സ്വന്തം വീട്ടിൽ നിന്നുൾപ്പെടെ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞയാളാണ് നടി ഗ്രേസ് ആന്റണി. ശരീരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ഗ്രേസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതേ ശരീരത്തെ അവിശ്വസനീയമായ തരത്തിൽ ട്രാൻസ്‌ഫോം ചെയ്ത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് താരം. മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയുണ്ടായ മാറ്റം ഗ്രേസ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.

To advertise here,

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഗ്രേസ് ആന്റണി പോസ്റ്റ് ചെയ്തത്. 'മാസങ്ങൾ നീണ്ട കഠിനാധ്വാനം ഏതാനും നിമിഷങ്ങളിലൂടെ' എന്നാണ് ഗ്രേസ് ആന്റണി വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. തന്റെ 'വെയിറ്റ് ലോസ് ജേണി' തുടങ്ങുമ്പോഴും ഇപ്പോഴുമുള്ള വർക്ക് ഔട്ട് ദൃശ്യങ്ങളാണ് ഗ്രേസ് പങ്കുവെച്ചത്. ആരാണ് തനിക്ക് പ്രചോദനമായത് എന്ന ചോദ്യമാണ് ട്രാൻസ്‌ഫോർമേഷന് മുമ്പുള്ള വർക്ക് ഔട്ട് ദൃശ്യത്തിനുമേലെ ഗ്രേസ് കുറിച്ചത്. ശരീരഭാരം കുറച്ച് ഫിറ്റായ ശേഷമുള്ള ദൃശ്യങ്ങൾ കാണിക്കുമ്പോൾ ഇതിനുത്തരവും താരം കുറിച്ചു. താൻ തന്നെയാണ് തനിക്ക് പ്രചോദനമായതെന്നാണ് ഗ്രേസ് പറയുന്നത്.

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഗ്രേസ് ആന്റണിയുടെ ട്രാൻസ്‌ഫോർമേഷൻ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങൾ ചൊരിഞ്ഞുകൊണ്ട് കമന്റുകളിട്ടത്. 'ഇപ്പോൾ നിങ്ങൾ ഒട്ടേറെ പേർക്ക് പ്രചോദനമാകുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'ഈ കഠിനാധ്വാനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല' എന്നാണ് മറ്റൊരാൾ കുറിച്ചത്. ഹൃദയത്തിന്റേയും തീനാളത്തിന്റേയും ഇമോജികളാണ് ഗ്രേസിന്റെ കമന്റ് ബോക്‌സിൽ നിറയേ ഉള്ളത്.

Watch Video:

നേരത്തേ എട്ട് മാസം കൊണ്ട് 15 കിലോ ഭാരം കുറച്ചപ്പോൾ ഗ്രേസ് ആന്റണി അക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 80 കിലോയായിരുന്ന തന്റെ ഭാരം 65 കിലോയായി കുറഞ്ഞുവെന്ന് കഴിഞ്ഞ നവംബറിലാണ് ഗ്രേസ് പോസ്റ്റ് ചെയ്തത്. അലി ഷിഫാസ് എന്ന ട്രെയിനറുടെ കീഴിലാണ് ഗ്രേസ് ആന്റണി ഫിറ്റ്‌നസ് യാത്ര നടത്തുന്നത്.