'അവന്റെ മുഖം എന്നെ കാണിക്കൂ... ഞാന്‍ അവനെ ഒരുതവണ കൂടി കാണട്ടെ... നീ എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ... വരുമെന്ന് എനിക്ക് വാക്കുതന്നതല്ലേ...' പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സാനിയയുടെ ഈ വാക്കുകള്‍ കേട്ടുനില്‍ക്കാന്‍ അവിടെ കൂടിയവര്‍ക്കാര്‍ക്കും സാധിച്ചില്ല. കണ്‍മുന്നില്‍ മരവിച്ചുകിടക്കുന്ന തന്റെ പ്രിയപ്പെട്ടവനെ നോക്കി നെഞ്ചുതകര്‍ന്ന് കരയുന്ന അവളെ ആശ്വസിപ്പിക്കാനും ആര്‍ക്കും കഴിഞ്ഞില്ല. സാനിയയെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. 

To advertise here,

കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തിലെ ജാംനഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ ജെറ്റ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് സിദ്ധാര്‍ഥ് യാദവ് മരിച്ചിരുന്നു. ഹരിയാണയിലെ ഗ്രാമത്തിലെ വീട്ടില്‍ സിദ്ധാര്‍ഥിന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് ഈ വൈകാരിക രംഗങ്ങളുണ്ടായത്. 

സിദ്ധാര്‍ഥിന്റെ പ്രതിശ്രുതവധുവായിരുന്നു സാനിയ. സിദ്ധാര്‍ഥിന്റെ മൃതദേഹത്തിനരികിൽ നിന്നുള്ള സാനിയയുടെ കരച്ചില്‍ ആരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. പത്ത് ദിവസം മാത്രം മുമ്പാണ് സിദ്ധാര്‍ഥും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഈ ദുരന്തം ഉണ്ടായിരുന്നില്ലെങ്കില്‍ നവംബര്‍ രണ്ടിന് ഇരുവരും വിവാഹിതരാകേണ്ടതായിരുന്നു. 

സാങ്കേതിക തകരാറിനെ തുടർന്നാണ് ജാംനഗർ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട സിദ്ധാർഥ് പറത്തിയ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണത്. വിമാനത്തിന്റെ തകരാർ ശ്രദ്ധയില്‍പെട്ട ഉടന്‍ തനിക്കൊപ്പമുണ്ടായിരുന്ന പൈലറ്റ് മനോജ് കുമാര്‍ സിങ്ങിനെ 'ഇജക്ട്' ചെയ്ത് രക്ഷപ്പെടുത്തുകയും തുടര്‍ന്ന് വിമാനത്തെ ജനവാസമുള്ള പ്രദേശത്തുനിന്ന് അകലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

സിദ്ധാർഥിന്‍റെ ഈ ധീരത സഹപൈലറ്റിന്റേയും അനേകം ജനങ്ങളുടേയും ജീവന്‍ രക്ഷിച്ചു. എന്നാല്‍ സ്വന്തം ജീവൻ രക്ഷിക്കാൻ സിദ്ധാർഥിന് സാധിച്ചില്ല. വിശാലമായ വയലില്‍ വിമാനം തകര്‍ന്നുവീണു. 

ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങളാണ് സിദ്ധാര്‍ഥിനെ അവസാനമായി കാണാനും യാത്രയാക്കാനുമായി വീട്ടിലേക്ക് ഒഴുകിയെത്തിയത്. വ്യോമസേനാംഗങ്ങള്‍, സായുധസേനാംഗങ്ങള്‍, പോലീസുകാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും വീട്ടിലെത്തിയിരുന്നു. പൂര്‍ണ സൈനിക ബഹുമതിയോടെയാണ് സിദ്ധാര്‍ഥ് യാദവിന്റെ മൃതദേഹം സംസ്‌കരിച്ചത്.