ബോളിവുഡ് സംവിധായകൻ അഭിഷേക് പഥകിനും നടി ശിവലീകാ ഒബ്രോയിക്കും പെൺകുഞ്ഞ് പിറന്നു. അക്ഷയതൃതീയ ദിനമായ ഞായറാഴ്ചയാണ് ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് സന്തോഷവാർത്ത താരദമ്പതിമാർ അറിയിച്ചത്. 'ഞങ്ങളുടെ കുഞ്ഞ് ലക്ഷ്മീദേവി' എന്നാണ് മകളെ ഇവർ വിശേഷിപ്പിച്ചത്.

To advertise here,

'ഒരു നിമിഷംകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങൾക്ക് പുതിയ അർഥമുണ്ടായി. അതിരറ്റ സ്‌നേഹത്തോടെ ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട പെൺകുഞ്ഞിനെ സ്വീകരിക്കുന്നു. എന്ന്, അനുഗൃഹീതരായ മാതാപിതാക്കൾ ശിവലീകയും അഭിഷേകും' -ഇതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മനോഹരമായ കാർഡിൽ ഇരുവരും കുറിച്ചത്. 'ഞങ്ങളുടെ കുഞ്ഞ് ലക്ഷ്മീദേവി ഈ വിശിഷ്ട ദിനത്തിൽ എത്തിയിരിക്കുന്നു. പരിശുദ്ധമായ അനുഗ്രഹമാണ് ഇത്' എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷൻ. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അഭിഷേക് പഥകിനും ശിവലീകാ ഒബ്രോയിക്കും ആശംസകളും അഭിനന്ദനങ്ങളും നേർന്ന് പോസ്റ്റിൽ കമന്റ് ചെയ്തത്.

2023 ഫെബ്രുവരി ഒമ്പതിനാണ് അഭിഷേകും ശിവലീകയും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് ദിവസം നീണ്ട സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരങ്ങളുടെ വിവാഹം. അതിന് മുമ്പ് തുർക്കിയിൽ ഹോട്ട് എയർ ബലൂണുകൾക്കിടയിൽ വെച്ച് അഭിഷേക്, ശിവലീകയോട് വിവാഹാഭ്യർഥന നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.