മാലിന്യക്കൂന പെരുകാന്‍ സാധ്യതയുള്ള ഓണക്കാലത്ത് മാവേലിയുടെ ശുചിത്വസന്ദേശം വീടുകളിലെത്തും. 'ഹരിത ഓണം' എന്ന ബ്രാന്‍ഡോടെ, 'വൃത്തിയുടെ ചക്രവര്‍ത്തി'യെന്ന ടാഗ്ലൈനില്‍ മാവേലിയെ അവതരിപ്പിക്കും. സാമൂഹികമാധ്യമങ്ങളിലും മാവേലിയെത്തും.

To advertise here,

റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളടക്കമുള്ള സന്നദ്ധസംഘടനകളും നടത്തുന്ന ഓണപ്പരിപാടികളില്‍ എന്റെ വീട് മാലിന്യമുക്തം, ഹരിത വീട് എന്നീ വിഷയങ്ങളില്‍ റീല്‍സ് മത്സരം നടത്താന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ക്കുള്ള പ്രസംഗ, രചനാ മത്സരങ്ങളില്‍ വൃത്തി വിഷയമാക്കണം. പരിപാടിക്കുശേഷം ശുചീകരണം നടത്തണം. സമാപനസമ്മേളനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കും.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടോ മൂന്നോ തവണ വീടുകളില്‍ ഹരിതകര്‍മസേനയെത്തി മാലിന്യം ശേഖരിക്കും. ഓണത്തിനു മുന്‍പ് ഇ-മാലിന്യവും സാനിറ്ററി മാലിന്യവും ഒഴികെയുള്ള അജൈവമാലിന്യം ശേഖരിക്കാനും നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് വിജിലന്‍സ് സ്‌ക്വാഡുണ്ടാകും.

ഹരിത ഓണത്തിന് ഇങ്ങനെയൊക്കെ

  • ഓണാഘോഷത്തിനു കൂടുതല്‍ ആളുകള്‍ എത്തുന്നിടത്തും വ്യാപാരസ്ഥാപനങ്ങളിലും ബിന്നുകള്‍ ഉറപ്പാക്കും. ഓഫീസുകളിലടക്കം പൂക്കളമൊരുക്കാനും അലങ്കാരങ്ങള്‍ക്കും പ്ലാസ്റ്റിക് അനുവദിക്കില്ല. സദ്യയ്ക്ക് പ്ലാസ്റ്റിക്കിലുള്ള കപ്പ്, പാത്രം, ഇല, സ്പൂണ്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ നടപടി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും തടയും.
  • ഓണത്തിനു വഴിയോരക്കച്ചവടക്കാര്‍ വഴിയുണ്ടാകുന്ന മാലിന്യം നീക്കാനുള്ള ചെലവ് വ്യാപാരികള്‍ വഹിക്കണം. മാലിന്യം നീക്കാന്‍ ഹരിതകര്‍മസേനയ്ക്കു കൂടുതല്‍ വാഹനങ്ങള്‍.
  • മാലിന്യരഹിത ഓണം മികച്ചരീതിയില്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍, െറസിഡെന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയ്ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പുരസ്‌കാരം. മികച്ച തദ്ദേശസ്ഥാപനത്തിന് ജില്ലാതല പുരസ്‌കാരം.
  • ഓണത്തിന് വഴിയോരക്കച്ചവടക്കാര്‍ക്കു താത്കാലിക ലൈസന്‍സ്.
  • ഓണാഘോഷമുള്ള സ്ഥലത്തും കവലകളിലും സ്വാപ് ഷോപ്പുകള്‍ തുടങ്ങും. വീടുകളില്‍ വെറുതേകിടക്കുന്നതും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദവുമായ സാധനങ്ങള്‍(വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, ബാഗ്, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ തുടങ്ങിയവ) ഇവിടെ കൈമാറാം.
  • വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നീക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും.