്ത്യൻ റെയിൽവേ ഡോക്ടറുടെ സഹായം നൽകിയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഭാവന പറയുന്നു.

To advertise here,

മാർച്ച് 13-ന് ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലേക്കായിരുന്നു ഭാവനയും ഭർത്താവും കുഞ്ഞും യാത്ര ചെയ്തത്. ഇതിനിടയിൽ കുഞ്ഞിന് മുരിങ്ങയുടെ സൂപ്പ് നൽകിയിരുന്നു. ശേഷം കുട്ടി തുടർച്ചയായി ഛർദ്ദിച്ചുവെന്നും ഭാവന വീഡിയോയിൽ പറയുന്നു. തുടർന്ന് ടിടിഇയെ സമീപിച്ച് വൈദ്യസഹായം ആവശ്യപ്പെട്ടു. ആ സമയത്ത് തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും ഭാവന പറയുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ റെയിൽവേ ഡോക്ടറുടെ സഹായമെത്തിച്ചു. തീവണ്ടി ഹിന്ദ്പുർ സ്റ്റേഷനിലെത്തിയപ്പോൾ ഡോക്ടർ വന്ന് കുഞ്ഞിനെ പരിശോധിച്ചു. ആവശ്യമായ മരുന്നും നൽകി. ചികിത്സയ്ക്ക് കൃത്യമായ ബില്ലും ലഭിച്ചെന്ന് ഭാവന പറയുന്നു.

'പരിഭ്രാന്തിയിൽനിന്ന് ആശ്വാസത്തിലേക്ക്' എന്ന ക്യാപ്ഷനോടെയാണ് ഭാവന വീഡിയോ പങ്കുവെച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. താൻ റെയിൽവേ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നതെന്നും ട്രെയ്‌നുകളിൽനിന്ന് ധാരാളം മെഡിക്കൽ എമർജൻസി കോളുകൾ തങ്ങൾ കൈകാര്യം ചെയ്യാറുണ്ടെന്നും ഒരാൾ കുറിച്ചു. സഹായം ലഭ്യമാണെങ്കിൽ ഇന്ത്യൻ റെയിൽവേ അടുത്ത സ്റ്റേഷനിൽതന്നെ അത് ലഭ്യമാക്കുമെന്നായിരുന്നു ഒരു കമന്റ്.