കൊച്ചി/ന്യൂയോർക്ക്: വിശ്വവിഖ്യാതമായ ടൈം മാസിക രാജ്യത്തെ ഒന്നാംനിര ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസുമായി കൈകോർക്കുന്നു.
ടൈം മാസികയുടെ ടൈം100നെക്സ്റ്റ് ഇന്ത്യയുടെ ആദ്യ എഡിഷൻ പുറത്തിറക്കാനാണ് ഇരുഗ്രൂപ്പുകളും സഹകരിക്കുന്നത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന യുവനേതാക്കളെയും അവരുടെ കാഴ്ചപ്പാടുകളെയും മുഖ്യധാരയിലെത്തിക്കുന്നതിന്, റിലയൻസുമായി സഹകരിച്ച് ടൈം മാഗസിൻ 'TIME100 Next India' പുറത്തിറക്കും. വ്യാഴാഴ്ച ന്യൂയോർക്ക് സിറ്റിയിൽ നടന്ന വാർഷിക TIME100 ഗാലയിൽ ടൈം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെസീക്ക സിബ്ലിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നീത മുകേഷ് അംബാനിയും ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയത്.

To advertise here,

കല, ശാസ്ത്രം, ബിസിനസ്, കായികം, ആക്ടിവിസം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്ന 100 യുവനേതാക്കളെയാണ് TIME100 Next India പട്ടികയിൽ ഉൾപ്പെടുത്തുക. ടൈം മാഗസിനിലെ എഡിറ്റർമാർ തിരഞ്ഞെടുക്കുന്ന ഈ പട്ടിക ഓൺലൈനിൽ പ്രസിദ്ധീകരിക്കും. തുടർന്ന് 2026 ഡിസംബറിൽ മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കാനിരിക്കുന്ന ഗംഭീരമായ ചടങ്ങിൽ ഇവരെ ആദരിക്കും.

'TIME100 Next ആദ്യമായി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്,' ടൈം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെസീക്ക സിബ്ലി പറഞ്ഞു. ലോകമെമ്പാടും വിവിധ മേഖലകളിൽ പുരോഗതിക്ക് നേതൃത്വം നൽകുന്ന അടുത്ത തലമുറയിലെ നേതാക്കളെ കണ്ടെത്താനും ഒന്നിപ്പിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് TIME100 Next India. ഇത് യാഥാർത്ഥ്യമാക്കുന്നതിൽ റിലയൻസ് നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു-ജെസ്സീക്ക കൂട്ടിച്ചേർത്തു.

''അടുത്ത തലമുറയിലെ പ്രതിഭകളെയും ആശയങ്ങളെയും നേതൃത്വത്തെയും ശാക്തീകരിച്ചുകൊണ്ട് ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണ്. ടൈം മാഗസിനുമായി സഹകരിച്ച് TIME100 Next India ആദ്യമായി മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചവ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യയിലെ ഏറ്റവും മികച്ചവയെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്നത് എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പാടാണ്,'' റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി പറഞ്ഞു.