ഡേറ്റിങ്ങിന് പോകുമ്പോൾ പറ്റിയ ഏറ്റവും നല്ല വസ്ത്രമേതാണ്? സംസാരിക്കുമ്പോൾ എങ്ങാനും തെറ്റിപ്പോകുമോ? നമ്മുടെ ചില സ്വഭാവങ്ങൾ കണ്ടാൽ അവർക്ക് ഇഷ്ടപ്പെടാതിരിക്കുമോ? ഇങ്ങനെ ആദ്യത്തെ മീറ്റിങ്ങിന് പോകും മുൻപ് പലർക്കും ഇത്തരം ആശങ്കകളുണ്ടാകും. എന്നാൽ പ്രണയിക്കാൻ വേണ്ടി മാത്രം വേറൊരാളായി അഭിനയിക്കാനൊന്നും വയ്യെന്ന നിലപാടിലാണ് പുത്തൻ തലമുറ.

To advertise here,

'ഇതാണ് എന്റെ യഥാർത്ഥ സ്വഭാവം, ഇതിൽ തെറ്റുകുറ്റങ്ങളുണ്ടാകാം, ബലഹീനതകളുണ്ടാകാം... ഇത് അംഗീകരിക്കാൻ പറ്റുമെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോകാം' എന്ന് തുറന്നുപറയുന്ന പുതിയ ഡേറ്റിംഗ് രീതിയാണ് ഗോബ്ലിന്റിമസി' (Goblintimacy). ആപ്പുകളിലെ തിളങ്ങുന്ന ഫിൽട്ടറുകൾക്കപ്പുറം, മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിലെ ഈ 'റിയൽ' പ്രണയത്തെക്കുറിച്ചാണ് ഇത് പറയുന്നത്.

ഓൺലൈൻ ഡേറ്റിംഗ് ആപ്പുകളിൽ തങ്ങളുടെ ഏറ്റവും മികച്ച ചിത്രം മാത്രമിട്ട്, മുഖംമൂടികളണിഞ്ഞ് ആദ്യ ഡേറ്റുകൾക്ക് പോകുന്ന പഴയരീതിയിലൊക്കെ മാറ്റം വരികയാണ്. ഇതിന് പകരമായി, സ്വന്തം പോരായ്മകളും പ്രത്യേകതകളും ഒട്ടും മറച്ചുവെക്കാതെ തികച്ചും സ്വാഭാവികമായി പങ്കാളിയെ നേരിടുന്ന പുതിയ പ്രണയ തരംഗമായി ഗോബ്ലിന്റിമസി' മാറി.

'ഗോബ്ലിൻ' (Goblin), 'ഇന്റിമസി' (Intimacy) എന്നീ വാക്കുകൾ ചേർന്നാണ് ഗോബ്ലിന്റിമസി എന്ന പദം രൂപപ്പെട്ടത്. 2022-ൽ ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയുടെ 'വേഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ട 'ഗോബ്ലിൻ മോഡ്' (Goblin Mode) എന്ന പ്രയോഗത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സാമൂഹിക മാനദണ്ഡങ്ങളെയും പെർഫെക്ഷനെയും തള്ളിക്കളഞ്ഞ് തങ്ങളായിരിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന രീതിയാണിത്.

തങ്ങളുടെ തെറ്റുകുറ്റങ്ങളും ബലഹീനതകളും മറച്ചുവെക്കാതെ, 'ഞാൻ ഇങ്ങനെയാണ്' എന്ന് തുറന്നുപറഞ്ഞ് ഡേറ്റിംഗിന് പോകുന്നു. സോഷ്യൽ മീഡിയയിലോ ഡേറ്റിംഗ് ആപ്പുകളിലോ കാണിക്കുന്ന 'പെർഫെക്റ്റ്' ഇമേജിന് പകരം തികച്ചും റിയലിസ്റ്റിക്കായ ഒരു രൂപവും ഭാവവും നിലനിർത്തുകയൊക്കെയാണ് ഇതിന്റെ രീതി.

ഇതിന് മറ്റുചില ഗുണങ്ങളുമുണ്ട്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നത് വഴി അനാവശ്യമായ സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാം. നിങ്ങൾക്ക് ചേരാത്ത ആളാണെങ്കിൽ തുടക്കത്തിൽ തന്നെ അത് തിരിച്ചറിയാൻ സാധിക്കും. എപ്പോഴും മറ്റൊരാളെ ആകർഷിക്കാൻ അമിതമായി വേഷം കെട്ടേണ്ടിവരുന്ന സമ്മർദ്ദം ഇതിലൂടെ ഇല്ലാതാകും. സ്വന്തം പോരായ്മകൾ പരസ്പരം തുറന്നുപറയാൻ സാധിക്കുന്നത് പങ്കാളികൾക്കിടയിൽ കൂടുതൽ വിശ്വസ്തതയും ആത്മബന്ധവും നിലനിർത്തും.

ഗോബ്ലിന്റിമസി നല്ലൊരു ആശയമാണെങ്കിലും, വിദഗ്ദ്ധർ ഇതിനെക്കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്: യഥാർത്ഥ വ്യക്തിത്വം കാണിക്കുന്നതും നിങ്ങളുടെ മുൻകാല മാനസികവിഷമങ്ങളും പ്രയാസങ്ങളും ആദ്യ ദിനം തന്നെ മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കുന്നതും (Trauma Dumping) രണ്ടാണ്. സ്വാഭാവികമായി പെരുമാറുന്നു എന്നതിനർത്ഥം മറ്റൊരാളോട് അനാദരവോടെയോ മോശമായോ പെരുമാറാം എന്നില്ല. നിങ്ങളുടെ ഭൂതകാലത്തിലെ എല്ലാ കയ്‌പേറിയ സത്യങ്ങളും ആദ്യ നിമിഷത്തിൽ തന്നെ കേൾപ്പിക്കുന്നത് പങ്കാളിയെ അകറ്റാൻ കാരണമായേക്കാം. വ്യാജമായ പെർഫെക്ഷനേക്കാൾ ആത്മാർത്ഥതയ്ക്കാണ് പുതിയ തലമുറ മുൻഗണന നൽകുന്നത് എന്നതിന്റെ ഉദാഹരണമാണ് ഗോബ്ലിന്റിമസി.