കഫേകളിലെ വിരസമായ സംഭാഷണങ്ങൾക്കും മൊബൈൽ ആപ്പുകളിലെ സൈ്വപ്പുകൾക്കും വിട. ഡേറ്റിംഗ് ലോകത്ത് ഇപ്പോൾ തരംഗമാകുന്നത് വേറിട്ടൊരു ട്രെൻഡാണ്- 'പ്രൊട്ടസ്റ്റ് ഡേറ്റിങ്' മുദ്രാവാക്യം വിളികളും പ്രതിഷേധ പ്ലക്കാർഡുകളും നിറഞ്ഞ സമരപ്പന്തലുകളും റാലികളുമാണ് പുതിയ തലമുറ തങ്ങളുടെ പങ്കാളിയെ കണ്ടെത്താനുള്ള വേദിയാക്കുന്നത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ എത്തുന്നതിനൊപ്പം, തങ്ങളുടെ ആശയങ്ങളുമായി ഒത്തുപോകുന്ന പങ്കാളികളെ കണ്ടെത്താനാകും എന്നതാണ് ചെറുപ്പക്കാരെ ഇത്തരം ഇടങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.

To advertise here,

ഇതൊരു വെറും ട്രെൻഡ് മാത്രമല്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഡേറ്റിംഗ് ആപ്പായ 'ഹാപ്പൻ' നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം ഇന്ത്യയിലെ സിംഗിൾസായ ചെറുപ്പക്കാരിൽ 35 ശതമാനം പേരും തങ്ങൾക്ക് ഏതെങ്കിലും ഒരു പ്രതിഷേധ റാലിക്കിടെ അപരിചിതനായ/അപരിചിതയായ വ്യക്തിയോട് പ്രണയമോ ആകർഷണമോ തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിത്വവും അല്ലാത്തപ്പോൾ മറ്റൊന്നുമല്ല ഇന്ത്യൻ യുവത ആഗ്രഹിക്കുന്നതത്രേ. അവർക്ക് ഒരു വ്യക്തിയുടെ യാഥാർഥ്യമെന്തെന്ന് അറിഞ്ഞ് ബന്ധങ്ങളിലേക്ക് കടക്കാനാണ് താല്പര്യം. പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ആളുടെ യഥാർത്ഥ സ്വഭാവവും രൂപവും കാണാൻ സമരഇടങ്ങൾ സഹായിക്കുന്നു. മേക്കപ്പും മനോഹരവുമായി വസ്ത്രവുമണിഞ്ഞ് റിഹേഴ്‌സൽ ചെയ്ത പെരുമാറ്റവുമായാണ് പലരും ആദ്യ ഡേറ്റിങ്ങിന് എത്താറുള്ളത്. അതല്ലാതെ വെയിലിൽ വിയർത്ത്, മുദ്രാവാക്യം വിളിക്കുന്ന ഒരാളെ കാണുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 64 ശതമാനം പേർ അഭിപ്രായപ്പെട്ടു.

ഒരു വിഷയത്തിൽ ഉറച്ച നിലപാടുള്ളതും അതിനായി ശബ്ദമുയർത്തുന്നതും ആകർഷകമായ ഗുണമായി സാക്ഷ്യപ്പെടുത്തുന്നത് 31 ശതമാനം പേരാണ്. അനുകമ്പയും ദയയും ഉള്ളവരാണ് എന്ന തിരിച്ചറിവ് (25%), തമാശ രൂപേണ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് (24%) എന്നിവയും സമരപ്പന്തലുകളിലെ ഡേറ്റിങ്ങിന്റെ ഗുണമായി ചെറുപ്പക്കാർ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമാണെങ്കിൽ പോലും പ്രണയത്തിന് അതൊരു തടസ്സമല്ല. റാലിക്കിടെ തങ്ങൾക്ക് പെട്ടെന്ന് ആകർഷണം തോന്നിയ ആളുമായി, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരാണെങ്കിൽ പോലും മുന്നോട്ട് പോകാൻ തയ്യാറാണെന്ന് 28 ശതമാനം ചെറുപ്പക്കാർ പറയുന്നു. പതുക്കെ പൊതുവായ താല്പര്യങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷ പങ്കുവെക്കുന്നവർ 23 ശതമാനമാണ്. ഡേറ്റിങ് ലോകത്തെ മോശം രീതികളിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നുണ്ട്.

37% പേർ ആവശ്യപ്പെടുന്നത് ലവ് ബോംബിങ്ങിൽ, അതായത് അമിതമായ സ്‌നേഹവും സമ്മാനങ്ങളും നൽകി വശത്താക്കുന്ന രീതിയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.36% പേർക്ക് രാത്രി വൈകിയുള്ള മെസേജുകളിൽനിന്ന് മുക്തി വേണം.19% പേർ 'ഗോസ്റ്റിംഗ്', അതായത് മുന്നറിയിപ്പുമില്ലാതെ ആശയവിനിമയം അവസാനിപ്പിക്കുന്ന രീതി ആഗ്രഹിക്കുന്നില്ല. 'സ്വന്തം വ്യക്തിത്വം മറച്ചുവെക്കാതെ ജീവിക്കുന്നതിലാണ് യഥാർത്ഥ സ്വാതന്ത്ര്യം' എന്നാണ് 42% പേർ വ്യക്തമാക്കുന്നത്.

ചുരുക്കത്തിൽ, കോഫി ഷോപ്പുകൾക്കും പാർക്കുകൾക്കും അപ്പുറം, തങ്ങളുടെ നിലപാടുകൾ തുറന്നുപറയുന്ന വലിയ ജനക്കൂട്ടങ്ങൾക്കിടയിൽ പരസ്പരം കണ്ടുമുട്ടുന്ന പ്രണയങ്ങൾക്ക് പുതിയ അർഥതലം നൽകുകയാണ് പുതിയ തലമുറ.