തിരുവനന്തപുരം: ‘ഞങ്ങൾക്കും വൈറലാവണം, നാട്ടിലെങ്ങും അറിയപ്പെടണം’ -അഭിഷേകിന്റെ ആഗ്രഹത്തിന് അതിരുകളില്ല. ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ഉൾപ്പെടുത്തി സർക്കാർതലത്തിൽ ഒരുങ്ങുന്ന കലാസംഘത്തിലെ അംഗമാണ് അഭിഷേക്. ഭിന്നശേഷിക്കാരായ 30 പേരാണ് സംഘത്തിലുള്ളത്. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിലാണ് ‘റിഥം’ എന്ന കലാസംഘം ഒരുങ്ങുന്നത്.

To advertise here,

ആസ്വാദകർക്ക് മുന്നിലേക്കെത്താനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘം. 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവരാണ് അംഗങ്ങൾ. തിരുവനന്തപുരത്ത് നാലുദിവസമായി നടത്തുന്ന ക്യാമ്പിൽ വിവിധമേഖലകളിലെ വിദഗ്ധരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

18-നും 40-നും ഇടയിൽ പ്രായമുള്ളവരാണ് സംഘാംഗങ്ങൾ. ആദ്യം സർക്കാരിന്റെ കലാസാംസ്കാരികപരിപാടികളിൽ സംഘത്തിന്റെ പ്രകടനം അവതരിപ്പിക്കും. ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി വരുമാനം ഉറപ്പാക്കുകയാണ് അനുയാത്രാപദ്ധതിയോട് അനുബന്ധിച്ചുള്ള റിഥത്തിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹികസുരക്ഷാ മിഷനും കേരള ഡിവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പദ്ധതിയിലൂടെയാണ് കലാപ്രതിഭകളെ തിരഞ്ഞെടുത്തത്‌.

ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും പാട്ടും ഉൾപ്പെടുന്ന രണ്ടുമണിക്കൂർ കലാപരിപാടിയുടെ ആദ്യ അവതരണം 23-ന് തിരുവനന്തപുരത്ത് നടക്കും. പിന്നീട് വിവിധ കലാസാംസ്കാരിക വേദികളിലും റിഥം പരിപാടികൾ അവതരിപ്പിക്കും.