ശരീരഭാരം കുറച്ച് ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതിനായി കഠിനാധ്വാനം ചെയ്യുന്ന ഒട്ടേറെ പേരെ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ കാണാം. എന്നാല്‍ ശരീരഭാരം കുറച്ചാല്‍ അതിന് സമ്മാനം കിട്ടിയാലോ? അതും ആഡംബര കാറായ പോര്‍ഷെ. ഉപഭോക്താക്കള്‍ക്കായി വ്യത്യസ്തമായ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ജിമ്മാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

To advertise here,

ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ബിന്‍ഷോ എന്ന സ്ഥലത്തുള്ള ജിമ്മാണ് ഓഫര്‍ മുന്നോട്ടുവെച്ചത്. മൂന്നുമാസം കൊണ്ട് 50 കിലോഗ്രാം ശരീരഭാരം കുറയ്ക്കുന്നവര്‍ക്കാണ് സമ്മാനമായി പോര്‍ഷേയുടെ പനാമെര കാര്‍ ലഭിക്കുക. 11 ലക്ഷം യുവാന്‍ അഥവാ 1.3 കോടി രൂപ വിലയുള്ള കാറാണ് ഇത്. ജിമ്മില്‍ ചേരാനായി 10,000 യുവാന്‍ അഥവാ 1.2 ലക്ഷം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഭക്ഷണം, താമസം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

Also Read: 'ഫിറ്റ്‌നെസ് വേണോ? ദിവസവും കുറച്ച് പഞ്ചസാര കഴിക്കണം'; മൂന്ന് കാരണങ്ങള്‍ വിശദീകരിച്ച് തമന്നയുടെ ഫിറ്റ്‌നസ് കോച്ച്

30 മത്സരാര്‍ഥികള്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുകയെന്ന് ജിമ്മിലെ പരിശീലകനായ വാങ് പറയുന്നു. ഏഴോ എട്ടോ പേര്‍ ഇപ്പോള്‍ തന്നെ മത്സരത്തിന് തയ്യാറായി വന്നുകഴിഞ്ഞു. സമ്മാനമായി നല്‍കുക പുതിയ കാറല്ല എന്നും ജിം ഉടമ ഉപയോഗിച്ചിരുന്ന 2020 മോഡല്‍ കാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജിമ്മിന്റെ 'ഓഫറി'നെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. ഇത്ര ചെറിയ കാലയളവില്‍ ഇത്ര വലിയ അളവ് ശരീരഭാരം കുറയ്ക്കുകയെന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് അവരുടെ വിമര്‍ശനം. പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് പേശീനഷ്ടം, പിത്താശയക്കല്ല്, ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ, പോഷകക്കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Don’t Miss: ആറ് മാസം കൊണ്ട് കുറച്ചത് 27 കിലോ ശരീരഭാരം; വെയിറ്റ് ലോസ് ടിപ്പ് പങ്കുവെച്ച് യുവതി

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ജിമ്മിന്റെ ഓഫറിന് താഴെ രസകരമായ ഒട്ടേറെ കമന്റുകളാണ് വരുന്നത്. '50 കിലോ കുറച്ചാല്‍ പിന്നെ എനിക്ക് ആകെ അഞ്ച് കിലോ ഭാരമേ ഉണ്ടാകൂ. ഞാന്‍ അപ്പോള്‍ ജീവിച്ചിരിക്കുമോ' എന്നാണ് ഒരാള്‍ കുറിച്ചത്. 'മൂന്ന് മാസം കൊണ്ട് 50 കിലോ കുറയ്ക്കുകയെന്നത് യഥാര്‍ഥത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. അങ്ങനെ ചെയ്താല്‍ ഭാരം മാത്രമല്ല, ആളും ഇല്ലാതാകും. രജിസ്‌ട്രേഷന് 10,000 യുവാന്‍ വീതം 30 പേരില്‍ നിന്ന് വാങ്ങിയാല്‍ ഉടമയ്ക്ക് പുതിയൊരു കാറും വാങ്ങാം, ഒപ്പം പഴയ കാര്‍ കൈയില്‍ തന്നെ വെക്കുകയും ചെയ്യാം. ഒടുവിലെ ലാഭം അയാള്‍ക്കാണ്. ബുദ്ധിപരമായ കച്ചവട തന്ത്രമാണ് ഇത്.' -ഇതാണ് മറ്റൊരാളുടെ നിരീക്ഷണം.