
തിരുവനന്തപുരം: നഗരത്തിൽ അനധികൃതമായി മാലിന്യം വലിച്ചെറിയുന്നതിനുപിന്നിൽ സി.പി.എം. പ്രവർത്തകരാണെന്നും പാർട്ടി അറിവോടെയാണ് ഇത് നടക്കുന്നതെന്നും മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ ഭരണം നഷ്ടമായത് ഇനിയും ഉൾക്കൊള്ളാനാകാതെ നിലവിലെ ഭരണസമിതിയെ അപകീർത്തിപ്പെടുത്താനായി സി.പി.എം. മാലിന്യ മാഫിയയ്ക്ക് കുടപിടിക്കുകയാണെന്നും വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ആമയിഴഞ്ചാൻതോട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ഷമീറിന്റെ ചിത്രം പ്രദർശിപ്പിച്ചായിരുന്നു മേയറുടെ പത്രസമ്മേളനം.
ഷമീർ ചാലയിലെ സജീവ സി.പി.എം. പ്രവർത്തകനാണെന്ന് മേയർ പറഞ്ഞു. പലയിടത്തുനിന്നും അനധികൃത മാലിന്യം ശേഖരിച്ച് ജലാശയങ്ങളിലേക്കടക്കം വലിച്ചെറിയുന്നതാണ് ഇയാളുടെ രീതി. മാലിന്യ മാഫിയ നഗരത്തിൽ തഴച്ചുവളരുകയാണ്. പ്രവർത്തകരെ നേരിട്ട് ഇറക്കിയാണ് സി.പി.എം. പലയിടത്തും മാലിന്യം വലിച്ചെറിയുന്നത്. വാഹനത്തിൽ മാരകായുധങ്ങളുമായാണ് ഇവരുടെ കറക്കം. ഇത്തരം പ്രവർത്തനങ്ങൾക്ക് തലസ്ഥാനത്തെ മുൻ മന്ത്രിയടക്കമുള്ള സി.പി.എം. നേതാക്കൾ സഹായം ചെയ്യുകയാണെന്നും ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നതെന്നും മേയർ പറഞ്ഞു.
മാലിന്യം വലിച്ചെറിഞ്ഞതിൽ അറസ്റ്റിലായവരുടെ ഉന്നതനേതാക്കളുമായുള്ള ബന്ധങ്ങൾ അന്വേഷിക്കണം. നഗരത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നിരവധി അപര്യാപ്തതകൾ നിറഞ്ഞതാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉടൻ ലക്ഷ്യം കാണും. ഹോട്ടലുകൾ അംഗീകൃത ഏജൻസികൾക്ക് മാത്രം മാലിന്യം കൈമാറണം. അനധികൃത മാഫിയകളെ പൂർണമായും അടിച്ചമർത്തും. പുതിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. സ്ഥലം ഉൾപ്പെടെയുള്ളവയിൽ ധാരണയായിട്ടുണ്ടെന്നും കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പ്ലാന്റുകൾ പ്രായോഗികമാണെന്നും മേയർ പറഞ്ഞു.
മേയറുടെ ആരോപണങ്ങൾ കോമഡി; മതിഭ്രമം ബാധിച്ചോയെന്ന് സി.പി.എം.
തിരുവനന്തപുരം: മേയറുടെ പരാമർശങ്ങൾ കേവലം 'കോമഡി' മാത്രമാണെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്. മാലിന്യം വലിച്ചെറിഞ്ഞ കേസിൽ അറസ്റ്റിലായ ഷമീറുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നും ദീപക് മാതൃഭൂമിയോട് പറഞ്ഞു. നഗരത്തെ മാലിന്യമയമാക്കുന്നത് സി.പി.എമ്മാണ്, മുൻമന്ത്രിക്ക് പങ്കുണ്ട് തുടങ്ങിയ ആരോപണങ്ങൾ മേയർക്കും ഭരണസമിതിക്കും നഗരഭരണത്തെക്കുറിച്ച് കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടുണ്ടാകുന്നതാണെന്നും എസ്.പി. ദീപക് പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ശേഖരിച്ച മാലിന്യം ഇപ്പോഴും റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. കോർപ്പറേഷൻ ആസ്ഥാനത്തും നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ മാലിന്യക്കൂമ്പാരമാണ്. ഇത് ഏത് ഗുണ്ടകളാണ് കൊണ്ടിടുന്നതെന്ന് ദീപക് ചോദിച്ചു.
ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഹരിതകർമസേനയുടെ യൂണിഫോം മാറ്റുന്നതടക്കം തന്റെ അധികാരപരിധിയിലല്ലാത്ത കാര്യങ്ങൾ ചെയ്യാനാണ് മേയർക്ക് താത്പര്യം.
കാപ്പ കേസിൽ ജയിലിൽ കിടക്കുന്ന കൗൺസിലർ സുഗതന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മേയർ കോടതികൾതോറും കയറിയിറങ്ങുകയാണ്. അടിസ്ഥാനപ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാതെ കേവലം ആരോപണങ്ങൾ ഉന്നയിക്കുന്നയാളായി വി.വി. രാജേഷ് മാറിയെന്നും ദീപക് പറഞ്ഞു. എല്ലാ അർഥത്തിലും പരാജയമായെന്ന് ബോധ്യമുള്ളതിനാലാണ് സി.പി.എമ്മിനെതിരേ ബാലിശമായ ആരോപണങ്ങളുമായി മേയർ രംഗത്ത് വന്നിരിക്കുന്നതെന്നും എസ്.പി. ദീപക് പറഞ്ഞു.
Content Highlights: Mayor VV Rajesh alleges CPM workers are behind illegal waste dumping in Thiruvananthapuram., The accused, Shameer, is claimed to be a local CPM activist linked to waste mafias., CPM leader SP Deepak dismisses allegations as 'comedy' and claims the administration is incompetent., The corporation is planning new centralized and decentralized waste treatment plants., The political standoff highlights failures in waste management systems like Haritha Karma Sena.
Published: 09 Jul 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented