ഏതൊരു മനുഷ്യന്റേയും വലിയ ആഗ്രഹമാണ് ദീര്‍ഘകാലം ജീവിക്കുകയെന്നത്. അതിനായി എന്തുചെയ്യണമെന്ന അന്വേഷണത്തിനും ഒരുപാട് പഴക്കമുണ്ട്. അതിനായുള്ള പല അന്വേഷണങ്ങളും ഗവേഷണങ്ങളും ഇപ്പോഴും തുടരുകയാണ്. അത്തരത്തില്‍ നടന്ന ഒരു പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരുപാട് കാലം ജീവിക്കാനായി ചെയ്യാനുള്ള ലളിതമായ ഒരു കാര്യമാണ് ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്. 

To advertise here,

ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ ജെറിയാട്രിക്‌സ് സൊസൈറ്റി എന്ന പിയര്‍-റിവ്യൂഡ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഹോസ്പിറ്റല്‍ മെഡിസിന്‍ ഡിവിഷനിലെ അഷറഫ് അബുഗ്രൂന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ വിഭാഗത്തിലെ സച്ചിന്‍ ജെ. ഷാ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ജെറിയാട്രിക്‌സ് ഡിവിഷനിലെ കെന്നത്ത് കോവിന്‍സ്‌കി, ഹോസ്പിറ്റല്‍ മെഡിസിന്‍ ഡിവിഷനിലെ  കോളിന്‍ ഹബ്ബാര്‍ഡ്, മാര്‍ഗരറ്റഅ സി. ഫാങ്, ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ഏജിങ്ങിലെ ജോണ്‍ സി. ന്യൂമാന്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. 

സാമൂഹ്യമായി ഇടപെടുന്ന മുതിര്‍ന്നവര്‍ ഏകാന്ത ജീവിതം നയിക്കുന്ന മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. മറ്റുള്ളവരുമായി ഇടപഴകുക, സ്‌പോര്‍ട്‌സ് ഗ്രൂപ്പ് അല്ലെങ്കില്‍ ഒരേ ഹോബിയുള്ളവരുടെ ഗ്രൂപ്പില്‍ സജീവമാകുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ചെയ്യുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 

60 വയസോ അതില്‍ കൂടുതലോ ഉള്ള 2,300 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ദീര്‍ഘകാലമായി നടത്തുന്ന മറ്റൊരു പഠനത്തിലെ, 2016-ലെ വിവരങ്ങള്‍ (2016 വേവ്) വിശകലനം ചെയ്താണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനത്തില്‍ പങ്കടുത്തവര്‍ ഗവേഷകര്‍ നല്‍കിയ ചോദ്യാവലിക്ക് ഉത്തരങ്ങള്‍ നല്‍കുകയാണ് ചെയ്തത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. 

വിവരങ്ങള്‍ പരിശോധിച്ച ഗവേഷകര്‍, പഠനവിധേയരായവരെ സാമൂഹിക ഇടപെടലുകള്‍ കൂടുതലുള്ളവര്‍, മിതമായുള്ളവര്‍ കുറവുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചു. ഇതിനുശേഷമാണ് സാമൂഹ്യമായ ഇടപെടല്‍ ഇവരുടെ ആരോഗ്യത്തേയോ ദീര്‍ഘായുസ്സിനേയോ ബാധിക്കുന്നുണ്ടോ എന്ന് വിശകലനം ചെയ്തു. 

Related News: 'ഡയറ്റല്ല, വ്യായാമവുമല്ല, പിന്നെയോ...'; ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 115-കാരിയായ മുത്തശ്ശി

സാമൂഹ്യ ഇടപെടല്‍ കൂടുതലുള്ളവര്‍ക്കും മിതമായുള്ളവര്‍ക്കും കുറവുള്ളവരെ അപേക്ഷിച്ച് മരണസാധ്യത യഥാക്രമം 42 ശതമാനവും 47 ശതമാനവും കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഏതുതരത്തിലാണ് സാമൂഹ്യ ഇടപെടല്‍ നടത്തുന്നത് എന്നതിനനുസരിച്ചും മരണസാധ്യതയില്‍ വ്യത്യാസമുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

സന്നദ്ധ പ്രവര്‍ത്തനം അല്ലെങ്കില്‍ ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് 51 ശതമാനം മരണസാധ്യത കുറവാണ്. സോഷ്യല്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ സജീവമായവര്‍ക്ക് 28 ശതമാനവും പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുന്ന മുതിര്‍ന്നവര്‍ക്ക് 18 ശതമാനവും മരണസാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.