കോഴിക്കോട്: കലയ്ക്കും കലാവതരണത്തിനും ആസ്വാദനമെന്നതുമാത്രമാണ് മുഖ്യം. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ട്രാൻസ്ജെൻഡറെന്നോ ഒരു വേർതിരിവില്ലെന്ന് ഡോ. നർത്തകി നടരാജ്. നൃത്തത്തിലെ ലിംഗസമത്വത്തെക്കുറിച്ച് നർത്തകി നടരാജ് പറയുന്ന ഓരോ വാക്കിലും അവരുടെ ട്രാൻസ്ജെൻഡർ ജീവിതത്തിലൂടെ നൃത്താഭ്യാസത്തിന്റെയും നൃത്താധ്യാപനത്തിന്റെയും ചുവടുകൾ കയറിയതിന്റെ നൂപുരധ്വനി പ്രകടമായിരുന്നു. രാജ്യത്ത് ആദ്യമായി പദ്മശ്രീ ബഹുമതിക്ക് അർഹയായ ട്രാൻസ്ജെൻഡർ ഡോ. നർത്തകി നടരാജ് ചാലപ്പുറം ‘നൃത്ത്യാലയ’യിലെ ത്രിദിന ഭരതനാട്യം ശില്പശാലയ്ക്കിടെ ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു.

To advertise here,

Also Read: മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ

‘ബാല്യത്തിൽ ഊണിലും ഉറക്കത്തിലുമെല്ലാം നൃത്തം അഭ്യസിക്കണമെന്ന ഒറ്റച്ചിന്ത മാത്രമായിരുന്നു. നൃത്തമറിയില്ലെങ്കിലും ട്രാൻസ്‌വുമൺകൂടിയായ ഉറ്റതോഴി ശക്തി ഭാസ്കറിനൊപ്പം നൃത്തമാടി. പരസ്പരം അനുമോദിച്ചു. ആദ്യം സ്വയംതെളിയിക്കുന്നതിനായി നൃത്തംചെയ്തു. പിന്നീടത് നിലനിൽപ്പിനായുള്ള പോരാട്ടമായി. അതുകഴിഞ്ഞ് സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളായി മാറുന്നതിനായി നൃത്തംചെയ്തു. വൈജയന്തിമാലയെപ്പോലെ തനിക്കുമാകണമെന്ന സ്വപ്നം അന്ന് പിറവികൊണ്ടു. സ്വപ്നസാക്ഷാത്കാരത്തിനായി 11-ാം വയസിൽ വീടുവിട്ടിറങ്ങി.

കഠിനാധ്വാനം, നിശ്ചയദാർഢ്യം, ആത്മവിശ്വാസം ഇവയെല്ലാം ഒത്തുചേർന്നാൽ വിജയം ഉറപ്പാകുമെന്ന് ഞാൻ കണ്ടെത്തി. ആണോ പെണ്ണോ ട്രാൻസ്‌ജെൻഡറോ ഒന്നുമില്ല. ഓരോരുത്തർക്കും കഴിവുകളുണ്ട്. അതിനെ പരിപോഷിപ്പിച്ചാൽ മതി’ -ഡോ. നർത്തകി നടരാജ് കൂട്ടിച്ചേർത്തു. പ്രശസ്ത നർത്തകരായ അശ്വതി വി. നായരുടെയും ശ്രീകാന്തിന്റെയും ‘നൃത്ത്യാലയ’ സംഘടിപ്പിച്ച ഭരതനാട്യ ശില്പശാലയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നായി മുപ്പത് യുവനർത്തകരാണ് എത്തിയത്.

Don't Miss: നിയമബിരുദം നേടി കിം കർദാഷിയാൻ, കോളേജിൽ പോകാതെ അഭിഭാഷകയായത് ഇങ്ങനെ