സൗദി അറേബ്യയിലെ ദി ഓക്സ്ഫഡ് പാർട്ണർഷിപ്പ് യൂണിവേഴ്സിറ്റി (ടോപ്)യിൽ, ഉയർന്നശമ്പളമുണ്ടായിരുന്ന വകുപ്പുമേധാവിയുടെ ജോലി രാജിവെച്ച് നാട്ടിലെത്തിയ ഡോ. ഷാലിമ അഹമ്മദ്, എണ്ണകാച്ചാൻ തുടങ്ങിയപ്പോൾ നാട്ടുകാരും വീട്ടുകാരും മൂക്കത്ത് വിരൽവെച്ചു. ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചു. തിരിച്ചുപോകാൻ ഉപദേശിച്ചു. ‘‘ധൈര്യമായി മുന്നോട്ടുപൊയ്ക്കോളൂ. പറഞ്ഞവരൊക്കെ നിന്നെക്കുറിച്ച് ഒരുദിവസം തിരുത്തിപ്പറയും’’- ഉമ്മൂമ്മ മാത്രം കട്ടയ്ക്കു കൂടെനിന്നു. ആദ്യമുണ്ടാക്കിയ ഭൃംഗ ബ്ലാക്ക്സീഡ് ഹെയർഓയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ ക്ലിക്കായതോടെ ഇതുതന്നെ തന്റെ വഴിയെന്ന് ഷാലിമ ഉറപ്പിച്ചു. ഷാലിമ തുടങ്ങിയ കോക്കോ റൂട്ട്സ് ഓർഗാനിക് എന്ന ബ്രാൻഡിൽ ഇപ്പോൾ പതിനഞ്ചോളം ഹെയർകെയർ ഉത്പന്നങ്ങളാണിറങ്ങുന്നത്.
ആദ്യം ഉമ്മൂമ്മയുടെ എണ്ണ
വർഷങ്ങളായി ഉമ്മൂമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന അതേ എണ്ണ ഉണ്ടാക്കിയായിരുന്നു തുടക്കം. നല്ല അഭിപ്രായം ലഭിച്ചു. ‘‘ഏതു സംരംഭം തുടങ്ങുമ്പോഴും അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ ഹെയർകെയർ കോസ്‌മെറ്റിക്സിനെക്കുറിച്ചുള്ള കോഴ്സ് ചെയ്തു’’- ഷാലിമ പറയുന്നു. ആയുർവേദ ഡോക്ടർമാരുമായി ധാരണ ഉണ്ടാക്കി. ഫോർമുലേറ്റർമാരെ നിയമിച്ചു. ബട്ടർഫ്ലൈ പീ ഷാമ്പുവായിരുന്നു പിന്നാലെ ഇറങ്ങിയത്. കണ്ടീഷണറും ഇറക്കി. റോസ്മേരി വാട്ടറും, ഓയിലും, ക്ലൻസറും പുറത്തിറക്കി. വീട്ടിലെ അടുക്കളയിൽ ഒരു ജോലിക്കാരിയുടെ സഹായത്തോടെയായിരുന്നു ആദ്യം നിർമാണം. ആവശ്യക്കാർ കൂടിയതോടെ മേത്തോട്ടുതാഴത്ത് നിർമാണ യൂണിറ്റും വെബ്സൈറ്റും തുടങ്ങി. 15 ജീവനക്കാരുമുണ്ട്.
ജോലി എന്തായാലും വേണം
ജോലി വേണമെന്നകാര്യത്തിൽ ഷാലിമയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പ്രോവിഡൻസ് കോളേജിൽനിന്ന് ഇക്കണോമിക്സിൽ ഡിഗ്രി കഴിഞ്ഞ ഉടനെയായിരുന്നു മസ്കറ്റിൽ എൻജിനിയറായ ഷെറൂസ് മാമുവുമായുള്ള വിവാഹം. ഇതിനിടെ എച്ച്ആർ ആൻഡ് മാർക്കറ്റിങ്ങിൽ എംബിഎ എടുത്തു. 2001-ൽ ഭർത്താവിനൊപ്പം മസ്കറ്റിലേക്ക് പോയി. രണ്ടുകുട്ടികളുമായി, എന്തെങ്കിലും ചെയ്തില്ലെങ്കിൽ ജീവിതം ഇങ്ങനെ നിന്നുപോകുമോ എന്ന പേടി തോന്നിയതോടെ ജോലിക്കായി അപേക്ഷ അയച്ചുതുടങ്ങി. നാഷണൽ ഗ്യാസ് എന്ന കമ്പനിയിൽ സെക്രട്ടറിയായി ജോലികിട്ടി. പിന്നെ ഒമാൻ ഇൻർനാഷണൽ ബാങ്കിൽ ഉയർന്ന ശമ്പളത്തോടെ എച്ച്ആർ വിഭാഗത്തിൽ ജോലി ലഭിച്ചു.
എല്ലാം തകിടംമറിച്ച ട്രാൻസ്ഫർ
ഇതിനിടെയാണ് ഭർത്താവിന് സൗദി അറേബ്യയിലേക്ക് ട്രാൻസ്ഫറായത്. അവിടെ ചെന്നപ്പോഴാണറിയുന്നത് അധ്യാപനത്തിലും ആരോഗ്യമേഖലയിലും മാത്രമേ സൗദിയിൽ അക്കാലത്ത് സ്ത്രീകൾക്ക് ജോലിചെയ്യാനാവൂ എന്ന കാര്യം. ജീവിതം വീണ്ടും വഴിമുട്ടിയെന്നുതോന്നി. അപ്പോഴാണ് അളഗപ്പ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് അവിടെ ഒരു പ്രൈവറ്റ് കോളേജ് തുടങ്ങുന്നതായറിഞ്ഞത്. ജോലികിട്ടിയെങ്കിലും വലിയ ശമ്പളമില്ലായിരുന്നു. ഇതിനിടെ എജുക്കേഷണൽ മാനേജ്മെന്റിലും ബിരുദാനന്തര ബിരുദമെടുത്തു. അധ്യാപകജോലി കിട്ടുമെന്ന പ്രതീക്ഷയിൽ നാട്ടിലെത്തി പിഎച്ച്ഡിക്കും രജിസ്റ്റർ ചെയ്തു.
വിധിമാറ്റിയ ചുക്കുകാപ്പി
ഇതിനിടെയാണ് സൗദി അറേബ്യയുടെ കിരീടാവകാശിയായി ചുമതലയേറ്റ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിദ്യാർഥിനികൾക്കു വേണ്ടി മാത്രമായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഓക്സ്ഫഡ് പാർട്ണർഷിപ്പ് യൂണിവേഴ്സിറ്റി തുടങ്ങുന്ന വിവരം അറിഞ്ഞത്. യുഎസ്, യുകെ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള വനിതകൾക്കേ അന്നവിടെ അധ്യാപികമാരായി നിയമനം നൽകിയിരുന്നുള്ളൂ. ജോലിതേടി പലതവണ പോയെങ്കിലും സുരക്ഷാജീവനക്കാർ അകത്തേക്കുപോലും കടത്തിവിട്ടില്ല. അഞ്ചാംതവണ ചെന്നപ്പോൾ അവിടെ ഒരു ഇൻറർവ്യൂ നടക്കുന്നതിനാൽ ആളുമാറി സെക്യൂരിറ്റി കടത്തിവിട്ടു. അമേരിക്കക്കാരിയായ പ്രിൻസിപ്പലുമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ് അവർക്ക് ആളുമാറിപ്പോയതായി മനസ്സിലായത്. കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. നിങ്ങൾ എവിടുന്നാണ്- പ്രിൻസിപ്പൽ ചോദിച്ചു. കേരളമെന്നുപറഞ്ഞപ്പോൾ അവരുടെ മുഖംതെളിഞ്ഞു. അമേരിക്കയിൽ അവരുടെ മുൻ ഡ്രൈവർ മലയാളിയായിരുന്നു. അദ്ദേഹം ഉണ്ടാക്കിക്കൊടുത്ത ഒരു ‘മാജിക്കൽ ഡ്രിങ്ക്’ കഴിച്ചപ്പോൾ ജലദോഷവുംതുമ്മലും വിട്ടുമാറിയതെന്ന് അവർ പറഞ്ഞു. അത് നമ്മുടെ സ്വന്തം ചുക്കുകാപ്പിയായിരുന്നു. അതോടെ സംസാരം സൗഹൃദത്തിന്റെ തലത്തിലെത്തി. ജോലിയുടെ കാര്യത്തിൽ ഉറപ്പൊന്നും പറയാനാവില്ലന്ന് പറഞ്ഞാണ് മടക്കിയയച്ചത്. എന്നാൽ, രണ്ടുദിവസത്തിനകം ജോലി ലഭിച്ചതായി അറിയിപ്പ് കിട്ടി.
നാട്ടിലെ ഓയിൽ
2020-ലാണ് ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ‘‘മുടിസംരക്ഷണത്തിൽ ആദ്യമേ ശ്രദ്ധിക്കുന്ന ആളായിരുന്നു ഞാൻ. കൂടെ ജോലിചെയ്യുന്ന ആഫ്രിക്കൻ വനിതകൾ മുടിയുടെ സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം ശ്രദ്ധിച്ചിരുന്നു. നാട്ടിലേക്ക് വരുമ്പോഴെല്ലാം കോളേജിലെ സൗദി വിദ്യാർഥിനികൾ നിങ്ങളുടെ നാട്ടിലെ ആ ഓയിൽ കൊണ്ടുവരാമോയെന്ന് വെളിച്ചെണ്ണയെക്കുറിച്ച് ചോദിച്ചിരുന്നതും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് സംരംഭത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ മുടിയുടെ സംരക്ഷണത്തിനുള്ള എന്തെങ്കിലും ഉത്പന്നങ്ങളായിരുന്നു മനസ്സിൽ’’ -ഷാലിമ പറയുന്നു. താങ്ങാവുന്ന വിലയുള്ള, കെമിക്കലുകളില്ലാത്ത ആയുർവേദ ഉത്പന്നങ്ങൾ എന്ന സ്വപ്നത്തോടെയാണ് കോക്കോ റൂട്ട്സ് തുടങ്ങിയത്.
എന്തൊരു പേനാ...
സ്കൂളിൽപ്പോകുന്ന കുട്ടികളുടെ തലയിലെ പേൻശല്യം കുറയ്ക്കാൻ എന്തെങ്കിലുണ്ടോയെന്ന് അമ്മമാർ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് അതേക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ ലൈസ് കൺട്രോൾ ഓയിലും പ്രത്യേകമായി ഡിസൈൻ ചെയ്ത ചീർപ്പും ഷാമ്പുവും പുറ ത്തിറക്കി. അത് വഴിത്തിരിവായി. വിദേശത്തേക്കുൾപ്പെടെ ഉത്പന്നങ്ങൾ പോകുന്നുണ്ട്. പ്രധാന ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈനിലുമെല്ലാം ലഭിക്കും. പുതിയറയിലെ പരേത നായ പി.പി. അഹമ്മദിൻ്റെയും ആമിനയുടെയും മകളാണ് ഷാലിമ. പൊറ്റമ്മലാണ് താമസം. ബെംഗളൂരുവിൽ ജോലിചെയ്യുന്ന റൂഹിയും വിദ്യാർഥിയായ റെയ്ഹാസുമാണ് മക്കൾ.
Content Highlights: Discover the inspiring story of Dr. Shalima Ahmed, who left her high-paying job in Saudi Arabia
Published: 10 Aug 2025, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented