
ഗ്യാസ് അടുപ്പുകള്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് അത്യപൂര്‍വമാണ്. എത്ര വില കൂടിയാലും എല്‍പിജി സിലിണ്ടര്‍ വാങ്ങുന്ന തരത്തിലാണ് ഗ്യാസ് അടുപ്പ് നമ്മുടെ അടുക്കള സംസ്‌കാരത്തെ മാറ്റിയത്. വിറകടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് ചുമയ്ക്കുന്ന അമ്മമാര്‍ക്ക് (ചിലപ്പോഴെങ്കിലും അച്ഛന്മാര്‍ക്കും!) വലിയ ആശ്വാസമായാണ് എല്‍പിജി അടുപ്പുകള്‍ കടന്നുവന്നത്. ആരോഗ്യപരമായി ഏറെ സുരക്ഷിതമെന്ന് കരുതിപ്പോന്നിരുന്ന ഗ്യാസ് അടുപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് കാൻസർകാരിയായ (കാർസിനോജൻ) ബെന്‍സീന്‍ വാതകത്തെ കേന്ദ്രീകരിച്ച് പഠനം നടത്തിയത്. യുഎസ്സിലെ ഗ്യാസ് അടുപ്പുകളുള്ള 87 വീടുകളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഗ്യാസ് അടുപ്പുകള്‍ പുറത്തുവിടുന്ന ബെന്‍സീന്‍ വാതകത്തിന്റെ അളവാണ് ഇവര്‍ നിരീക്ഷിച്ചത്. ഇതിനൊപ്പം ഈ വാതകത്തിന്റെ ചലനവും ഗവേഷകര്‍ വിശകലനം ചെയ്തു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ച് ബെന്‍സീന്റെ വ്യാപനം എങ്ങനെയാണെന്ന് കണ്ടെത്തി.
ബെന്‍സീന്‍ ധാരാളമായി പുറത്തുവിടുന്നതും എന്നാല്‍ വായുസഞ്ചാരം വളരെ കുറവുള്ളതുമായ വീടുകളിലുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത ഗണ്യമായ തോതില്‍ കൂടുതലാണെന്നാണ് പഠനത്തിനൊടുവില്‍ ഗവേഷകര്‍ കണ്ടെത്തിയത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഇത് കൂടുതലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഗ്യാസ് അടുപ്പിലെ ബെന്‍സീന്‍ കാരണമുള്ള കാന്‍സര്‍ സാധ്യത 1.85 മടങ്ങ് അധികമാണെന്ന് പഠനത്തില്‍ പറയുന്നു.
ജേണല്‍ ഓഫ് ഹസാര്‍ഡസ് മെറ്റീരിയല്‍സ് എന്ന പിയര്‍-റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഗ്യാസ് അടുപ്പുകള്‍ ഉപയോഗിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലും ചെറിയ വീടുകളിലുമാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും പഠനത്തില്‍ പറയുന്നു. ഇവിടങ്ങളിലെ താമസക്കാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കിടപ്പുമുറികളിലേക്ക് ഉള്‍പ്പെടെ ഗ്യാസ് അടുപ്പില്‍ നിന്നുള്ള ബെന്‍സീന്‍ വ്യാപിക്കുന്നതാണ് ഇതിന് കാരണം.
സാധ്യമെങ്കില്‍ ഗ്യാസ് അടുപ്പുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ പറയുന്നത്. ഗ്യാസ് അടുപ്പുകള്‍ക്ക് പകരമായി വൈദ്യുത അടുപ്പുകള്‍ ഉപയോഗിക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഗ്യാസ് അടുപ്പുകള്‍ ഉപയോഗിക്കേണ്ട സാഹചര്യമാണെങ്കില്‍ പരമാവധി വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ ഉപയോഗിക്കൂ എന്നും വിദഗ്ധര്‍ പറയുന്നു.
Content Highlights: Children's Cancer Risk From Gas Stoves Nearly Double That of Adults
Published: 08 May 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented