മാതാപിതാക്കൾക്ക് മക്കൾ സർപ്രൈസായി സമ്മാനം നൽകുന്ന ഒട്ടേറെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. ആ സമയത്ത് മാതാപിതാക്കൾ അനുഭവിക്കുന്ന സന്തോഷവും അഭിമാനവും വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. അത്തരത്തിൽ ഒരു സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

To advertise here,

വർഷ എന്ന യുവതിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മാതാപിതാക്കൾക്ക് പുതിയ കാർ സമ്മാനിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഞങ്ങൾക്ക് ഇത് കഴിയില്ല എന്ന് അവർ ഒരിക്കലും പറഞ്ഞിട്ടില്ല, പകരം പറന്നുയരൂ എന്നാണ് അവർ ഞങ്ങളെ പഠിപ്പിച്ചത്. ജീവിതകാലം മുഴുവൻ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും പകരമായി നൽകുന്ന ഒരു ചെറിയ സമ്മാനം മാത്രമാണിത്'-വീഡിയോയ്‌ക്കൊപ്പം വർഷ കുറിച്ചു.

കണ്ണുകൾ മൂടിക്കെട്ടിയ നിലയിൽ മാതാപിതാക്കളെ വർഷയും സഹോദരിയും കാറിന് മുന്നിലേക്ക് കൊണ്ടുവരുന്നതെന്നും കണ്ണിന്റെ കെട്ട് അഴിച്ച് സമ്മാനം കാണുമ്പോൾ അവർ അമ്പരക്കുന്നതും വീഡിയോയിൽ കാണാം. സന്തോഷം സഹിക്കാനാകാതെ അവർ മക്കളെ കെട്ടിപ്പിടിക്കുന്നുമുണ്ട്.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. മാതാപിതാക്കൾക്ക് നൽകുന്ന ഏറ്റവും മനോഹരമായ സമ്മാനം' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'മക്കളെ അവർ എത്ര നന്നായി വളർത്തി എന്നതിന്റെ തെളിവാണ് ഇത്' എന്നായിരുന്നു മറ്റൊരു കമന്റ്.