കഴിഞ്ഞ ജൂണ്‍ 12-നാണ് വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഇംഗ്ലണ്ടില്‍ പോളോ കളിക്കുന്നതിനിടെയായിരുന്നു അന്ത്യം. സഞ്ജയ്‌യുടെ വിയോഗത്തിന് ഒരു മാസം പൂര്‍ത്തിയായതിന് പിന്നാലെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ റാണി കപൂര്‍. തീര്‍ത്തും രഹസ്യമായി ചില രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ചിലരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വന്നുവെന്നും അമ്മ ആരോപിക്കുന്നു. 

To advertise here,

സഞയ് കപൂറിന്റെ കമ്പനിയായ സോന കോംസ്റ്റാറിന്റെ ഡയറക്ടര്‍ ബോര്‍ഡിന് അയച്ച കത്തിലാണ് റാണി ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സോന കോംസ്റ്റാറിന്റെ വാര്‍ഷിക പൊതുയോഗത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് കത്ത് പുറത്തുവന്നത്. 

സോന കോംസ്റ്റാര്‍ ഉള്‍പ്പെടെ സോന ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളും തനിക്കാണെന്നും റാണി കപൂര്‍ കത്തില്‍ പറയുന്നു. മകന്റെ വിയോഗത്തിന്റെ ദുഃഖത്തിൽ കഴിയുമ്പോഴാണ്‌ വിശദീകരണം നല്‍കാതെ വിവിധ രേഖകളില്‍ ഒപ്പിടാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും അവര്‍ ആരോപിച്ചു. ആ രേഖകളുടെ ഉള്ളടക്കം എന്താണെന്ന് അന്ന് താന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അവര്‍ വെളിപ്പെടുത്തിയില്ലെന്നും റാണി പറയുന്നു. 

Read More: 'കരിഷ്മയുടെ മക്കളുടെ അമ്മയാകാന്‍ എനിക്കൊരിക്കലും കഴിയില്ല,എന്നാലും അവരുടെ ജീവിതത്തില്‍ ഒരു ഇടമുണ്ട്'

കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ തനിക്കാണെന്ന് സ്വയം കരുതുന്ന ചില വ്യക്തികളെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ബോര്‍ഡിന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തു. ഈ ആരോപണം സഞ്ജയ് കപൂറിന്റെ ഭാര്യയെ ഉദ്ദേശിച്ചുള്ളതാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ഷിക പൊതുയോഗം രണ്ടാഴ്ച്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

'ബാങ്ക് അക്കൗണ്ടുകളിലെ പണം എനിക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ ചിലരുടെ കാരുണ്യത്തില്‍ കഴിയേണ്ട അവസ്ഥയാണ്. എന്റെ ഏക മകന്‍ മരിച്ച് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇതെല്ലാം സംഭവിച്ചത്.'- റാണി പറയുന്നു. 

കപൂര്‍ കുടുംബത്തിന്റെ പ്രതിനിധിയായി പുതിയ ഡയറക്ടര്‍മാരെ കൊണ്ടുവരാന്‍ താന്‍ ആര്‍ക്കും സമ്മതം നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ആരേയും നാമനിര്‍ദേശം നടത്തിയിട്ടില്ലെന്നും സോന ഗ്രൂപ്പിന് മുന്നില്‍ തന്നെ പ്രതിനിധീകരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സോന കോംസ്റ്റാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

2003-ലായിരുന്നു സഞ്ജയ് ബോളിവുഡ് നടി കരിഷ്മയെ വിവാഹം ചെയ്തത്.  ഇരുവര്‍ക്കും 2005-ല്‍ സമൈറ എന്ന മകളും 2010-ല്‍ കിയാന്‍ എന്ന മകനും ജനിച്ചു. 2014-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2017-ല്‍ സഞ്ജയ് മോഡലായ പ്രിയ സച്ച്ദേവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്. ആദ്യ ഭര്‍ത്താവ് വിക്രം ചത്വാളില്‍ സഫിറ എന്നൊരു മകള്‍ പ്രിയയ്ക്കുണ്ട്.