
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തിൽ നിറയുകയാണ് '370 രൂപയുടെ ബിരിയാണി' വിവാദം. ഡേറ്റിങ്ങിന് വന്ന പെൺകുട്ടിക്ക് 370 രൂപയുടെ ബിരിയാണി വാങ്ങിനൽകിയെന്നും അതിന് പകരമായി അവളിൽ നിന്ന് ലൈംഗികത പ്രതീക്ഷിച്ചുവെന്നും ഹിമാൻഷു ജാഗ്ര എന്ന യുവാവ് പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ ഹിമാൻഷുവിനെതിരെ സാമൂഹികമാധ്യമത്തിൽ വിമർശനം ഉയരുകയും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തിരുന്നു.
പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയനായ പ്രണീത് മോറെയുടെ ഷോയിലാണ് വിവാദ പരാമർശമുണ്ടായത്. ഇപ്പോഴിതാ പഴയ ബോസായ വിവേക് വിശ്വകർമ്മയുമായി സംസാരിച്ച് തന്റെ ഭാഗം വിശദീകരിക്കുന്ന ഹിമാൻഷുവിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. താനിപ്പോൾ വളരെ മോശം അവസ്ഥയിലാണെന്നും സമ്മർദത്തിലാണെന്നും ഹിമാൻഷു വിവേകിനോട് പറയുന്നുണ്ട്. ഇപ്പോൾ കുടുംബത്തെ കാണുമ്പോൾ താൻ എന്തുകൊണ്ട് ആ ഷോയിൽ പോയി എന്നതോർത്ത് ഖേദിക്കുന്നുവെന്നും ഹിമാൻഷു പറയുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ഇൻസ്റ്റഗ്രാമിലൂടെ ധാരാളം ട്രോളുകൾ ലഭിക്കുന്നുണ്ട്. ഒരാഴ്ചയോളം വീട്ടിലുള്ളവർക്കോ, നാട്ടിലുള്ളവർക്കോ ആർക്കും ഇതിനേക്കുറിച്ച് അറിയില്ലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മാവൻ വിളിച്ച് എന്താണ് ഈ സംഭവമെന്ന് അന്വേഷിക്കുന്നത്. വിവരം പറഞ്ഞപ്പോൾ എന്തിനാണ് ആ ഷോയിൽ പോയതെന്ന് ചോദിച്ച് ചീത്തപറഞ്ഞു. പക്ഷേ അടുത്ത രണ്ടുദിവസങ്ങൾക്കുള്ളിൽ ഇത്രയധികം വെറുപ്പ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ഹിമാൻഷു പറയുന്നു.
ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായെന്നും ഹിമാൻഷു പറയുന്നുണ്ട്. വിവേകിനു കീഴിൽ ജോലി ചെയ്തപ്പോഴും ഓഫീസിലെ വനിതാ സഹപ്രവർത്തകരാരും തനിക്കെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നും ഹിമാൻഷു പറയുന്നുണ്ട്.
ആളുകൾ കാര്യങ്ങളെ വിനോദപരമായി കാണുന്ന സാഹചര്യമായിരുന്നു ആ ഷോയിലുണ്ടായിരുന്നത്. അവതാരകനും അങ്ങനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തനിക്ക് പ്രചോദനമേകി, കൂടുതൽ കാര്യങ്ങൾ പറഞ്ഞു- ഹിമാൻഷു പറയുന്നു.
എന്നാൽ പുതിയ വീഡിയോ പുറത്തുവന്നതോടെ ഹിമാൻഷുവിനെതിരെ വീണ്ടും വിമർശനമുയർന്നു. ഇപ്പോഴും ഷോയിൽ പോയതോർത്താണ് ഹിമാൻഷു ഖേദിക്കുന്നതെന്നും താൻ പറഞ്ഞ കാര്യങ്ങളോർത്തല്ലെന്നും നിരവധി പേർ വിമർശിച്ചു. 370 രൂപയ്ക്ക് ചിക്കൻ ബിരിയാണിക്ക് പകരമായി ശാരീരിക അടുപ്പം ആവശ്യപ്പെട്ട 22 കാരനിൽ നിന്ന് യാതൊരു ന്യായീകരണവും സ്വീകരിക്കാൻ പോകുന്നില്ലെന്നും പലരും കമന്റ് ചെയ്തു. എല്ലാ ആണുങ്ങളും ചിന്തിക്കുന്നത് ഇങ്ങനെയാണെന്നാണ് ഹിമാൻഷു കരുതിയതെന്നും ആ ക്ലിപ്പ് വൈറലായിരുന്നില്ലെങ്കിൽ ഹിമാൻഷു സുഹൃത്തുക്കളുമായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി തമാശയെന്നുപറഞ്ഞ് ചിരിക്കുമായിരുന്നുവെന്നും കമന്റുകൾ ഇട്ടവരുണ്ട്.
ഡേറ്റിങ്ങിന് പോയപ്പോൾ പെൺകുട്ടിക്ക് 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും പകരമായി ലൈംഗികതയാണ് താൻ പ്രതീക്ഷിച്ചതുമെന്ന് യുവാവ് പരസ്യമായി പറഞ്ഞതാണ് വിവാദമായത്. സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെയായിരുന്നു 23-കാരനായ ഹിമാൻഷു ജാഗ്ര ഇക്കാര്യം പറഞ്ഞത്. വിവാദപരാമർശത്തെ തുടർന്ന് സ്റ്റാർവിക് ഡിസൈൻസ് എന്ന സ്ഥാപനം ഹിമാൻഷുവിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ ഇയാൾക്ക് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയക്കുകയും മഹാരാഷ്ട്ര സൈബർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Himanshu Regrets Viral ‘370 Biryani’ Date Controversy
Published: 14 Jun 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented