സ്തനാർബുദത്തോട് പോരാടുന്നതിനേക്കുറിച്ച് നിരന്തരം തുറന്നുപറയാറുള്ള താരമാണ് നടി ഹിന ഖാൻ. രോ​ഗം സ്ഥിരീകരിച്ചതിനേക്കുറിച്ചും ഷൂട്ടിങ്ങിനിടയിൽ ആദ്യ കീമോ ചെയ്തതിനേക്കുറിച്ചുമൊക്കെ ഹിന പങ്കുവെച്ചിട്ടുണ്ട്. ചികിത്സാനന്തരം മുടി താനേ കൊഴിയുന്നതിന് മുമ്പേ മുഴുവനായും മുറിച്ച് വി​ഗ് വച്ചതിനേക്കുറിച്ചും ഹിന പറഞ്ഞിരുന്നു. ഇപ്പോഴിതാ വി​ഗിലും വിവിധ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നതിനേക്കുറിച്ച് പറയുകയാണ് ഹിന. 

To advertise here,

വി​ഗ് ആയാലെന്താ, ഒരു ​ഗുഡ് ഹെയർ ഡേ പാഴാക്കാൻ ഒരുക്കമല്ല എന്നുപറഞ്ഞാണ് ഹിന വീഡിയോ പങ്കുവെച്ചത്. തന്നെയൊരുക്കുന്ന ഹെയർ ഡ്രസ്സർക്ക് നന്ദി പറയുന്ന ഹിന, യഥാർഥമുടി തിരികെ വളരുമ്പോൾ ലേയേഴ്സ് ആയാണ് അവ വെട്ടാൻ ഉദ്ദേശിക്കുന്നതെന്നും പറയുന്നുണ്ട്. 

തന്റെ തന്നെ മുടികൊണ്ടുണ്ടാക്കിയ വി​ഗ് ആണ് താൻ ധരിക്കുന്നതെന്ന് അടുത്തിടെ ഹിന പറഞ്ഞിരുന്നു. കാൻസറാണെന്ന് സ്ഥിരീകരിച്ച നിമിഷം തന്നെ തന്റെ മുടി കൊഴിയുമെന്ന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് ആരോ​ഗ്യകരമായി ഇരിക്കുന്ന അവസ്ഥയിൽ തന്നെ അത് മുറിക്കാമെന്ന് തീരുമാനിച്ചതെന്നും ഹിന അന്ന് പറഞ്ഞു. 

ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെയാണ് സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് അടുത്തിടെ ഹിന പങ്കുവെച്ചത്. സ്തനാർബുദത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും ചികിത്സ ആരംഭിച്ചുവെന്നും ഹിന പറഞ്ഞിരുന്നു. കാൻസറാണെന്ന് സ്ഥിരീകരിച്ച ദിവസം പുരസ്കാരനിശയിൽ പങ്കെടുത്തതിന്റെയും കീമോതെറാപ്പി കഴിഞ്ഞയുടൻ ഷൂട്ടിങ് സെറ്റിലെത്തിയതിന്റെയും ദൃശ്യങ്ങൾ ഹിന പങ്കുവെക്കുകയുണ്ടായി. തന്നേപ്പോലെ അർബു​ദത്തോട് പോരാടുന്നവർക്ക് കരുത്താകാനാണ് ഇക്കാര്യങ്ങൾ പങ്കുവെക്കുന്നതെന്നാണ് ഹിന പറയുന്നത്.