
ഗായത്രി അജിത്ത് | Photo: instagram/ gayathri ajith
ഓര്‍മകളൊക്കെയും കാതലൊത്ത തടിയില്‍ കൊത്തിയെടുത്ത് ഗായത്രി ശില്പങ്ങളാക്കി. അവയ്ക്ക് പര്‍പ്പിള്‍യാലിയെന്നു പേരിട്ടു. ഗൃഹാതുരസ്മരണകളിലേക്കുള്ള തിരിച്ചുപോക്കാണ് ഗായത്രിയുടെ 'പര്‍പ്പിള്‍യാലി' എന്ന കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്ന ആര്‍ട്ടിസന്‍സ് സ്റ്റുഡിയോ. ആര്‍ക്കിടെക്ട്, മോഡല്‍, ഡിസൈനര്‍, വുഡ് കാര്‍വിങ് കലാകാരി, യുവസംരംഭക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഗായത്രി അജിത്ത്.
തടി മെരുക്കി പര്‍പ്പിള്‍യാലിയിലേക്ക്
മൂന്നുവര്‍ഷം മുന്‍പാണ് പര്‍പ്പിള്‍യാലി എന്നപേരില്‍ ആര്‍ട്ടിസന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്. ഗായത്രിയുടെ അമ്മ ഉദയദേവി കേരള കരകൗശല വികസന കോര്‍പ്പറേഷനിലെ സോഴ്സ് ഓഫീസറായിരുന്നു. അമ്മയ്ക്കൊപ്പം ജോലിസ്ഥലത്ത് പോകുമ്പോള്‍ ഇത്തരം കരകൗശലവസ്തുക്കള്‍ കണ്ടും കരകൗശലവിദഗ്ധരെ പരിചയപ്പെട്ടും ഈ മേഖലയോട് അടുത്തു. മനസ്സില്‍ പതിഞ്ഞ വസ്തുക്കളുടെ മാതൃകകള്‍ വരച്ചും നിര്‍മിക്കാന്‍ ശ്രമിച്ചുമൊക്കെയാണ് തുടക്കം.
ബിരുദപഠനത്തിനു ശേഷമാണ് വുഡ് കാര്‍വിങ് പഠിച്ചത്. പഠനം കഠിനമായിരുന്നു. തടിയും അതിനെ മനോഹരമായി കൊത്തിയൊരുക്കുന്ന ആയുധവും ആദ്യം മെരുക്കിയെടുക്കണം. ഒരുപാട് സമയമെടുത്തുള്ള പഠനം. തന്നെക്കൊണ്ടാവില്ലെന്ന് പലപ്പോഴും നിരാശപ്പെട്ടു. ഒടുവില്‍ ശ്രമഫലമായി വുഡ് കാര്‍വിങ് പഠിച്ചെടുത്തു. പിന്നീട് ലോഹശില്പനിര്‍മാണവും പരിശീലിച്ചു. നിലവില്‍ ഏഴോളം കരകൗശലവിദഗ്ധര്‍ പര്‍പ്പിള്‍യാലിയുടെ ഭാഗമാണ്.
കതിവന്നൂര്‍ വീരനും കല്യാണിയും പിന്നെ ഗായത്രിയും
കോഴിക്കോടായിരുന്നു ഗായത്രിയുടെ സ്‌കൂള്‍ പഠനം. മലബാറിലെ അനുഷ്ഠാനകലകളെല്ലാം കണ്ടുവളര്‍ന്ന ബാല്യം. കതിവന്നൂര്‍ വീരനും വയനാട്ടു കുലവനും പനയക്കാട്ട് ഭഗവതിയും പഞ്ചരുളി തെയ്യവും മുത്തപ്പനുമെല്ലാം കുട്ടിക്കാലത്തേ ഗായത്രിയുടെ മനസ്സിനെ സ്വാധീനിച്ചവയാണ്. സ്ത്രീകേന്ദ്രീകൃത ആശയങ്ങളെ ചിത്രങ്ങളായും രൂപങ്ങളായും അവതരിപ്പിക്കുന്നത് ഏറെ ഇഷ്ടമെന്ന് ഗായത്രി പറയുന്നു. അത്തരത്തിലൊന്നാണ് ഗായത്രിയുടെ 'കല്യാണി' എന്ന വുഡ് ക്രാഫ്റ്റ്. ഇതിനു പുറമേ ഫര്‍ണിച്ചര്‍, വീട്ടലങ്കാരവസ്തുക്കള്‍, ബാംഗിള്‍ സ്റ്റാന്‍ഡ്, കണ്ണാടികള്‍, ആമാടപ്പെട്ടി തുടങ്ങിയവയുടെ വലിയൊരു ശേഖരവുമുണ്ട്. മഹാഗണി, റോസ് വുഡ്, കുമിഴ് തുടങ്ങിയ തടികളിലാണ് നിര്‍മാണം.
പര്‍പ്പിള്‍കാളി
കലയും ശാസ്ത്രവും ചേര്‍ത്തുള്ള ഒരു നൂതന സംരംഭമാണ് പര്‍പ്പിള്‍ കാളി. ഇക്കഴിഞ്ഞ ഹഡില്‍ ഗ്ലോബലില്‍ പര്‍പ്പിള്‍ കാളിയുടെ മാതൃക ഗായത്രി അവതരിപ്പിച്ചിരുന്നു. കരകൗശല അലങ്കാരവസ്തുക്കള്‍ ഉപയോഗിച്ച് വായു മലിനീകരണതോത് കുറയ്ക്കുകയാണ് ലക്ഷ്യം. മുള, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചുള്ള പരിസ്ഥിതിസൗഹാര്‍ദമായ ഇന്റീരിയര്‍ ഡെക്കോര്‍ വസ്തുക്കളുടെ നിര്‍മാണമാണ് പര്‍പ്പിള്‍ കാളിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍
കരകൗശലവിദഗ്ധര്‍ക്കുവേണ്ടി പരിശീലനക്കളരികള്‍ നടത്താറുണ്ടെങ്കിലും സ്ഥിരമായി ഒരു സ്ഥലം സജ്ജമാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗായത്രി പറയുന്നു. കൂടുതല്‍ പരിശീലനക്കളരികള്‍ സംഘടിപ്പിച്ച് കലയെയും ശാസ്ത്രത്തെയും ഇഷ്ടപ്പെടുന്നവരെ കരകൗശല മേഖലയിലേക്കു കൊണ്ടുവരണമെന്നാണ് ഗായത്രിയുടെ ആഗ്രഹം. കരകുളം മുല്ലശ്ശേരിയിലെ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഗായത്രിയുടെ സ്റ്റുഡിയോ.
കുടുംബം
ഏജീസ് ഓഫീസ് അസിസ്റ്റന്റ് അക്കൗണ്ട് ഉദ്യോഗസ്ഥനായിരുന്ന അജിത് കുമാറും കേരള കരകൗശല വികസന കോര്‍പ്പറേഷനിലെ സോഴ്സ് ഓഫീസറായി വിരമിച്ച ഉദയാദേവിയുമാണ് മാതാപിതാക്കള്‍. തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് ബിരുദം.
Content Highlights: gayathri ajiths art and decor studio
Published: 27 Oct 2025, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented