ലോകത്തിലെ ഏറ്റവും പ്രശസ്തമായ സംഗീതോത്സവങ്ങളിലൊന്നായ 'ലൊല്ലാപ്പലൂസ'യുടെ (Lollapalooza) അഞ്ചാം ഇന്ത്യൻ പതിപ്പ് പ്രഖ്യാപിച്ചു. 2027 ജനുവരി 23, 24 തീയതികളിൽ മുംബൈയിലെ പ്രശസ്തമായ മഹാലക്ഷ്മി റേസ്‌കോഴ്സിൽ നടക്കുന്ന ഈ വൻ സംഗീതമാമാങ്കത്തിന്റെ തത്സമയ ലൈനപ്പിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രധാന കലാകാരന്മാരും പ്രമുഖ ഇന്ത്യൻ ബാൻഡുകളും അണിനിരക്കും.

To advertise here,

നാല് പ്രത്യേക സ്റ്റേജുകളിലായി 40-ലധികം ലൈവ് പ്രകടനങ്ങൾ അരങ്ങേറുന്ന ലൊല്ലാപ്പലൂസ ഇന്ത്യ 2027, റോക്ക്, പോപ്പ്, ഇലക്ട്രോണിക്, ആർ ആൻഡ് ബി , പോസ്റ്റ്-പങ്ക്, ഹിപ്പ്-ഹോപ്പ് തുടങ്ങി വിവിധ സംഗീത വിഭാഗങ്ങളുടെ അപൂർവ്വ സംഗമവേദിയായി മാറും. ഇന്ത്യയിൽ ആദ്യമായി തത്സമയ പ്രകടനം നടത്താൻ ഒരുങ്ങുന്ന വൻ അന്താരാഷ്ട്ര താരനിരയാണ് ഇത്തവണത്തെയും പ്രധാന ആകർഷണം.

90-കളുടെ അവസാനത്തിലും 2000-ങ്ങളുടെ തുടക്കത്തിലും റോക്ക് സംഗീത ശാഖയെ ആവേശഭരിതമാക്കിയ 'ലിമ്പ് ബിസ്‌കിറ്റ്' ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന സംഗീതവിരുന്ന് കേൾക്കാൻ തലമുറകൾ വ്യത്യാസമില്ലാതെ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം, തങ്ങളുടെ ഹിറ്റ് ഗാനങ്ങളിലൂടെയും വൈവിധ്യമാർന്ന സംഗീത ശൈലിയിലൂടെയും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അന്താരാഷ്ട്ര പോപ്പ് ഗ്രൂപ്പായ 'കാറ്റ്സെയ്'യുടെ സാന്നിധ്യവും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ആത്മാവ് തൊട്ടറിയുന്ന ആലാപന ശൈലിയിലൂടെ ശ്രദ്ധേയയായ ഒലീവിയ ഡീനും തത്സമയ പ്രകടനങ്ങളിലൂടെ സ്റ്റേജ് കീഴടക്കുന്ന '5 സെക്കൻഡ്‌സ് ഓഫ് സമ്മർ' സംഘവും ഇന്ത്യൻ ആരാധകർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.ഐറിഷ് പോസ്റ്റ്-പങ്ക് ബാൻഡ് 'ഫൊണ്ടെയ്ൻസ് ഡി.സി.', ഗ്രാമി ജേതാവായ അമേരിക്കൻ ഗായിക സെന്റ് വിൻസെന്റ്, 'സ്വീഡിഷ് ഹൗസ് മാഫിയ' അംഗമായ ഡിജെ സ്റ്റീവ് ആഞ്ചെല്ലോ എന്നിവരുടെ സാന്നിധ്യവും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടും.

കൂടാതെ ഇന്ത്യയിലെ സമകാലിക സംഗീത മേഖലയിലെ വൻനിരയും ഈ മഹാമേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. പ്രശസ്ത വിദേശ ബാന്റായ 'ദി പോലീസ്' ഡ്രമ്മർ സ്റ്റുവർട്ട് കോപ്ലാൻഡും മൂന്ന് ഗ്രാമി പുരസ്‌കാരങ്ങൾ നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കേജും ചേർന്നൊരുക്കുന്ന 'Police Beyond Borders' എന്ന പ്രത്യേക സംഗീത പദ്ധതി ഇത്തവണത്തെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, യുവാക്കളുടെ പ്രിയപ്പെട്ട ഇൻഡി-പോപ്പ് താരം അനുവ് ജെയിൻ, പ്രശസ്ത ഫ്യൂഷൻ ബാൻഡ് 'ഇന്ത്യൻ ഓഷ്യൻ', രാജസ്ഥാനി നാടോടി സംഗീതത്തിന്റെ ദൃശ്യ-ശ്രവ്യ വിസ്മയമായ 'ദി മംഗനിയാർ സെഡക്ഷൻ' എന്നിവരും വേദിയിലെത്തും. ഗുജറാത്തി ഗായകൻ ആദിത്യ ഗാധ്വി, ബ്ലൂസ് ഗിറ്റാറിസ്റ്റ് അസദ് ഖാന്റെ 'ബ്ലാക്ക്‌സ്ട്രാറ്റ്ബ്ലൂസ്', ഹിപ്പ്-ഹോപ്പ് താരങ്ങളായ സ്വദേശി, യാഷ് രാജ്, കോയമ്പത്തൂർ ഫ്യൂഷൻ ബാൻഡ് ശങ്ക ട്രൈബ് എന്നിവരും പ്രധാന സ്റ്റേജിലെത്തും.രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര സംഗീത മാമാങ്കത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.