
ധര്‍മേന്ദ്രയും പ്രകാശ് കൗറും/ ധര്‍മേന്ദ്ര ഹേമാ മാലിനിക്കൊപ്പം | Photo: x/ ANI
നടന്‍ ധര്‍മേന്ദ്രയുടെ സിനിമകള്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഭാര്യയും നാല് മക്കളുമുള്ള വ്യക്തി നടി ഹേമാമാലിനിയെ വിവാഹം ചെയ്തതോടെയാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായത്. ബോളിവുഡില്‍ എത്തുന്നതിനും മുമ്പായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യ വിവാഹം. 19-ാം വയസില്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതായിരുന്നു ആ ബന്ധം. അങ്ങനെ പ്രകാശ് കൗര്‍ അദ്ദേഹത്തിന്റെ ഭാര്യയായെത്തി. എന്നാല്‍ 1959-ല്‍ ഫിലിം ഫെയര്‍ ടാലന്റ് ഹണ്ട് മത്സരത്തില്‍ വിജയിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. ആ വിജയമാണ് മുംബൈയിലേക്കുള്ള വഴി തുറന്നുകൊടുത്തതും. ഒടുവില്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' (1960) എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. പിന്നീട് ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായി. ഇതിനിടയില്‍ ധര്‍മേന്ദ്രയ്ക്കും പ്രകാശ് കൗറിനും നാല് മക്കള്‍ ജനിച്ചു.
പിന്നീടാണ് നടി ഹേമമാലിനി ധര്‍മേന്ദ്രയുടെ ജീവിതത്തിലേക്ക് വരുന്നത്. 1970ല്‍ 'തും ഹസീന്‍ മേം ജവാന്‍' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര ആദ്യമായി ഹേമമാലിനിയുമായി ഒന്നിക്കുന്നത്. അധികം വൈകാതെ, അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയമായി മാറിയെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് ഷറാഫത്ത് (1970), നയാ സമാന (1971), സീത ഓര്‍ ഗീത (1972), ജുഗ്‌നു (1973), ദോസ്ത് (1974), ഷോലെ (1975) തുടങ്ങി ഒട്ടേറെ വിജയചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. അപ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായി.
1980-ല്‍ വലിയ വിവാദങ്ങള്‍ക്കിടയില്‍ ധര്‍മേന്ദ്രയും ഹേമമാലിനിയും വിവാഹിതരായി. അന്നാണ് ജീവിതത്തില്‍ ആദ്യമായും അവസാനമായും പ്രകാശ് കൗര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. 'ധര്‍മേന്ദ്ര നല്ലൊരു ഭര്‍ത്താവല്ല. പക്ഷേ അദ്ദേഹം നല്ലൊരു അച്ഛനാണ്. ഹേമാജി വളരെ സുന്ദരിയാണ്. ഏതൊരു പുരുഷനും അവരിലേക്ക് ആകര്‍ഷിക്കപ്പെടാം' എന്നായിരുന്നു അവരുടെ വാക്കുകള്‍.
ഹേമമാലിനിയാകട്ടെ ആ അതിര്‍വരമ്പുകളെ ബഹുമാനിക്കുകയും ധര്‍മേന്ദ്രയുടെ ആദ്യ കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങളിലോ അവരോടൊപ്പം ജീവിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിലോ ഒരിക്കലും ഇടപെടുകയും ചെയ്തില്ല. 1999-ല്‍ സിമി ഗരെവാളിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരിക്കലും പ്രകാശുമായി മത്സരിക്കാനോ ധര്‍മേന്ദ്രയുടെ കുടുംബജീവിതം തകര്‍ക്കാനോ ശ്രമിച്ചിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു. 'നിങ്ങള്‍ ഒരാളെ അത്രയധികം സ്‌നേഹിക്കുമ്പോള്‍ ആ വ്യക്തിയില്‍ നിന്ന് നിങ്ങള്‍ക്ക് അത്രയധികം സ്‌നേഹം തിരികെ ലഭിക്കുമ്പോള്‍, അത്തരം നിസ്സാര കാര്യങ്ങളുടെ പേരില്‍ ആ വ്യക്തിയെ എങ്ങനെ വേദനിപ്പിക്കാന്‍ കഴിയും?' അവര്‍ ചോദിച്ചു. 'ഞാന്‍ അദ്ദേഹത്തെ ഒരിക്കലും ദേഷ്യം പിടിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു.' അഭിമുഖത്തില്‍ അന്ന് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്.
പ്രകാശിനോടോ അദ്ദേഹത്തിന്റെ ആദ്യ കുടുംബത്തോടോ എന്തെങ്കിലും നീരസമുണ്ടോ എന്ന ചോദ്യത്തിന് ഹേമയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഒരിക്കലുമില്ല. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഏറ്റവും സന്തോഷവതിയായിരിക്കുന്നത്. നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?'
തുടക്കം മുതലേ ധര്‍മേന്ദ്രയുടെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതിനാലാണ് തനിക്ക് ഇതെല്ലാം അംഗീകരിക്കാന്‍ കഴിഞ്ഞതെന്ന് അവര്‍ പറഞ്ഞു. യാഥാര്‍ത്ഥ്യത്തെ എതിര്‍ക്കുന്നതിനു പകരം അതിനെ അംഗീകരിക്കാനാണ് അവര്‍ തീരുമാനിച്ചത്. റാം കമല്‍ മുഖര്‍ജി എഴുതിയ 'ഹേമമാലിനി: ദ ഡ്രീം ഗേള്‍' എന്ന തന്റെ ജീവചരിത്രത്തില്‍ അവര്‍ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. 'ഞാന്‍ ആരെയും ശല്യപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ധരംജി എനിക്കും എന്റെ പെണ്‍മക്കള്‍ക്കും വേണ്ടി ചെയ്ത കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടയാണ്. ഏതൊരു അച്ഛനെയും പോലെ അദ്ദേഹം തന്റെ പിതൃധര്‍മ്മം നിര്‍വഹിച്ചു.' അവര്‍ കൂട്ടിച്ചേര്‍ത്തു, 'ഞാനെന്റെ ജീവിതം കലയ്ക്കും സംസ്‌കാരത്തിനുമായി ഉഴിഞ്ഞുവെച്ചതുകൊണ്ടാണ് എന്റെ അന്തസ്സ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. ഞാന്‍ പ്രകാശിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും അവരെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. എന്റെ പെണ്‍മക്കള്‍ പോലും ധരംജിയുടെ കുടുംബത്തെ ബഹുമാനിക്കുന്നു.' ഹേമമാലിനി ജീവചരിത്രത്തില്‍ പറയുന്നു.
മുംബൈയിലെ ജുഹുവില്‍ തൊട്ടടുത്ത വീടുകളില്‍ താമസിച്ചിട്ടും ഹേമയും പ്രകാശും ഒരിക്കലും കണ്ടുമുട്ടിയില്ല. 2015-ല്‍ മാത്രമാണ് അതിനൊരു മാറ്റം സംഭവിച്ചത്. അസുഖബാധിതനായിരുന്ന ധര്‍മേന്ദ്രയുടെ സഹോദരന്‍ അജിത് സിങ് ഡിയോളിനെ ഇഷ ഡിയോള്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. ആ സന്ദര്‍ശനത്തിനിടെ അവര്‍ അവിചാരിതമായി പ്രകാശിനെ കാണുകയും കാലില്‍ തൊട്ട് വന്ദിക്കുകയും ചെയ്തു. 'അവര്‍ എന്നെ അനുഗ്രഹിച്ചു, ഞാന്‍ അവിടെ നിന്ന് പോന്നു,' ഇഷ ഹേമമാലിനിയുടെ ജീവചരിത്രത്തില്‍ ഓര്‍മിക്കുന്നു.
Content Highlights: hema malini and prakash kaur lived minutes away from each other never crossed paths
Published: 01 Dec 2025, 10:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented