ബോളിവുഡ് താരദമ്പതിമാരായ ദീപികാ പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഏതാനും ദിവസം മുമ്പാണ് സന്തോഷവാർത്ത താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെ ആറ്റ്‌ലീ-അല്ലു അർജുൻ ചിത്രം രാക്കയിലെ ആക്ഷൻ രംഗങ്ങളിൽ ദീപികയുടെ ഡ്യൂപ്പിനെ ഉപയോഗിക്കാൻ തീരുമാനിച്ചതായി വാർത്ത വന്നിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ചിത്രം കിങ്ങിൽ അഭിനയിക്കാനെത്തിയ, ഗർഭിണിയായ ദീപികയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

To advertise here,

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ദീപികയ്‌ക്കൊപ്പം ഷാരൂഖ് ഖാനേയും ചിത്രങ്ങളിൽ കാണാം. ദീപികയുടെ കൈപിടിച്ച് നടന്നുനീങ്ങുന്ന സ്‌റ്റൈലിഷ് ലുക്കിലുള്ള ഷാരൂഖ് ഖാനാണ് ചിത്രത്തിലുള്ളത്. റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

രണ്ടാമതൊരു കുഞ്ഞ് കൂടി എത്തുന്നു എന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് താരദമ്പതിമാർ അറിയിച്ചത്. ദീപികയുടെ പോസിറ്റീവായ പ്രഗ്നൻസി കിറ്റ് കൈയിൽ പിടിച്ച ആദ്യമകൾ ദുവയുടെ ചിത്രമാണ് താരങ്ങൾ പങ്കുവെച്ചത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഇരുവർക്കും ആശംസകൾ അർപ്പിച്ച് പോസ്റ്റിൽ കമന്റ് ചെയ്തിരുന്നു.

2018 നവംബർ 14-നാണ് രൺവീറും ദീപികയും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ആഡംബരപൂർണമായ വിവാഹം. രൺവീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്.

ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ൽ പുറത്തിറങ്ങിയ ഗോലിയോം കീ രാസ്ലീല രാം-ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രൺവീറിന്റേയും ദീപികയുടേയും പ്രണയം പൂവിടുന്നത്. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം 2015-ൽ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തി. 2024 സെപ്റ്റംബർ എട്ടിനാണ് രൺവീർ സിങ്ങിനും ദീപികാ പദുക്കോണിനും ആദ്യ കുഞ്ഞായ ദുവ പിറന്നത്.