സിംഗിൾസ് പ്രണയം കണ്ടെത്തുന്നത് ഡേറ്റിങ് ആപ്പിൽ നിന്നല്ല, സൂപ്പർമാർക്കറ്റിൽ നിന്നെന്ന് റിപ്പോർട്ടുകൾ. ഫിൻലൻഡിലാണ് ഡേറ്റിങ്ങിലെ പുതിയ ട്രെൻഡ് ഉടലെടുത്തിരിക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പലചരക്കുസാധനങ്ങൾ കിട്ടുന്ന ഇടങ്ങളിൽ നിന്ന് യാദൃച്ഛികമായ സിനിമാറ്റിക് കണ്ടുമുട്ടലുകൾ നടക്കുന്ന അവിടെ നിന്ന് ബന്ധങ്ങളിലേക്ക് മാറുന്ന പുതിയ സാമൂഹിക ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. സിംഗിളാണോ സാധനങ്ങൾ വാങ്ങുന്നതിനായി ഒരു പിങ്ക് കുട്ടയുമായി സൂപ്പർമാർക്കറ്റിൽ കയറിയാൽ മതി. സാധനങ്ങൾക്കൊപ്പം പുതിയ സൗഹൃദവുമായി സൂപ്പർമാർക്കറ്റിൽനിന്ന് ഇറങ്ങാം.

To advertise here,

ഫിന്നിഷ് സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് ചാരനിറത്തിലുള്ളതോ, കറുപ്പ് നിറത്തിലുള്ളതോ ആയ കുട്ടകൾ അല്ലെങ്കിൽ പിങ്ക് കുട്ടകൾ തിരഞ്ഞെടുക്കാം. 'സിംഗിളാണ്, മിംഗിളാകാൻ ആഗ്രഹമുണ്ടെന്നാ'ണ് പിങ്ക് കുട്ട നൽകുന്ന സന്ദേശം. സംഗതി എന്തായാലും സോഷ്യൽമീഡിയ ഏറ്റെടുത്തു. ഡേറ്റിങ് ആപ്പുകൾക്ക് ഒരു മികച്ച ബദൽ എന്ന രീതിയിലാണ് ഫിന്നിഷ് യുവത പുതിയ ഡേറ്റിങ് രീതിയെ വിശേഷിപ്പിക്കുന്നത്.

സൂപ്പർമാർക്കറ്റിലെ ഡേറ്റിങ് ആദ്യമായിട്ടല്ല

കഴിഞ്ഞ വർഷം യൂറോപ്പിൽ ഒരു സൂപ്പർമാർക്കറ്റിൽ സമാനമായ രീതിയിൽ ഡേറ്റിങ് നടന്നിരുന്നു. പിങ്ക് കുട്ടയ്ക്ക് പകരം പൈനാപ്പിളാണ് അന്ന് യുവാക്കൾ തിരഞ്ഞെടുത്തത്. തങ്ങൾ സിംഗിളാണെന്ന് സൂചിപ്പിക്കുന്നതിനായി ഷോപ്പിങ് ട്രോളികളിൽ തലകീഴായി പൈനാപ്പിൾ വച്ചുകൊണ്ടാണ് മിംഗിളാകാനുള്ള താല്പര്യം അറിയിച്ചത്. ഇത് പിന്നീട് സ്‌പെയിനും ഏറ്റെടുത്തു. സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനായി എത്തുന്നവർക്കൊപ്പം സമയം ചെലവഴിക്കാനായി വൈകുന്നേരം 7-8 മണിക്കുള്ളിൽ സൂപ്പർമാർക്കറ്റിൽ ആളുകൾ എത്തിത്തുടങ്ങി. ഇത് ടിക് ടോക്കിൽ വൈറലായതോടെ നിരവധി ആളുകളാണ് സൂപ്പർമാർക്കറ്റുകൾ സാമൂഹികഇടപഴകലിനുള്ള കേന്ദ്രമായി ഏറ്റെടുത്തത്.

സ്‌നേഹം കണ്ടെത്താൻ എന്തിന് സൂപ്പർമാർക്കറ്റുകൾ?

ഡേറ്റിങ്ങ് ആപ്പുകളോടുള്ള മടുപ്പാകാം സൂപ്പർമാർക്കറ്റുകളെ ഡേറ്റിങ് സ്‌പോട്ടുകളായി യുവാക്കൾ പരിഗണിക്കുന്നതിനുള്ള കാരണമത്രേ. ഡേറ്റിങ് ആപ്പുകളിലൂടെയും അനന്തമായ പ്രൊഫൈലുകളിലൂടെയും വർഷങ്ങളായി സഞ്ചരിച്ചതിന് ശേഷം പലരും സ്വാഭാവികമായ, വിശ്വസ്തമായ ബന്ധങ്ങൾ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് സൂപ്പർമാർക്കറ്റുകൾ ഡേറ്റിങ് സ്‌പോട്ടുകളാക്കുന്നതിന് പിന്നിലെ മനശാസ്ത്രമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫിൻലൻഡിലെ പിങ്ക് ഷോപ്പിങ് ബാസ്‌ക്കറ്റായാലും സ്‌പെയിനിലെ തലകീഴായ ആപ്പിൾ ആയാലും അൽഗോരിതത്തിനപ്പുറം പരസ്പരം കണ്ടുമുട്ടാനുള്ള വഴികൾ ആളുകൾ തിരയുകയാണെന്ന് സാരം.