പാപ്പരാസികളുടെ ശല്ല്യം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളാണ്. എവിടെപ്പോയാലും ക്യാമറയുമായി എത്തുന്ന പാപ്പരാസികള്‍, ബോളിവുഡ് താരങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ എപ്പോഴും ഒപ്പിയെടുക്കാറുണ്ട്. കുഞ്ഞുങ്ങളുടെ സ്വകാര്യത മുന്‍നിര്‍ത്തി അവരുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് അനുഷ്‌ക ശര്‍മയും വിരാട് കോലിയും പാപ്പരാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നാല് വയസുകാരിയായ വാമികയുടേയും ഒരു വയസുകാരനായ അകായിയുടേയും ചിത്രങ്ങള്‍ ഇരുവരും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

To advertise here,

ബോളിവുഡ് താരദമ്പതിമാരായ രണ്‍ബീര്‍ കബൂറും ആലിയ ഭട്ടും കുറച്ചുകാലം മകള്‍ റാഹയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 2023-ലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ ഇരുവരും ആദ്യമായി റാഹയുമായി പോസ് ചെയ്തത്. ഇതിന് പിന്നാലെ റാഹയുടെ ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളെല്ലാം ആലിയ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കി. റാഹയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആലിയ എല്ലാം ഡിലീറ്റ് ചെയ്തതെന്നാണ് സൂചന. കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും മക്കളായ തൈമൂര്‍ അലി ഖാനും ജഹാംഗീര്‍ അലി ഖാനും പാപ്പരാസികളുടെ ശല്ല്യം നേരിട്ട 'സ്റ്റാര്‍കിഡ്‌സ്' ആണ്. ഒരു ഘട്ടത്തില്‍ മക്കളെ ശല്ല്യം ചെയ്യരുത് എന്നുവരെ കരീന പാപ്പരാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ ഇതിന് മുമ്പുള്ള തലമുറയിലെ താരപുത്രന്‍മാര്‍ക്ക് ഈ തലവേദനയുണ്ടായിരുന്നില്ല. അന്ന് ഇതുപോലെ പാപ്പരാസി സംസ്‌കാരം വളര്‍ന്ന് പന്തലിച്ചിരുന്നില്ല. അതിനാലാണ് താന്‍ ഈ ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് രക്ഷപ്പെട്ടതെന്ന് സെയ്ഫ് അലി ഖാന്റെ മൂത്ത മകനും നടനുമായ ഇബ്രാഹിം അലി ഖാന്‍ പറയുന്നു.

'ഇന്ന് ജഹാംഗീറിനേയും തൈമൂറിനേയും കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ട്. തൈമൂറിന് എട്ട് വയസാകുന്നതേയുള്ളു. വീടിന് ഒന്ന് പുറത്തിറങ്ങിയാല്‍ അപ്പോള്‍ അവനെ പാപ്പരാസികള്‍ വളയും. നാല് വയസുകാരനായ ജഹാംഗീറിനേയും അവര്‍ വെറുതേ വിടാറില്ല. അവര്‍ വീട്ടിലായിരിക്കുമ്പോള്‍ അവരുടെ ഐ ഫോണും ഐ പാഡും ഉപയോഗിച്ച് കളിച്ചിരിക്കാറാണ് പതിവ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍. പുറത്തുപോയി കളിക്കുമായിരുന്നു. ഇത്തരത്തില്‍ പാപ്പരാസികള്‍ പിന്നാലെ വരില്ലായിരുന്നു.

ഈ ഭാഗ്യം അനുഭവിച്ച അവസാന തലമുറയാകും ഞങ്ങളുടേത് എന്നാണ് ഞാന്‍ കരുതുന്നത്. അന്ന് ഞങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണോ സ്മാര്‍ട്ട് ടിവിയോ ഒടിടിയോ ഐ ഫോണോ ഐ പാഡോ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. ഇപ്പോഴത്തെ കുട്ടികളെ പാപ്പരാസികള്‍ ഒന്ന് ശ്വാസം വിടാന്‍പോലും സമ്മതിക്കുന്നില്ല. എനിക്ക് 18 വയസായതിനുശേഷമാണ് പാപ്പരാസികളെ അഭിമുഖീകരിക്കേണ്ടി വന്നത്. സാധാരണപോലെയുള്ള ഒരു കുട്ടിക്കാലം കിട്ടിയതില്‍ ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ്.' -ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം പറയുന്നു.