ബോളിവുഡിൽ തരംഗമായി മാറിയ ചിത്രമാണ് 2004-ൽ പുറത്തിറങ്ങിയ ധൂം. ജോൺ എബ്രഹാമും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഇഷാ ഡിയോളുമെല്ലാം തകർത്തഭിനയിച്ച ചിത്രം അക്കാലത്തെ സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിൽ അഭിഷേക് ബച്ചന്റെ ഭാര്യയായ സ്വീറ്റി ദീക്ഷിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി റിമി സെൻ ആയിരുന്നു. ദിൽബർ ശിക്ദും എന്ന ധൂമിലെ ഗാനം മാത്രം മതി പ്രേക്ഷകർക്ക് റിമിയെ ഓർക്കാൻ.

To advertise here,

അന്നത്തെ സൂപ്പർഹിറ്റ് നടിയായിരുന്ന റിമി ഇപ്പോൾ ദുബായിൽ റിയൽ എസ്‌റ്റേറ്റ് ഏജന്റാണ്. താരം തന്നെയാണ് ബിൽഡ്കാപ്‌സ് റിയൽ എസ്റ്റേറ്റ് എൽഎൽസിയുമായുള്ള സംഭാഷണത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞത്. ദുബായിലെ ജനസംഖ്യയിൽ 95 ശതമാനവും പ്രവാസികളാണെന്ന് പറഞ്ഞ റിമി, എല്ലാവരേയും സ്വാഗതം ചെയ്യുന്ന നഗരമാണ് ദുബായ് എന്നും കൂട്ടിച്ചേർത്തു.

'നമ്മുടെ രാജ്യത്ത് കാണാത്തതാണ് ഇവിടെയുള്ളത്. കാരണം, നമ്മുടെ നാട്ടിൽ സർക്കാർ നേരം ഇരുട്ടിവെളുക്കുമ്പോൾ നയങ്ങൾ മാറ്റുകയും ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. നൂറായിരം നികുതികളാണ് നാട്ടിലുള്ളത്. അവസാനമില്ലാത്ത സങ്കീർണതകളും. ബിസിനസ് ചെയ്യാൻ അനുയോജ്യമായ ഒരു രാജ്യമല്ല അത്.' -റിമി പറഞ്ഞു.

'ഇവിടെ റിയൽ എസ്റ്റേറ്റ് വിപണി വളരെ സുഗമമായാണ് പ്രവർത്തിക്കുന്നത്. കാരണം ഇവിടെ അച്ചടക്കമുണ്ട്. നിങ്ങൾക്ക് ഏജന്റുമാരുമായും ഏജൻസികളുമായും മാത്രമേ ഇടപാട് നടത്താൻ കഴിയൂ. കെട്ടിടമുണ്ടാക്കുന്നവർ അത് ചെയ്യും, ഏജൻസികൾ അവരുടെ ജോലി ചെയ്യും. ഇതിന് മികച്ചൊരു സംവിധാനം ഇവിടെയുണ്ട്.' -റിമി സെൻ പറഞ്ഞു.

 

നേരത്തേ രണ്ടുവർഷം മുമ്പ് റിമി സെൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു അതിന് കാരണം. കണ്ടാൽ തിരിച്ചറിയാത്തവിധം ആളാകെ മാറിയെന്നാണ് അന്ന് വന്ന കമന്റുകൾ. റിമി സെൻ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്നാണ് അന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞത്.

 

എന്നാൽ ഫില്ലറുകൾ, ബോട്ടോക്‌സ്, പിആർപി ചികിത്സ എന്നിവ മാത്രമാണ് താൻ ചെയ്തതെന്ന് താരം അന്ന് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.