സ്റ്റേജ് 3 സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിലാണ് പ്രമുഖ ഹിന്ദി സിനിമ-ടെലിവിഷന്‍ താരം ഹിനാ ഖാന്‍. രോഗം സ്ഥിരീകരിച്ചതും കീമോ തെറാപ്പിയുടെ ഭാഗമായി നഖങ്ങള്‍ക്കുണ്ടായ നിറവ്യത്യാസം ഉള്‍പ്പെടെ അര്‍ബുദപോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ഒരു പൊതുപരിപാടിയിലും നടി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അതുമായി  ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.  താൻ കാൻസർബാധിതയായിരുന്ന ഘട്ടത്തിൽ അമ്മ ഇടയ്ക്കിടെ കരയാറുണ്ടെന്ന് ഹിനാ ഖാന്‍ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിനാ ഖാന്റെ പ്രതികരണം. 

To advertise here,

അർബുദ സ്ഥിരീകരണത്തിനുശേഷം മാതാപിതാക്കള്‍ കരയാറുണ്ടായിരുന്നുവെന്ന നടി മനിഷ കൊയ്രാളയുടെ വെളിപ്പെടുത്തല്‍ ചോദ്യകര്‍ത്താവ് പരാമര്‍ശിച്ചപ്പോള്‍ തന്റെ അമ്മയും ബാല്‍ക്കണിയില്‍വെച്ച് ഇതുപോലെ കരയാറുണ്ടായിരുന്നുവെന്ന് ഹിന പറഞ്ഞു. സ്ലൈഡിങ് ഡോര്‍ അടച്ച് അവിടെ ഇരിക്കുകയും കരയുകയും ചെയ്യും. ചില സമയത്ത് എന്റെ മുമ്പില്‍ വെച്ചും കരയും. ചിലപ്പോള്‍ പ്രാര്‍ഥനയ്ക്കിടയിലും. വേദന അനുഭവപ്പെടുമ്പോഴും ചില സമയങ്ങളില്‍ ഞാന്‍ ശാന്തഭാവത്തോടെ നില്‍ക്കും. എന്നാല്‍ എല്ലായ്പ്പോഴും അത് പറ്റാറില്ല. ഈ സമയം അമ്മ കരയും. അവര്‍ വളരെ കരുത്തുറ്റയാളാണ്. എനിക്ക് അമ്മയെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്.- ഹിനാ ഖാന്‍ പറഞ്ഞു.

പിതാവ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഇത് എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുകയെന്നതിനെ കുറിച്ച് ഞാനും അമ്മയും സംസാരിക്കാറുണ്ട്. ഒരു രാജകുമാരിയെപ്പോലെയാണ് അച്ഛന്‍ എന്നെ പരിചരിക്കാറുള്ളത്. അച്ഛന് എന്നെ ഈ അവസ്ഥയില്‍ കാണേണ്ടിവന്നില്ലല്ലോ.- ഹിനാ ഖാൻ പറഞ്ഞു. 2021-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹിനയുടെ പിതാവ് മരണപ്പെടുന്നത്. 

അടുത്തിടെ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഹിനയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുപ്പും ഗോള്‍ഡനും ചേര്‍ന്ന ഷിമ്മറി ഔട്ട് ഫിറ്റ് ധരിച്ച് വളര്‍ന്നുതുടങ്ങിയ തലമുടിയുമായി ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഹിനയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഏഴുമാസം മുന്‍പാണ് അവര്‍ തലമുടി പൂര്‍ണമായും വടിച്ചുനീക്കിയത്. അര്‍ബുദ ചികിത്സയ്ക്കിടെ ഇത് ആദ്യമായാണ് അവര്‍ ഇത്തരത്തില്‍ വെപ്പുമുടി ഉപയോഗിക്കാതെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയില്‍ നടന്ന ഒടിടി പ്ലേ അവാര്‍ഡ്‌സ് 2025-ല്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹിന. 

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ആദ്യം മുടിയുടെ നീളം കുറച്ച ഹിന, പിന്നീടത് പൂര്‍ണമായി നീക്കംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുടി കൊഴിഞ്ഞുപോകുന്നത് കാണുന്നത് വിഷമകരവും വേദനാജനകവുമാണെന്നും അതിനാലാണ് തലമുണ്ഡനം ചെയ്യാന്‍ തീരുമാനിച്ചതെന്നും അന്ന് പങ്കുവെച്ച വീഡിയോയില്‍ ഹിന വ്യക്തമാക്കുകയും ചെയ്തിരുന്നു.