എട്ട് മാസംകൊണ്ട് താന്‍ 15 കിലോ ശരീരഭാരം കുറച്ചെന്ന് നടി ഗ്രേസ് ആന്റണി. എട്ട് മാസം മുമ്പ് 80 കിലോ ആയിരുന്നു ശരീരഭാരം ഉണ്ടായിരുന്നത് ഇപ്പോഴത് 65 കിലോ ആയി. ആ യാത്ര തനിക്ക് എളുപ്പമായിരുന്നില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗ്രേസ് ആന്റണി പറഞ്ഞു. ശരീരഭാരം കുറക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഗ്രേസ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

To advertise here,

“8 മാസം. 15 കിലോ. വഴിയില്‍ എവിടെയോ വെച്ച് എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാന്‍ കരുതിയ എന്റെ ഒരു രൂപം. 80 കിലോയില്‍ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര എളുപ്പമായിരുന്നില്ല. നിശബ്ദമായ പോരാട്ടങ്ങളും, ഞാന്‍ കരഞ്ഞ ദിനങ്ങളും, സ്വയം സംശയിച്ച നാളുകളും, എനിക്കിത് ശരിക്കും ചെയ്യാന്‍ കഴിയുമോ എന്ന് തന്നെത്താന്‍ ചോദിച്ച ദിവസങ്ങളും നിറഞ്ഞതായിരുന്നു അത്.

എന്നാല്‍ പോരാട്ടങ്ങള്‍ക്കും ചെറിയ വിജയങ്ങള്‍ക്കും ഇടയില്‍ എവിടെയോ വെച്ച് എനിക്കുണ്ടെന്ന് ഞാനറിയാത്ത ഒരു ശക്തി ഞാന്‍ കണ്ടെത്തി. ആത്മവിശ്വാസം തകരുമ്പോഴും പിന്മാറാന്‍ കൂട്ടാക്കാത്ത ആ പെണ്‍കുട്ടിയെ, അവളെ ഞാന്‍ കണ്ടെത്തി.

എന്റെ പരിശീലകന്, @ali_shifas_vs എനിക്ക് വഴികാട്ടിയതിന് നന്ദി. തിരികെ പോരാടിയതിനും, ഒഴികഴിവുകള്‍ക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിനും, വീണ്ടും വിശ്വസിച്ചതിനും എന്നോടുതന്നെ നന്ദി. ഈ മാറ്റം ഒരു ഫോട്ടോയേക്കാള്‍ വലുതാണ്.

സുഖപ്പെടാന്‍ സമയമെടുക്കുമെന്നും, പുരോഗതി എന്നത് കുഴഞ്ഞുമറിഞ്ഞ ഒന്നാണെന്നും, മുന്നോട്ടുള്ള ഓരോ ചെറിയ ചുവടും പ്രധാനമാണെന്നും ഉള്ള ഒരു ഓര്‍മപ്പെടുത്തലാണിത്.

നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, മുന്നോട്ട് പോയിക്കൊണ്ടിരിക്കുക. ഒരു ദിവസം നിങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും, നിങ്ങള്‍ ഒഴുക്കിയ ഓരോ കണ്ണുനീര്‍ത്തുള്ളിയും, നിങ്ങളുടെ ഓരോ സംശയവും, ഓരോ പരിശ്രമവും വിലപ്പെട്ടതായിരുന്നു എന്ന്,” ഗ്രേസ് കുറിച്ചു.

സെപ്റ്റംബര്‍ ഒന്‍പതിന്, താന്‍ വിവാഹിതയായ വിവരം സോഷ്യല്‍മീഡിയയിലൂടെ ഗ്രേസ് ആന്റണി പുറത്തുവിട്ടിരുന്നു. സംഗീതസംവിധായകന്‍ എബി ടോം സിറിയക്കിനെയാണ് നടി വിവാഹം ചെയ്തത്. ഒമ്പതുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഒമര്‍ ലുലു സംവിധാനംചെയ്ത 'ഹാപ്പി വെഡ്ഡിങ്ങി'ലൂടെയായിരുന്നു ഗ്രേസ് ആന്റണി ചലച്ചിത്രരംഗത്തെത്തിയത്. കുമ്പളങ്ങി നൈറ്റ്സ്, ജോര്‍ജേട്ടന്‍സ് പൂരം, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക് എന്നിവയിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. എക്സ്ട്രാ ഡീസന്റ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.