ലഡാക്കിലെ പർവത താഴ്വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിൽ 70 അടി വലുപ്പത്തിൽ മഹാദേവചിത്രം പൂർത്തീകരിച്ച് ഡാവിഞ്ചി സുരേഷ് 98-ാമത്തെ മീഡിയ പൂർത്തിയാക്കി. ശിവരാത്രിയാഘോഷവുമായി ബന്ധപ്പെട്ടാണ് ഐസുകട്ടയിലെ മഹാദേവചിത്രം പെയിന്റിങ് പൂർത്തിയാക്കിയത്.

To advertise here,

മഞ്ഞുമലയിൽ ചിത്രം വരയ്ക്കാൻ നടത്തിയ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ച് മൈനസ് 12 ഡിഗ്രി തണുത്ത കാലവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറു മണിക്കൂർ കൊണ്ട് വരച്ചെടുത്തത്. ലഡാക്കിലെ പോലീസിന്റെയും ആർമി ഉദ്യോഗസ്ഥരുടെയും പ്രത്യേക അനുമതിയോടെയും സഹായത്തോടെയുമാണ് ലോകത്തിലെ ആദ്യത്തെ കളർഫുള്ളായ ഏറ്റവും വലിയ ചിത്രം തീർക്കാനായതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

കഴിഞ്ഞ ഒൻപതിനാണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും മകൻ ഇന്ദ്രജിത്ത് ഡാവിഞ്ചിയുമടങ്ങുന്ന സംഘം ലഡാക്കിലെത്തിയത്. കൈലാസം മെഡിറ്റേഷൻ ആശ്രമം ആൻഡ് ഗ്ലോബൽ ട്രസ്റ്റ് ആണ് ഇതിനായി സുരേഷിനെ സഹായിക്കാനായി മുന്നോട്ടുവന്നത്. ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ. വിശ്വനാഥനും ക്യാമറമാൻ സിംബാദും യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു.