രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് മിസ് വേള്‍ഡ് കിരീടം ചാര്‍ത്തി ഇന്ത്യയുടെ അഭിമാനമായി ചിരിച്ചുനില്‍ക്കുന്ന 18 കാരി പ്രിയങ്ക ചോപ്രയുടെ ചിത്രം നമ്മുടെ മനസ്സില്‍നിന്ന് മായില്ല. ഈ അംഗീകാരമാണ് പ്രിയങ്ക ചോപ്ര എന്ന താരത്തെ ലോകമൊട്ടുക്കും തിരിച്ചറിയാന്‍ കാരണമായത്. ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്ക് തന്റെ വിജയപാത വെട്ടിത്തെളിച്ച താരത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റായിരുന്നു ഈ പുരസ്‌കാരം. എന്നാല്‍, ഈ മത്സരവുമായി പ്രിയങ്ക മുന്നോട്ടുപോയതിനുപിന്നില്‍ ഒരു കഥയുണ്ട്.

To advertise here,

മിസ് ഇന്ത്യ മത്സരത്തിനുള്ള യോഗ്യത നേടിക്കഴിഞ്ഞിട്ടും മത്സരവുമായി മുന്നോട്ടുപോകണോയെന്ന സംശയമുണ്ടായിരുന്നു പ്രിയങ്കയ്‌ക്കെന്ന് തുറന്നുപറയുകയാണ് താരത്തിന്റെ അമ്മയും ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുമായ ഡോ.മധു ചോപ്ര. ജോഷ് ടോക്ക്‌സിലെ സുപ്രിയ പോളുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ.മധു ഇത് വെളിപ്പെടുത്തിയത്. 

പ്രിയങ്ക മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും വീട്ടില്‍ അരങ്ങേറിയിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയെ പഠനത്തില്‍നിന്ന് വഴിതെറ്റിക്കുന്ന കാര്യങ്ങള്‍ ചെയ്യണോ എന്നായിരുന്നു പ്രിയങ്കയുടെ അച്ഛന്റെ കുടുംബക്കാര്‍ ചോദിച്ചിരുന്നത്. നമ്മുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ ഇത്തരം കാര്യങ്ങളൊന്നും ചെയ്യാറില്ല എന്നായിരുന്നു അവരുടെ പക്ഷം. ഒടുവില്‍, അച്ഛനോ അമ്മയോ ആരെങ്കിലുമൊരാള്‍ കൂടെപ്പോകാന്‍ തയ്യാറാണെങ്കില്‍ മത്സരിച്ചോട്ടെ എന്നായി. ആര്‍മിയിലെ ഡോക്ടര്‍ എന്ന തന്റെ ജോലി വേണ്ടെന്നുവെച്ച് മകളോടൊപ്പം പോകാന്‍ ദീര്‍ഘദര്‍ശിയായ ആ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ മത്സരത്തിന് കൊച്ചുപ്രിയങ്കയുടെ ഭാവിയില്‍ വരുത്താന്‍ കഴിയുന്ന പ്രാധാന്യത്തെക്കുറിച്ച് മധുവിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

'തനിക്കിത് ചെയ്യാന്‍ പറ്റുമോ എന്ന് പ്രിയങ്കയും സംശയിച്ചിരുന്നു. അന്ന് ഞാന്‍ അവളോട് പറഞ്ഞത് പഠനത്തിലേക്ക് തിരികെപ്പോകാനുള്ള അവസരം എപ്പോഴുമുണ്ട്. എന്നാല്‍, ഇങ്ങനെയൊരു അവസരം വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം ലഭിക്കുന്നതാണ്. ഇനി ഇതുപോലൊരു ചാന്‍സ് ലഭിക്കുമോ എന്നറിയില്ല.'- ഡോ.മധു ചോപ്ര പറയുന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും എന്നാണ് അന്ന് പ്രിയങ്ക മറുപടി പറഞ്ഞത്. അതുതന്നെ സംഭവിക്കുകയും ചെയ്തു.

പ്രിയങ്കയും അമ്മയും തമ്മിലുള്ള ആത്മബന്ധം ഏവര്‍ക്കും അറിവുള്ളതാണ്. പല അന്താരാഷ്ട്രപരിപാടികളിലും അമ്മയോടൊപ്പമാണ് പ്രിയങ്ക വേദിയിലെത്താറുള്ളത്.