ശരീരഭാരം കുറയ്ക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ഇതിൽ പലരും പരീക്ഷിക്കുന്ന കാര്യമാണ് സ്‌കിപ്പിങ്. ഇത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനും തന്റെ ശരീരഭാരം കുറയ്ക്കാൻ സ്‌കിപ്പിങ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അതിൽ അൽപം വ്യത്യസ്തതയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ് ചെയ്യാം എന്നതായിരുന്നു വ്യത്യസ്തത.

To advertise here,

ടാങ്ഡൂ എന്ന പേരുള്ള ഏഴ് വയസുകാരന്റെ അച്ഛനാണ് ഫെബ്രുവരി ഒമ്പതിന് വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണത്തിന് അനുസരിച്ച് സ്‌കിപ്പിങ്ങ് ചെയ്യാമോ എന്ന് അച്ഛൻ ചോദിക്കുമ്പോൾ ആത്മവിശ്വാസത്തോടെ 'യെസ്' പറയുന്ന ടാങ്ഡൂവിനെ വീഡിയോയിൽ കാണാം. 1.32 മീറ്റർ ഉയരമുള്ള ഏഴ് വയസുകാരനായ ടാങ്ഡൂവിന്റെ ഭാരം 45 കിലോഗ്രാമാണ്. ഇത് കുറയ്ക്കാനാണ് അച്ഛൻ ഇങ്ങനെയൊരു സൂത്രം പ്രയോഗിച്ചത്.

എന്നാൽ ഒരു ദിവസത്തിനുള്ളിൽതന്നെ വീഡിയോയ്ക്ക് 18 ലക്ഷം ലൈക്കുകൾ ലഭിച്ചു. ഇതോടെ അച്ഛനും മകനും ഞെട്ടിപ്പോയി. ഇത്രയും അധികം തവണ സ്‌കിപ്പിങ് ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അച്ഛൻ തന്നെ സഹായിക്കണമെന്നും ടാങ്ഡൂ പറയുന്നതും പിന്നീട് പങ്കുവെച്ച വീഡിയോയിലുണ്ട്. ഇത് ഒട്ടേറെപ്പേരെ രസിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത്രയും ലൈക്ക് കിട്ടുമെന്ന് അച്ഛനും മകനും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്നാണ് ചിലർ കുറിച്ചത്.