ബാലതാരമായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഡിംപിള്‍ റോസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ഡിംപിള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ രണ്ടാം വിവാഹജീവിതത്തെ കുറിച്ച് മനസ് തുറയ്ക്കുകയാണ് താരം.

To advertise here,

സഹോദരന്‍ ഡോണിന്റേയും ഭാര്യ ഡിവൈന്റേയും വിവാഹ വാര്‍ഷിക ദിവസം ഇരുവര്‍ക്കും ആശംസ നേര്‍ന്നാണ് ഡിംപിള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഡിവൈന്‍ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായത് എങ്ങനെയാണെന്നും 'രണ്ടാംകെട്ടുകാരനെയാണ്' ഡിവൈന്‍ വിവാഹം കഴിക്കാന്‍ പോകുന്നതെന്ന തരത്തിലുള്ള പരിഹാസങ്ങളെ എങ്ങനെയാണ് മറികടന്നതെന്നും ഡിംപിള്‍ വീഡിയോയില്‍ വിശദീകരിക്കുന്നു.

ആദ്യ വിവാഹജീവിതം തകര്‍ന്ന ഡോണ്‍ വിഷമത്തിലായിരുന്നുവെന്നും സഹോദരന്റെ ഒറ്റയ്ക്കുള്ള ജീവിതം തന്നേയും മാതാപിതാക്കളേയും വേദനിപ്പിച്ചിരുന്നുവെന്നും ഡിംപിള്‍ വീഡിയോയില്‍ പറയുന്നു. കോട്ടയം സ്വദേശിയായ ഡിവൈന് വിവാഹം ചെയ്യുമ്പോള്‍ 23 വയസ് മാത്രമായിരുന്നു പ്രായമെന്നും അവരുടെ ആദ്യ വിവാഹമായിരുന്നു ഇതെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ക്കുന്നു.

'ഡിവൈന്റെ വിവാഹാലോചന ചേട്ടന് വന്നപ്പോള്‍ ആദ്യം വേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഡിവൈന്റെ പ്രായവും ആദ്യ വിവാഹമാണ് എന്നതുമാണ് ഞങ്ങളെ പിന്നോട്ടുവലിപ്പിച്ചത്. മറ്റൊരു വിവാഹം എന്നത് ചേട്ടനെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു. ഞാനാണ് ആദ്യം ഡിവൈനിനോട് സംസാരിക്കുന്നത്. ശേഷം ഡിവൈനെ കാണാന്‍ പോകാന്‍ ചേട്ടനെ നിര്‍ബന്ധിച്ചു. ഒടുവില്‍ ചേട്ടന്‍ വഴങ്ങി. ഡോണ്‍ ചേട്ടന്‍ സന്തോഷത്തോടെ ജീവിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.

ഒരു സാധാരണ പെണ്ണുകാണല്‍ അല്ല നടന്നത്. ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുമുള്ള ഫയലുമായാണ് ഞങ്ങള്‍ പോയത്. ഡിവൈനോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. രണ്ടാമതൊന്ന് ആലോചിക്കാന്‍ പറഞ്ഞു. ഡിവൈന്‍ ഈ വിവാഹം മതിയെന്ന് പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. 23-കാരിയായ പെണ്‍കുട്ടി, അതും ആദ്യമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പെണ്‍കുട്ടി രണ്ടാം കെട്ടുകാരനെ ഭര്‍ത്താവായി സ്വീകരിക്കണോ എന്നതായിരുന്നു എല്ലാവരില്‍ നിന്നും വന്ന ചോദ്യം.

എന്നാല്‍ ഇതൊന്നും ഡിവൈന്റെ തീരുമാനത്തെ ബാധിച്ചില്ല. ഡിവൈന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിലപ്പോള്‍ അങ്ങനെയൊരു വിവാഹത്തിന് സമ്മതിക്കില്ല. എല്ലാവരുടേയും എതിര്‍പ്പുകള്‍ മറികടന്ന് അവര്‍ ഒടുവില്‍ വിവാഹിതരായി. വിവാഹം ഉറപ്പിക്കുന്ന സമയത്തും ഡോണ്‍ ചേട്ടന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ഡിവൈനിനോട് പറഞ്ഞിരുന്നു. പിന്നീടെപ്പോഴെങ്കിലും ചതിക്കപ്പെട്ടു എന്ന തോന്നല്‍ ഡിവൈന് ഉണ്ടാവരുതല്ലോ. പള്ളിയില്‍ നിന്നുള്ള ഡോക്യുമെന്റ്‌സ് എല്ലാം റെഡിയാകാതിരുന്നതിനാല്‍ രജിസ്റ്റര്‍ വിവാഹമാണ് നടത്തിയത്. വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്ത വിവാഹം. ഇതോടെ വീണ്ടും ഗോസിപ്പുകള്‍ വന്നു. ഡിവൈന്റേതും രണ്ടാം കെട്ടാണെന്നും കുട്ടിയുണ്ടെന്നും പലരും പറഞ്ഞുപരത്തി. എന്നാല്‍ ഇതെല്ലാം മറികടന്ന് ഡോണും ഡിവൈനും ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു. അതിനു കാരണം ഡിവൈന്റെ മിടുക്ക് തന്നെയാണ്.'- ഡിംപിള്‍ വീഡിയോയില്‍ പറയുന്നു.

ഡിംപിളിന്റേയും സഹോദരന്‍ ഡോണിന്റേയും വിവാഹം ഒരേ ദിവസമാണ് നടത്തിയിരുന്നത്. എന്നാല്‍ ഡോണിന്റെ വിവാഹജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇതോടെ ഡോണും ഡിംപിളും ഒരുപാട് പരിഹാസങ്ങളും ട്രോളുകളും നേരിട്ടു. ഇതെല്ലാം ഇരുവരും തരണം ചെയ്യുകയും ഡോണ്‍ മറ്റൊരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.