കട്ടപ്പന: ഒരിടവേളയ്ക്കുശേഷം പഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറിയതോടെ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു. തമിഴ്നാടുമുതൽ രാജസ്ഥാനിൽനിന്നുവരെ ജീപ്പുകൾ എത്തുന്നുണ്ട്. മൂന്നര ലക്ഷം മുതൽ 10 ലക്ഷം രൂപവരെയാണ് വില.

To advertise here,

ഇടുക്കി, വയനാട് ജില്ലകളിലാണ് മുൻപ് ജീപ്പിന് ആവശ്യക്കാരുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ട്. ജീപ്പ് വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും മറ്റ് ആധുനികവാഹനങ്ങൾ സ്വന്തമായുണ്ട്. പരുക്കൻ വാഹനത്തിൽ വ്യത്യസ്തമായ ഡ്രൈവിങ് ആസ്വദിക്കാനാണ് പലരും ജീപ്പ് വാങ്ങുന്നതെന്നും, വാങ്ങുന്നവർക്ക് വില പ്രശ്‌നമല്ലെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം.

ഹൈറേഞ്ച് മേഖലകളിലെ 'ചെകുത്താൻ വഴി'കളിൽ ലോഡുമായി പോകാനും ജീപ്പ് ഉപയോഗിക്കുന്നു. ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചതോടെ, സ്ലീപ്പ് ജീപ്പുകളായി ഉപയോഗിക്കാനും വാങ്ങുന്നവരുണ്ട്. ഏലം തോട്ടങ്ങളിലേക്ക് തൊഴിലാളികളെയും ആവശ്യവസ്തുക്കളും എത്തിക്കാനും പഴയ മോഡൽ ജീപ്പ് ഉപയോഗിക്കുന്നു.

സെൻസറുകളുംമറ്റും ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികുറവാണെന്നതും പഴയ മോഡൽ ജീപ്പുകളുടെ ആവശ്യകത ഉയരാൻ കാരണമായി. 2010-ലാണ് മഹീന്ദ്ര കമ്പനി പഴയ മോഡൽ ജീപ്പിന്റെ നിർമാണം നിർത്തിയത്.

വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പഴയ വില്ലീസ് ജീപ്പുമുതൽ പുതുതലമുറ ഇലക്ട്രിക് എസ്.യു.വി.വരെയുള്ള വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ അദ്ദേഹം പങ്കുവെച്ച എ.ഐ. നിർമിത പോസ്റ്റിന് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്.

മഹീന്ദ്രയ്ക്കപുറമെ വില്ലീസ് ജീപ്പുകളും മാരുതി ജീപ്പുകളും ഹൈറേഞ്ചിൽ വിറ്റഴിയുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കാനും രജിസ്‌ട്രേഷൻ നടത്താനുമായി ഇടനിലക്കാർ ഒരുലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.

രജിസ്ട്രേഷൻ തടസ്സമില്ല

സംസ്ഥാനത്തിന് പുറത്തുനിന്ന് ജീപ്പുകൾ രജിസ്ട്രേഷനായി എത്തുന്നുണ്ട്. അഞ്ചുവർഷത്തേക്കാണ് ഫിറ്റ്നസ് രേഖകൾ നൽകുക. മുൻപ് ആർമിയിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളും എത്തുന്നുണ്ട്, ഇവയ്ക്ക് 15 വർഷത്തെ ഫിറ്റ്നസ് ലഭിക്കും.- പി.എ. സമീർ, ആർ.ടി.ഒ., ഇടുക്കി.