ഴിഞ്ഞ മേയിലാണ് തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും പങ്കുവെച്ചിരുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കുറിപ്പിലുണ്ടായിരുന്നു.

To advertise here,

ഇതിന് പിന്നാലെ ജി.വി പ്രകാശ് കുമാറും നടി ദിവ്യ ഭാരതിയുമായി ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ദിവ്യ ഭാരതിയും പ്രകാശ് കുമാറും തമ്മിലുള്ള ബന്ധമാണ് സൈന്ധവിയുമായി വേര്‍പിരിയാന്‍ കാരണം എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ദിവ്യഭാരതി സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. 

ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ദിവ്യ ഭാരതിയും ജി.വി പ്രകാശ് കുമാറും. ഏതാനും സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്ന അടുപ്പമല്ലാതെ മറ്റൊന്നും തനിക്കും ജി.വി പ്രകാശിനും ഇടയില്‍ ഇല്ലെന്നും ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചുന്നുവെന്നും ദിവ്യ ഭാരതി വ്യക്തമാക്കി. കിങ്സ്റ്റണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഭാരതി.

'ഞാനും ജി.വി പ്രകാശും സുഹൃത്തുക്കള്‍ മാത്രമാണ്. വേര്‍പിരിഞ്ഞതിനുശേഷം സൈന്ധവിയും ജി.വി പ്രകാശും ഒരുമിച്ച് സംഗീതപരിപാടി ചെയ്തപ്പോള്‍ ഞാന്‍ വളരേയധികം സന്തോഷിച്ചു. ഇനി എന്നെ ലക്ഷ്യംവെച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകില്ലെന്ന് കരുതി. എന്നാല്‍ സൈബര്‍ ആക്രമണം ശക്തമാകുകയാണ് ചെയ്തത്. എന്നെ വിമര്‍ശിച്ച് സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ മെസ്സേജ് അയച്ചത്. എന്തിനാണ് നിങ്ങള്‍ ആ ബന്ധം നശിപ്പിച്ചതെന്നും അവര്‍ എത്ര നല്ല ദമ്പതികളായിരുന്നു എന്നുമെല്ലാമാണ് എനിക്ക് മെസ്സേജ് വരിക. ഇതെല്ലാം ഞാന്‍ പ്രകാശിന് അയച്ചുകൊടുക്കും. അവരൊക്കെ അങ്ങനെയാണെന്നും അതൊന്നും ഗൗരവത്തില്‍ എടുക്കേണ്ടെന്നും പ്രകാശ് മറുപടി നല്‍കും.'-ദിവ്യ ഭാരതി പറയുന്നു.

ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ദിവ്യ ഭാരതിയെ കണ്ടുമുട്ടിയതെന്നും സാധാരണ സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്നും ജി.വി പ്രകാശ് വ്യക്തമാക്കി. ആളുകള്‍ പറയുന്നതു പോലെയുള്ള ഒരു ബന്ധം ദിവ്യ ഭാരതിയുമായി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വേര്‍പിരിഞ്ഞതിനുശേഷം മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് പ്രകാശും സൈന്ധവിയും വേദി പങ്കിട്ടത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് കുമാര്‍ അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.  

എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.