
ലോസ് ആഞ്ജലിസ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിന്റെ സിഇഒ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ കമ്പനിയുടെ വിജയരഹസ്യം വെളിപ്പെടുത്തി 'സ്റ്റാൻ' എന്ന കമ്പനിയുടെ സിഇഒ ആയ ജോൺ ഹു ആണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്റെ ടീമിന്റെ ഉച്ചഭക്ഷണത്തിനായി മാത്രം ആഴ്ച്ചയിൽ 3000 ഡോളർ (ഏകദേശം രണ്ടര ലക്ഷം രൂപ) ചെലവഴിക്കുമെന്ന് അദ്ദേഹം പറയുന്നു. ഉച്ചഭക്ഷണ സമയത്തെടുത്ത ജീവനക്കാർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പലരും ഇതൊരു അനവാശ്യ ചെലവായി കാണുന്നുണ്ടെങ്കിലും തന്റെ ഏറ്റവും മികച്ച നിക്ഷേപമാണിതെന്ന് ജോൺ ഹു വ്യക്തമാക്കുന്നു. ജോലിക്കാരുടെ വയറ് നിറയ്ക്കുക എന്നതിലുപരി 30 അംഗ ടീമിനെ പരസ്പരം ബന്ധിപ്പിക്കാനുള്ള മാർഗമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. തന്റെ ജീവനക്കാരുടെ ഉന്മേഷവും കാര്യക്ഷമതയും വർധിപ്പിക്കാൻ ഈ ഭക്ഷണ സമയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഭക്ഷണ സമയത്ത് ജീവനക്കാർ ഭക്ഷണം കഴിക്കു മാത്രമല്ല ചെയ്യുന്നത്. അവർ ജീവിതത്തെ കുറിച്ച് സംസാരിക്കുകയും ഒന്നിച്ച് തമാശ പറഞ്ഞ് ചിരിക്കുകയും ജോലിയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലാത്ത ഈ സമയം അവർക്കിടയിൽ പരസ്പര വിശ്വാസവും ബന്ധവും വളർത്താൻ സഹായിക്കുന്നു. ഓഫീസ് പുറത്തെ ഈ സൗഹൃദം ജോലിസ്ഥലത്തെ ടീം വർക്കിനെ കൂടുതൽ സുഗമമാക്കുമെന്നും ജോൺ കുറിച്ചു.
പ്രതിദിനം പലതരം വിഭവങ്ങളും പഴവർഗങ്ങളും അടങ്ങുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ജീവനക്കാർക്കായി നൽകുന്നത്. ഇതിനായി മാത്രം മാസത്തിൽ ഏകദേശം എട്ട് ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ഈ ശീലം കമ്പനിക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്. വെറും 30 ജീവനക്കാരെ വെച്ച് പ്രതിവർഷം 30 മില്ല്യൺ ഡോളർ (ഏകദേശം 250 കോടി രൂപ) വരുമാനം നേടാൻ കമ്പനിക്ക് സാധിച്ചുവെന്നും ജോൺ വെളിപ്പെടുത്തി.
ജോലിസ്ഥലത്തെ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താനും ജീവനക്കാർക്ക് കമ്പനിയോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിച്ചു. ശമ്പളത്തിന് പുറമെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ജീവനക്കാരുടെ മാനസിക സമ്മർദ്ദം അകറ്റി അവരെ കൂടുതൽ ഊർജ്ജസ്വലരാക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: ceo spends rs two lakh a week on team lunches
Published: 10 Jan 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented