2013-ൽ വാതുവെപ്പുകേസിൽ അറസ്റ്റിലായതിനു പിന്നാലെയുള്ള ഇരുണ്ട അനുഭവങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും ഭാര്യ ഭുവനേശ്വരിയും. ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഭാര്യ ഗീതയും നടത്തുന്ന ‘ഹൂസ് ദ ബോസ്’ എന്ന യൂട്യൂബ് പോഡ്കാസ്റ്റിലൂടെയാണ് ശ്രീശാന്തും ഭാര്യയും ഇതേക്കുറിച്ച് പങ്കുവെച്ചത്. താനും ഭുവനേശ്വരിയും വിവാഹം കഴിക്കാൻ തീരുമാനിച്ച സമയത്താണ് അറസ്റ്റ് നടക്കുന്നതെന്നും ഭുവനേശ്വരിയും കുടുംബവും തനിക്കൊപ്പം താങ്ങായിനിന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
സുഹൃത്തുക്കളാണ് ശ്രീശാന്ത് അറസ്റ്റിലായ വിവരം വിളിച്ചുപറഞ്ഞതെന്ന് ഭുവനേശ്വരി പറയുന്നു. ഹൈദരാബാദിലിരിക്കെ ഒരുദിവസം സുഹൃത്തുക്കൾ രാവിലെ ഏഴുമണിക്ക് വിളിച്ച് ടി.വി. ഓൺ ചെയ്യാൻ പറഞ്ഞു. വാതുവെപ്പുകേസിൽ ശ്രീശാന്ത് അറസ്റ്റിലായ വാർത്ത കണ്ടു. അച്ഛനോട് ഇനി എന്തു പറയും എന്നാണ് ഞാനപ്പോൾ ഓർത്തത്. ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിൽ എന്നുപോലും കരുതിയെന്നും ഭുവനേശ്വരി പറഞ്ഞു.
വാർത്ത കണ്ട് അസ്വസ്ഥതയോടെയാണ് അച്ഛൻ വിളിച്ചത്. ഹൈദരാബാദിൽ നിന്ന് തിരിച്ചുവരാൻ അദ്ദേഹം പറഞ്ഞു. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറാവുമെന്ന് വാക്കുനൽകണമെന്നും ടി.വി.യിലെ വാർത്ത കണ്ടതുവെച്ച് വിവാഹം റദ്ദാക്കില്ലെന്നും വാക്കുനൽകിയാൽ മാത്രമേ തിരിച്ചുവരൂ എന്നു പറഞ്ഞു. കാരണം ദൈവം വന്ന് ശ്രീശാന്ത് ഇത് ചെയ്തുവെന്നുപറഞ്ഞാലും ഞാനത് വിശ്വസിക്കില്ല- ഭുവനേശ്വരി പറഞ്ഞു.
അറസ്റ്റിനുശേഷം ഭുവനേശ്വരിയുടെ അച്ഛനെ കണ്ടപ്പോൾ ഇനി തനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുമോയെന്നത് സംശയമാണെന്ന് പറഞ്ഞിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു. ഇനി രാജ്യത്തിനുവേണ്ടി കളിക്കുമോയെന്നത് സംശയമാണ്. ആ സമയത്ത് ഒരു തീവ്രവാദിയായാണ് മുദ്രകുത്തപ്പെട്ടത്. പക്ഷേ എന്തൊക്കെ സംഭവിച്ചപ്പോഴും ഷെഖാവത് കുടുംബം തനിക്കൊപ്പം നിന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
തനിക്ക് ആത്മഹത്യാപ്രവണതയുണ്ടായിരുന്ന കാലമാണ് അതെന്നും ഭുവനേശ്വരിയുടെ പിന്തുണയാണ് കരുത്തായതെന്നും ശ്രീശാന്ത് അഭിമുഖത്തിൽ പങ്കുവെച്ചു. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലായിരുന്നില്ല. ഒരേയൊരു ബോസ് മാത്രമേയുള്ളുവെന്നും അത് ദൈവമാണെന്നും തിരിച്ചറിഞ്ഞു. താനൊരു തീവ്രവാദിയാണെന്നും ജീവിതം ഇതോടെ അവസാനിച്ചുവെന്നും ചുറ്റുമുള്ളവർ പറഞ്ഞു. അടുത്ത മൂന്നാലുദിവസത്തിനുള്ളിൽ താൻ കൊല്ലപ്പെടുകയോ അല്ലെങ്കിൽ സ്വയം ജീവൻ ഇല്ലാതാക്കുകയോ ചെയ്തേക്കാമെന്ന് സഹോദരനോട് പറഞ്ഞിരുന്നു.
കോടതിയിൽ വച്ച് ആദ്യമായി ഭുവനേശ്വരിയുടെ അച്ഛനെ കണ്ടതിനേക്കുറിച്ചും ശ്രീശാന്ത് പറയുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ കരച്ചിൽ വന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് ആത്മവിശ്വാസമേകി. ഈ പോരാട്ടത്തിൽ നിന്ന് പുറത്തുവരാനുള്ള ആത്മവിശ്വാസം നൽകിയത് ഭുവനേശ്വരിയാണ്. തീഹാർ ജയിലിൽ ഞാൻ 27 ദിവസമുണ്ടായിരുന്നു, അത്രയും ദിവസം അവൾ നിലത്തുകിടന്നാണ് ഉറങ്ങിയത്- ശ്രീശാന്ത് പറഞ്ഞു.
ജയ്പൂരിൽ ഒരു ക്രിക്കറ്റ് മാച്ചിനിടെയാണ് ശ്രീശാന്ത് ആദ്യമായി രാജസ്ഥാനിലെ രാജകുടുംബത്തിൽ നിന്നുള്ള ഭുവനേശ്വരിയെ കണ്ടുമുട്ടുന്നത്. വാതുവെപ്പുകേസിൽ ശ്രീശാന്ത് അറസ്റ്റിലായ അതേവർഷം തന്നെയാണ് ഇരുവരും വിവാഹിതരാകുന്നത്.
2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ ജീവിതം മാറ്റിമറിച്ചത്. രാജസ്ഥാൻ റോയൽസിന്റെ താരമായ ശ്രീശാന്തിനെ വാതുവെയ്പ്പിനെ തുടർന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായുള്ള വാർത്ത വരുന്നത് 2013 മേയ് 16-നാണ്. ശ്രീശാന്തിനൊപ്പം രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്പ്പ് നടത്താൻ ജിജു ജനാർദ്ദനൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു എന്നതായിരുന്നു ആരോപണം. മേയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡൽഹി പോലീസിന്റെ പ്രസ്താവന വന്നു. എന്നാൽ കുറ്റസമ്മതത്തിൽ നിർബന്ധിച്ച് ഒപ്പുവെയ്പ്പിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് രാജസ്ഥാൻ റോയൽസ് ഈ താരങ്ങളുടെ കരാർ റദ്ദാക്കി. 2013 സെപ്റ്റംബർ 13-ന് ബിസിസിഐ വാതുവെയ്പ്പിനെ തുടർന്ന് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള താരങ്ങൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി.
വാതുവെയ്പ്പ് കേസിൽ 2015 ജൂലായിൽ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. തുടർന്ന് ആജീവനാന്ത വിലക്ക് റദ്ദാക്കാനുള്ള നിയമനടപടികളുമായി ശ്രീശാന്ത് മുന്നോട്ടുപോയി. ഇതിനിടെ 2017 ഒക്ടോബർ 18-ന് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേ താരം വീണ്ടും കോടതി നടപടികളുമായി മുന്നോട്ടുപോയി. ഒടുവിൽ 2019 മാർച്ചിൽ സുപ്രീം കോടതി ബിസിസിഐയോട് ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി പുനഃപരിശോധക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്ന് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമാക്കി കുറച്ചു. ഇതോടെ 2020 സെപ്റ്റംബർ 13-ഓടെ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചു.
Content Highlights: S. Sreesanth and wife Bhuvneshwari recount the dark days after his 2013 match-fixing arrest, detailing the emotional toll and unwavering support.
Published: 02 Feb 2026, 03:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented