പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ വി ശശി ഓര്‍മയായി. നിരവധി പ്രൊഫഷണല്‍, അമച്വര്‍ നാടകങ്ങളുടെ രചയിതാവും സംവിധായകനുമാണ്. 2023-ല്‍ കേരള സംഗീത നാടക അക്കാദി അവാര്‍ഡും എ.ശാന്തകുമാര്‍ നാടകപുരസ്കാരവും നേടി. ചലച്ചിത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. പ്രേമചന്ദ്രന് ഓര്‍മിക്കുന്നു.

പ്രഗൽഭ നാടകരചയിതാവും സംവിധായകനുമായ വി. ശശി എന്ന ശശിയേട്ടൻ നമ്മെ വിട്ടുപോയതായി അറിഞ്ഞു. അത്രമേൽ സങ്കടകരമായ വാർത്ത.
വി. ശശിയേട്ടനോളം ലാളിത്യമുള്ള മറ്റൊരു മനുഷ്യൻ എന്റെ പരിചയസീമയിലില്ല. അത്രയും സ്‌നേഹത്തോടെ 'മോനേ' എന്നേ വിളിക്കൂ. എന്നെ മാത്രമല്ല, പരിചയത്തിലുള്ള എല്ലാവരെയും. റവന്യൂ വകുപ്പിൽ തഹസീൽദാർ എന്ന വലിയ അധികാരമുള്ള ജോലിയിൽ ഇരിക്കുമ്പോഴും അങ്ങനെ തന്നെയാണ് എല്ലാവരെയും വിളിക്കാറ്.
അധികാരം ശരീരഭാഷയിൽ ഒരൽപ്പം പോലും കലർന്നിട്ടില്ലാത്ത മനുഷ്യൻ. ഉദ്യോഗം കൊണ്ടു മാത്രമല്ല, ശശിയേട്ടന് അധികാരം കാണിക്കാൻ കഴിയുക. അദ്ദേഹത്തോളം പ്രഗത്ഭനായ ഒരു നാടക സംവിധായകന് എത്ര വേണമെങ്കിലും മസിലുപിടിക്കാവുന്നതും ജാഡ കാട്ടാവുന്നതുമാണ്. എളിമയും വിനയവും നാടുമായുള്ള നാഭീനാളബന്ധത്തിൽ നിന്നാണ് ശശിയേട്ടനിലേക്ക് പകർന്നത്. നാടകത്തിൽ മാത്രമല്ല ജീവിതത്തിലും പ്രസന്നത മാത്രം നിറച്ചാണ് ശശിയേട്ടൻ എല്ലാവരുടെയും പ്രിയങ്കരനാവുന്നത്. നാടകമേഖലയിൽ ആർക്കും ശത്രുതയില്ലാതെ വർത്തിക്കുക എന്നതു പോലും ഇന്ന് ചിന്തിക്കാൻ കഴിയാത്തതാണല്ലോ.
ശശിയേട്ടനെക്കുറിച്ച് പറയാതെ മലബാറിലെ അമേച്വർനാടക ചരിത്രത്തെ അടയാളപ്പെടുത്താൻ ഒരാൾക്കും സാധ്യമല്ല. നാടകത്തിന്റെ മർമ്മം, അരങ്ങിൽ തെളിയേണ്ട രംഗപാഠം അത് ഉൾത്തളിച്ചത്തോടെ ശശിയേട്ടൻ പിടിച്ചെടുക്കുമ്പോലെ ഒരു സംവിധായകനും സാധ്യമായെന്നു വരില്ല. തോമസ് മാന്റെ 'മാറ്റി വെച്ച തലകൾ' പയ്യന്നൂർ സംഘത്തിനു വേണ്ടി അവതരിപ്പിച്ചപ്പോൾ അതു കാണാൻ സാധിച്ചിരുന്നില്ല. അതിന്റെ സ്റ്റില്ലുകൾ കാണുമ്പോഴറിയാം അത് കാലത്തിനു മുന്നേനടന്ന നാടകമാണെന്ന്. കോളേജിൽ പഠിക്കുമ്പോൾ പയ്യന്നൂർ കോളേജിനു വേണ്ടി ചെയ്ത 'പാക്കനാർ സൂക്തം' ഓർമ്മയിലുണ്ട്. അതിനും മുമ്പ് സംഭാഷണമൊന്നുമില്ലാത്ത 'സർപ്പ' എന്ന നാടകവും പയ്യന്നൂർ കോളേജിനു വേണ്ടി ചെയ്തിരുന്നു. പിന്നീട് തായിനേരി സ്‌കൂളിനു വേണ്ടി പി ബാലചന്ദ്രൻ എഴുതി സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയ 'ആശാസദനത്തിലെ അന്തേവാസികൾ' സംവിധാനം ചെയ്യുന്നുണ്ട്. അക്ഷരാർത്ഥത്തിൽ കണ്ണീരണയിച്ച നാടകം. രാധാകൃഷ്ണൻ അടുത്തില എഴുതിയ 'ദിവാസ്വപ്നം' എന്ന നാടകവും ആദ്യം തായിനേരി സ്‌കൂളിനു വേണ്ടിത്തന്നെയാണ് ഒരുക്കിയിരുന്നത്. ഒരു ദീർഘനാടകത്തിൽ നിന്ന് ഒന്നോ രണ്ടോ ഭാഗങ്ങൾ എടുത്ത് അതിനെ വൈകാരികമായി കാണിയെ ഉലയ്ക്കുന്ന അനുഭവമാക്കാൻ ശശിയേട്ടനുള്ള അസാമാന്യമായ മിടുക്ക് 'ദിവാസ്വപ്ന'ത്തിലും പ്രേക്ഷകരെ കണ്ണീരണിയിച്ചു. പിന്നീട് 'ദിവാസ്വപ്നം' ചട്ടഞ്ചാൽ സ്‌കൂളിനു വേണ്ടിയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായികളായി ഞാനും ശശിയും അന്നുമുതൽ കൂടെയുണ്ട്. ചട്ടഞ്ചാൽ സ്‌കൂളിനു വേണ്ടി പിന്നീട് 'മാനസാന്തരത്തിന്റെ ബാക്കിപത്രം' എന്ന നാടകം ശശിയേട്ടൻ ചെയ്തു. ഒ ഹെന്റിയുടെ 'കോപ്പ് & ആന്തം' എന്ന കഥയുടെ പുനരാവിഷ്‌കാരമാണത്. രാജ്‌മോഹൻ നീലേശ്വരത്തിന്റെ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നെങ്കിലും വലിയ രീതിയിൽ അത് പരിഷ്‌കരിക്കാൻ സ്‌കൂളിൽ നിന്ന് മണികണ്ഠദാസും ശശിയും അദ്ദേഹത്തിനൊപ്പം നിന്നു. കണ്ണൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ നാടകത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
അമേച്വർ നാടക രംഗത്ത് ഉജ്ജ്വലമായ നിരവധി സൃഷ്ടികൾ ശശിയേട്ടൻ നിർവ്വഹിച്ചിട്ടുണ്ട്. 'മരമീടൻ' അതിലെ അസാമാന്യമായ അനുഭവമാണ്. പലകുറി കാണുമ്പോഴും ചിരിച്ചു പള്ളകൂച്ചുന്ന അനുഭവം 'മരമീടൻ' കാണമ്പോഴാണ് ഉണ്ടായിട്ടുള്ളത്. വിജയ് ടെണ്ടുൽക്കറുടെ 'സഖാറാം ബൈൻഡർ' പയ്യന്നൂരിൽ ഗംഭീര സദസ്സിന് മുമ്പാണ് അവതരിപ്പിച്ചത്. കെ.ടി യുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന നാടകം പിന്നീട് ഉദിനൂർ ജ്വാലക്കുവേണ്ടി ചെയ്യുന്നുണ്ട്. രാജ് മോഹൻ നീലേശ്വരം രചിച്ച ‘തീമാടൻ’ ശശിയേട്ടന്റെ സമീപകാല നാടകങ്ങളിലെ മറ്റൊരു അസാധാരണമായ അനുഭവമായിരുന്നു. ഇതിലുമെത്രയോ നാടകങ്ങൾ ശശിയേട്ടൻ ഒരുക്കിയിട്ടുണ്ട്. എന്റെ അനുഭവത്തിലെ ചിലവ കുറിച്ചുവെന്നു മാത്രം.
നിരവധി നാടകാനുഭവങ്ങളിൽ ശശിയേട്ടന് ഒപ്പം സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂൾ നാടക മത്സരത്തിന്റെ വിധികർത്താവായും പല നാടകക്കളുടെയും കൂട്ടുപ്രേക്ഷകനായും. ഒരർത്ഥത്തിൽ ഉള്ളിൽ നാടകത്തെക്കുറിച്ചുള്ള ഒരു സങ്കല്പം, ഒരു ബോധം ഏതെങ്കിലും മട്ടിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അതിനു നിമിത്തം ഇത്തരം സന്ദർഭങ്ങളിൽ പ്രിയപ്പെട്ട ശശിയേട്ടനൊപ്പം എന്തൊക്കെയോ സംസാരിച്ചിരുന്നതാണ്.
ശശിയേട്ടന് നാടകം ലളിതവും സുതാര്യവുമായ ഒരു കലാരൂപമാണ്. സങ്കീർണ്ണതയും കടുംനിറങ്ങളും രംഗത്തെ സ്‌ഫോടനാത്മകമാക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളും അദ്ദേഹത്തിന്റെ വഴിയല്ല. നടന്മാരാലാണ് അദ്ദേഹം നാടകശരീരം പടുത്തുയർത്തുക. അവരുടെ സാധ്യതകളെ നാടകത്തിലേക്ക് തുറക്കാൻ അദ്ദേഹത്തിന് സവിശേഷമായ ഒരു വഴിയുണ്ട്. അലർച്ചയോ ചീത്തവിളിയോ അപമാനിക്കലൊ ആ വഴിയിലില്ല. 'അതങ്ങനെയല്ല മോനേ..' 'മോനേ ഇങ്ങനെയൊന്ന് ചെയ്താലോ..' എന്ന് അദ്ദേഹം ചുറ്റുമുള്ളവരെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുക നാടകറിഹേഴ്‌സൽ സന്ദർഭത്തിലാണ്. സ്‌നേഹത്താലാണ് അദ്ദേഹത്തിന്റെ നാടകത്തിന്റെ വെളിച്ചം ഉജ്ജ്വലമായി പ്രകാശിപ്പിക്കുക. സ്‌നേഹത്തിന്റെ ആ നിറവെളിച്ചം കെട്ടുപോയിരിക്കുന്നു. സങ്കടം മാത്രം..!
Published: 02 Oct 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented